UPDATES

ദേശീയം

വിജയം പ്രവചിക്കുമ്പോഴും ബിജെപിക്ക് സ്ഥിതിഗതികള്‍ എളുപ്പമാവാതിരിക്കാനും സാധ്യതകളുണ്ട്, എക്‌സിറ്റ് പോളുകളില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകള്‍

വിവിധ എക്‌സിറ്റ് പോളുകള്‍ക്കിടയിലെ ചില വസ്തുതകള്‍ ബിജെപിയെ എങ്ങനെ ബാധിക്കും

ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം യോജിക്കുന്ന ഒരു വസ്തുത എന്‍ഡിഎയ്ക്കുള്ള മുന്‍കൈയാണ്. ആരും യുപിഎയ്ക്ക് എന്തെങ്കിലും സാധ്യത കല്‍പ്പിക്കുന്നില്ല. നരേന്ദ്ര മോദി വീണ്ടും ഭരണത്തില്‍ വരും എന്ന കാര്യത്തില്‍ ഏകദേശം തീരുമാനത്തില്‍ എത്തുന്ന സര്‍വെകള്‍ക്ക് പക്ഷെ അത് എങ്ങനെ എന്നതിനെ സംബന്ധിച്ച് ഏകാഭിപ്രായമല്ല. അതുപോലെ പല എക്‌സിറ്റ് പോളുകളും ശതമാനക്കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും അത് നല്‍കിയവരില്‍ തന്നെ വലിയ വൈജാത്യം കാണാനുണ്ട്.

എന്‍ഡിഎയുടെ വോട്ട് ശതമാനം 41.1 ശതമാനമായിരിക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്. അതേസമയം 48.5 ശതമാനമായിരിക്കുമെന്ന് ന്യൂസ് 18-ന്റെ പ്രവചനം. സിവോട്ടര്‍ 42. 3 ശതമാനവും പറയുന്നു. 2014-ല്‍ എന്‍ഡിഎയുടെ വോട്ട് ശതമാനം 38.5 ശതമാനമായിരുന്നു. യുപിഎയ്ക്ക് 25 ശതമാനം ആക്‌സിസ് പ്രവചിക്കുമ്പോള്‍, ടൈംസ് നൗ നല്‍കുന്നത് 31.7 ശതമാനമാണ്. സി വോട്ടര്‍ 29.6 ശതമാനമാണ് യുപിഎയ്ക്ക് നല്‍കുന്നത്.

ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഫലത്തെ സംബന്ധിച്ചാണ് എക്‌സിറ്റ് പോളുകള്‍ വ്യത്യസ്ത അഭിപ്രായം കാര്യമായി രേഖപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് 65 സീറ്റാണ് ടുഡേസ് ചാണക്യ പ്രവചിക്കുന്നത്. അതേസമയം ഇന്ത്യ ടുഡെ 33 സീറ്റുകള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് പറയുന്നത്. എബിപി 38 സീറ്റുകളും പറയുന്നു. അതായത് 30 സീറ്റുകളുടെ വ്യത്യാസം വിവിധ സര്‍വെകള്‍ തമ്മിലുണ്ട്. എസ്പി- ബിഎസ്പി സഖ്യത്തിന്റെ കാര്യത്തില്‍ 13 മുതല്‍ 45 സീറ്റുകള്‍വരെയാണ് പ്രവചിക്കപ്പെടുന്നത്. നീല്‍സണ്‍ 45 സീറ്റുകള്‍ പറയുമ്പോള്‍, ചാണക്യ പറയുന്നത് 13 സീറ്റാണ്.

Also Read: എക്സിറ്റ് പോളിലെ ബിജെപി കുതിപ്പിന് നിര്‍ണായകമായത് ഈ സംസ്ഥാനങ്ങള്‍

ഇതേ കാര്യം ബംഗാളിന്റെ കാര്യത്തിലുമുണ്ടെന്നതാണ് ബിജെപിയുടെ സാധ്യതകളുമായി ബന്ധപ്പെട്ട് നിര്‍ണായകമാകുന്നത്. കാരണം ഉത്തര്‍പ്രദേശിലുണ്ടാകുന്ന വലിയ നഷ്ടം ബംഗാളിലും ഒഡീഷയിലും നികത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ബംഗാളില്‍ ന്യൂസ് 18 പറയുന്നത് എന്‍ഡിഎയ്ക്ക് 3 മുതല്‍ 5 വരെ സീറ്റുകളാണ്. ആക്‌സിസ് 19-22 വരെ സീറ്റുകള്‍ ഇരുവിഭാഗത്തിനും, (എന്‍ഡിഎയ്ക്കും തൃണമൂലിനും) നല്‍കുന്നു. സി വോട്ടര്‍ 29 സീറ്റുകള്‍ തൃണമൂലിനും 11 ബിജെപിക്കും നല്‍കുന്നു. കഴിഞ്ഞ തവണ് രണ്ട് സീറ്റുകളാണ് ബിജെപി വിജയിച്ചത്. ഉത്തര്‍പ്രദേശില്‍ 30-നടുത്ത സീറ്റുകള്‍ ലഭിക്കുകയും ബംഗാളില്‍ മൂന്ന് സീറ്റ് മാത്രം ലഭിക്കുകയും ചെയ്താല്‍ അത് ബിജെപിയെ സംബന്ധിച്ച് ആശാസ്യമാകില്ല. അതായത് ഉത്തര്‍പ്രദേശിലും ബംഗാളിലും പ്രവചിക്കപ്പെട്ടതില്‍ ഏറ്റവും കുറവ് സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിക്കുന്നതെങ്കില്‍ ദേശീയ രാഷ്ട്രീയ ചിത്രം കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. 42 സീറ്റുകളാണ് ബംഗാളില്‍ ആകെ ഉള്ളത്. എല്ലാ സര്‍വെകളും ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി പ്രവചിക്കുന്നു.

Also Read: എക്‌സിറ്റ് പോള്‍ തിരിച്ചടിയില്‍ അമ്പരന്ന് പ്രതിപക്ഷം; അണിയറയില്‍ തിരക്കിട്ട ആലോചനകള്‍

ഒഡീഷയിലെ ഫലവും ഈ സങ്കീര്‍ണതയെ വര്‍ധിപ്പിച്ചേക്കാം. എല്ലാ സര്‍വെകളും എന്‍ഡിഎയ്ക്ക് ഒഡീഷയില്‍ നേട്ടമെന്നാണ് പറയുന്നുണ്ട്. 15-19 സീറ്റുകളാണ് ആക്‌സിസ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം ന്യൂസ് 18, 6- 8 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും പറയുന്നു. അതായത് ഉത്തര്‍പ്രദേശില്‍ കുറവ് സീറ്റ് ലഭിക്കുകയും ഒഡീഷയില്‍ ആറ് സീറ്റുകള്‍ മാത്രം ലഭിക്കുകയും ചെയ്താലും എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ ഇപ്പോള്‍ പ്രവചിക്കപ്പെട്ടതുപോലെ എളുപ്പമായിരിക്കണമെന്നില്ല. ബംഗാളിനെ പോലെ ബിജെപി ഏറെ പ്രധാന്യത്തോടെ കണ്ട സംസ്ഥാനമാണ് ഒഡീഷ. 21 സീറ്റുകളുള്ള ഒഡീഷയില്‍ ബിജെഡി കഴിഞ്ഞവട്ടം 20 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് ഒരു സീറ്റാണ്.

Also Read: എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ നടക്കുക ആറ് ഉപതെരഞ്ഞെടുപ്പുകള്‍, രണ്ട് സീറ്റില്‍ ബിജെപിക്ക് പ്രതീക്ഷ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍