UPDATES

ട്രെന്‍ഡിങ്ങ്

തെക്കെ ഇന്ത്യയുടെ പ്രതിഷേധം ഫലിച്ചു, ഹിന്ദി നിര്‍ബന്ധമാക്കുമെന്ന ഭാഗം വിദ്യാഭ്യാസ കരട് നയത്തില്‍നിന്ന് മാറ്റി

വിവിധ രാഷ്ട്രീയ നേതാക്കളും കരട് വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തുവന്നിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഹിന്ദി നിര്‍ബന്ധമാക്കുമെന്ന നിര്‍ദ്ദേശമാണ് മാറ്റിയത്. തമിഴ്‌നാടിന്റെയും മറ്റ് തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. രാജ്യത്തെ ഭാഷാ വൈവിധ്യം തകര്‍ക്കാനാണ് സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു വിമര്‍ശനം.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് മൂന്ന് ഭാഷകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകുമെന്നാണ് ഭേദഗതി ചെയ്ത കരടില്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഹിന്ദി പഠിച്ചിരിക്കണമെന്നായിരുന്നു നേരത്തെ പുറത്തിറിക്കിയ കരട് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഐഎസ്ആര്ഒ മുന്‍ മേധാവി കസ്തുരി രംഗന്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉണ്ടായത്. തമിഴ്‌നാട്ടില്‍നിന്നായിരുന്നു പ്രതിഷേധം ശക്തമായത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് തേനിച്ച കൂട്ടില്‍ കല്ലെറിയുന്നതിന് തുല്യമായിരിക്കുമെന്നാണ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. തമിഴരുടെ രക്തത്തില്‍ ഹിന്ദിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കര്‍ണാടകത്തില്‍ നിന്നും നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തുന്ന കൈയേറ്റമാണ് ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് പകരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മഹാരാഷട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയും കരട് വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദി മാതൃഭാഷയല്ലെന്നും അടിച്ചേല്‍പ്പിച്ച് പ്രകോപിപ്പിക്കാന്‍ നോക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇത്തരത്തില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ സ്വാഗതം ചെയ്തു. ഏറ്റവും സുന്ദരമായ തീരുമാനമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.

Read More: ക്വാറി മാഫിയ ഇടിച്ചു തകര്‍ക്കുന്ന മുണ്ടത്തടത്തെ ആദിവാസി ജീവിതം; കൂട്ടിന് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍