UPDATES

ട്രെന്‍ഡിങ്ങ്

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ ‘വെടിവച്ച’ പൂജ ശകൂൻ പാണ്ഡെ ഹിന്ദു കോടതിയുടെ ‘ചീഫ് ജസ്റ്റിസ്’

ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന നിലപാട് ഹിന്ദു മഹാസഭയ്ക്കുണ്ടായിരുന്നു.

രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്ക്കെതിരെ അഖിൽ ഭാരതീയ ഹിന്ദു മഹാസഭ ‘ബുദ്ധി ശുദ്ധി യജ്ഞ’ങ്ങൾ നടത്തിവന്നിരുന്നു. ഇത്തരമൊരു യജ്ഞത്തിൽ പങ്കെടുക്കാൻ 2015 ഡിസംബര്‍ മാസത്തിൽ പൂജ ശകൂൻ പാണ്ഡെ അലിഗഢിൽ എത്തിയന്റെ വീഡിയോ ഹിന്ദു മഹാസഭ എന്ന ഒരു യൂടൂബ് ചാനൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിലെ ഹിന്ദു മഹാസഭാ അണികളുടെ മുറി ഇംഗ്ലീഷിലുള്ള കമന്റുകൾ പൂജ പാണ്ഡെ ആരാണെന്ന് കാട്ടിത്തരുന്നുണ്ട്. പാകിസ്താനെ ഒരു പാഠം പഠിപ്പിക്കാനും അഖണ്ഡ ഭാരതം യാഥാർത്ഥ്യമാക്കാനും പൂജ പാണ്ഡെക്ക് സാധിക്കുമെന്നാണ് ഒരാളുടെ കമന്റ്. എപ്പോഴും കോപാകുലയായി കാണപ്പെടുന്നതും നേതാവെന്ന നിലയിൽ പൂജയ്ക്ക് ഗുണം ചെയ്യുമെന്നും അയാൾ അഭിപ്രായപ്പെടുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള പൂജയുടെ ഒരു പ്രസംഗം കേട്ടയാളുടേതാണ് മറ്റൊരു കമന്റ്. ഗാന്ധിജി ഇത്ര മോശക്കാരനാണെന്ന് താനറിഞ്ഞിരുന്നില്ലെന്നും ഇത് രാജ്യം മുഴുവൻ നടന്ന് പ്രചരിപ്പിക്കണമെന്നും അയാൾ പറയുന്നു.

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഗാന്ധി വിരോധം ഒരു പുതിയ സംഗതിയല്ല. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്സെ ഒരു ഹിന്ദു മഹാസഭാ നേതാവായിരുന്നു. സവർക്കറുടെ മാർഗ്ഗദർശിയായ വിഡി സവർക്കറും ഹിന്ദു മഹാസഭക്കാരനായിരുന്നു. ഈ സംഘടനയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ആർഎസ്എസ് എന്ന കേഡർ സംഘടനയുടെ പിറവി. പൂജ ശുകൂൻ പാണ്ഡെ തന്റെ സംഘടനയുടെയും, പൊതുവിൽ ഹിന്ദുത്വ സംഘടനകളുടെയും അടിസ്ഥാനപരമായ ഗാന്ധി വിരോധത്തിന്റെ സുവിശേഷകയായിരുന്നു. മറ്റ് ഹിന്ദുത്വ സംഘടനകൾ സമൂഹം സ്വീകരിക്കില്ലെന്ന ഭയത്താൽ തങ്ങളുടെ ഗാന്ധി വിരോധം അത്ര പരസ്യമാക്കാറില്ല. എന്നാൽ ഈ ഹിന്ദു മഹാസഭക്കാരിക്ക് അത്തരം പ്രശ്നങ്ങളില്ല. ഗാന്ധിജിയെ അപമാനിച്ച് സംസാരിക്കുന്നതിന്റെ പേരിൽ ഇവർക്ക് സംഘടനയിൽ അത്യാവശ്യം ആരാധകരുമുണ്ട്.

Also Read: ഗാന്ധിവധം പുനരാവിഷ്‌കരിച്ചതിന് ഹിന്ദു മഹാസഭയ്ക്ക് മറുപണി; വെബ്‌സൈറ്റ് പൂട്ടിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ്

നിലവിൽ‌ ഹിന്ദു മഹാസഭയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് പൂജ ശകൂൻ പാണ്ഡെ. തനിക്ക് ഗണിതത്തിൽ എംഫിലും പിഎച്ചിഡിയുമുണ്ടെന്നാണ് ഇവരുടെ ഫേസ്ബുക്ക് പേജ് അവകാശപ്പെടുന്നത്. പ്രൊഫസറാണെന്നും ഇതിൽ പറയുന്നുണ്ട്. തന്റെ മറ്റൊരു പേരായി ഇവർ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. ഇവർ വിവാഹിതയാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഇവരുടെ ഭർത്താവ് അശോകും ഉണ്ട്.

വിവാദങ്ങളിലൂടെയാണെങ്കിലും ഹിന്ദു മഹാസഭയുടെ ജനങ്ങൾ കുറച്ചെങ്കിലും അറിയുന്ന നേതാവാണ് പൂജ. അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകൾക്കു വേണ്ടി മാത്രമാണ് ഇവർ വാ തുറക്കാറുള്ളത്. അപ്രസക്തമായ സംഘടനയുടെ അപ്രശസ്തയായ നേതാവെന്ന നിലയിൽ നിന്ന് ഇടക്കിടെ ഉയർന്നുപൊങ്ങി ദേശീയ മാധ്യമങ്ങളിൽ ഇടംനേടാൻ പൂജയ്ക്ക് കഴിയാറുണ്ട്. ഇവയിലൊരു സന്ദർഭം മുത്തലാഖ് ബിൽ ചർ‌ച്ചയായ ഘട്ടമായിരുന്നു. മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. ‘സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകും’ -പൂജ വിശദീകരിച്ചു.

മഹാത്മാഗാന്ധിക്കെതിരെ പൂജ പാണ്ഡെ രംഗത്തു വരുന്നത് ഇതാദ്യമായല്ലെന്ന് പറഞ്ഞല്ലോ. 2018 ഓഗസ്റ്റ് 25ന് മഹാത്മാഗാന്ധിയുടെ അനുയായികളെ വെടിവെക്കുമെന്നു പ്രസ്താവിച്ച് ഇവർ ദേശീയമാധ്യമങ്ങളുടെ വാർത്തകളിൽ കയറിക്കൂടുകയുണ്ടായി. യുപിയിലെ മീററ്റിൽ വെച്ചായിരുന്നു ഇത്. ഗോഡ്സെയുടെ കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ ഗോഡ്സെക്കും മുമ്പ് താൻ ഗാന്ധിയെ കൊലപ്പെടുത്തുമായിരുന്നെന്നും, ഗാന്ധിയൻ തത്വചിന്ത രാജ്യത്ത് നിരോധിക്കണമെന്നും അവർ പറയുകയുണ്ടായി. പൊതുവിൽ സംഘപരിവാർ സംഘടനകളുടെയെല്ലാം വികാരമാണിതെങ്കിലും അവർ ഒരിക്കലും പുറത്തുപറയാത്ത കാര്യം കൂടിയാണ് ഗാന്ധിജിയോടുള്ള വിദ്വേഷം. പ്രായോഗിക ബുദ്ധി കൂടുതൽ ആർഎസ്എസ്സിനാണെന്നു കണ്ട് സ്വാതന്ത്ര്യാനന്തരം മിക്ക ഹിന്ദു മഹാസഭാ നേതാക്കളും ആർഎസ്എസ്സിൽ ചേരുകയാണുണ്ടായത്.

Read More: രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാഗാന്ധിയെ ‘വെടിവച്ച്’ ഹിന്ദു മഹാസഭ നേതാവ്

ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന നിലപാട് ഹിന്ദു മഹാസഭയ്ക്കുണ്ടായിരുന്നു. ഇത് പ്രാവർത്തികമാക്കിയത് പൂജ പാണ്ഡെയാണ്. 2018 ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ ആദ്യത്തെ ‘ഹിന്ദു കോടതി’ തങ്ങൾ സ്ഥാപിച്ചതായി അഖിൽ ഭാരതീയ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു. ആദ്യത്തെ ‘ചീഫ് ജസ്റ്റിസ്സാ’യി പൂജ പാണ്ഡെയെയും നിശ്ചയിച്ചു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു ‘ജഡ്ജി’യായുള്ള പൂജയുടെ സ്ഥാനാരോഹണം.

ശരീഅത്ത് കോടതികള്‍ നിരോധിക്കണമെന്നും അത്തരം കോടതികൾ നിലനിൽക്കുകയാണെങ്കില്‍ ഹിന്ദുക്കളും സമാനമായ കോടതികൾ സ്ഥാപിക്കുമെന്നും ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുനെന്നും നിരോധനം നടക്കാത്തതിനാലാണ് ഹിന്ദു കോടതി സ്ഥാപിക്കുന്നതെന്നും സ്ഥാനാരോഹണച്ചടങ്ങിൽ വെച്ച് പൂജ പറയുകയുണ്ടായി. ജയിലുകളും മരണശിക്ഷയുമുള്ള നീതിന്യായ സംവിധാനമാണ് തങ്ങളുടേതെന്ന് ഹിന്ദു മഹാസഭയുടെ വൈസ് പ്രസിഡണ്ടായ പണ്ഡിറ്റ് അശോക് വർമയുടെ പ്രസ്താവനയും വന്നു.

‘ഹിന്ദു കോടതി’യെന്ന പേരിൽ സമാന്തര കോടതിയും, മരണശിക്ഷ വരെ നൽകുന്ന നീതിന്യായ സംവിധാനവും സ്ഥാപിച്ച് നിലവിലുള്ള ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് സർക്കാർ അനങ്ങുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍