UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിമിനെ വിശ്വാസമില്ല; ‘ഹിന്ദു പ്രതിനിധി’ വേണം: ഉപഭോക്താവിന്റെ ആവശ്യം അംഗീകരിച്ച എയർടെലിനെ ഉപേക്ഷിക്കുമെന്ന് ഒമർ അബ്ദുള്ള

“പ്രിയപ്പെട്ട ഷൊഹൈബ്, നിങ്ങളൊരു മുസ്ലിമാണ്. നിങ്ങളുടെ തൊഴിൽപരമായ നൈതികബോധത്തിൽ എനിക്ക് വിശ്വാസമില്ല.”

തന്നോട് ആശയവിനിമയം നടത്താൻ ഒരു ഹിന്ദു പ്രതിനിധിയെ ഏർപ്പാടാക്കിത്തരണമെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചെന്നാരോപിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. എന്നാൽ ഉപഭോക്താക്കളെ ജാതിമതാടിസ്ഥാനത്തിൽ വിഭജിച്ചു കാണാറില്ലെന്ന് പ്രതികരിച്ച് എയർടെൽ രംഗത്തെത്തി.

പൂജാ സിങ് എന്നയാളാണ് ട്വിറ്ററിൽ എയർടെൽ ഇന്ത്യയോട് വിചിത്രമായ ആവശ്യമുന്നയിച്ചത്. ഡിടിഎച്ച് കണക്ഷൻ സംബന്ധിച്ച് പരാതിപ്പെട്ട തന്നോട് എയർടെല്ലിന്റെ സർവ്വീസ് എൻജിനീയർ മോശമായി പെരുമാറിയെന്നായിരുന്നു പൂജയുടെ ആദ്യത്തെ പരാതി. ഇതിനോട് പ്രതികരിച്ചത് എയർടെൽ കസ്റ്റമർ സർവ്വീസിലെ ഷൊഹൈബ് എന്ന ജീവനക്കാരനായിരുന്നു. പ്രശ്നം തങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഇയാൾ പൂജയെ അറിയിച്ചു.

ഈ ട്വീറ്റിന് മറുപടിയായാണ് പൂജ തന്നോട് പ്രതികരിക്കാൻ ‘ഹിന്ദു പ്രതിനിധി’ വേണമെന്നാവശ്യപ്പെട്ടത്. “പ്രിയപ്പെട്ട ഷൊഹൈബ്, നിങ്ങളൊരു മുസ്ലിമാണ്. നിങ്ങളുടെ തൊഴിൽപരമായ നൈതികബോധത്തിൽ എനിക്ക് വിശ്വാസമില്ല. കാരണം നിങ്ങൾ ഖുറാൻ പറയുന്ന നൈതികതയിലാണ് വിശ്വസിക്കുന്നത്. കസ്റ്റമർ സർവ്വീസ് സംബന്ധിച്ച് അവർക്കുള്ളത് വേറൊരു നൈതികചിന്തയായിരിക്കാം. എന്റെ അപേക്ഷ പരിഗണിക്കാൻ ഒരു ഹിന്ദു പ്രതിനിധിയെ വേണമെന്ന് അപേക്ഷിക്കുന്നു.”

ഇതിനു പിന്നാലെ പൂജയുടെ പരാതിയിൽ മറുപടി നൽകാനെത്തിയത് ഗഗൻജോത് എന്നയാളായിരുന്നു. പൂജ സിങ്ങിന്റെ വർഗീയമായ ആവശ്യത്തോട് എയർടെൽ അനുകൂലമായി പ്രതികരിച്ചെന്ന ആരോപണമുയർന്നു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായെത്തിയത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ്. അസഹിഷ്ണുതാപരമായ സമീപനത്തെ തുറന്ന് അനുകൂലിച്ച എയർ‌ടെല്ലിന് ഇനിയൊരു നയാപൈസ കൊടുക്കാൻ തയ്യാറല്ലെന്നും നമ്പർ പോർട്ട് ചെയ്യാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 18ന് രാവിലെ 6.50നു വന്ന ഈ ട്വീറ്റിനു പിന്നാലെ 7.48ന് എയർടെല്ലിന്റെ പ്രതികരണം വന്നു. മതവിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു വിശദീകരണം.

മാധ്യമപ്രവർത്തക ബർഖ ദത്ത് പൂജ സിങ്ങിന്റെ വർഗീയമനസ്ഥിതിയെ വിമർശിച്ച് രംഗത്തെത്തി. ഇന്ത്യൻ ആർമിയുടെ ആരാധികയാണെന്ന് പറയുന്ന പൂജ ആ യൂണിഫോമിനെ നാണം കെടുത്തുന്ന മുൻവിധികളാണ് കൊണ്ടുനടക്കുന്നതെന്ന് ബർഖ പറഞ്ഞു.

കൊടുങ്ങല്ലൂർ ഭഗവതിക്കാവിലെ പോർച്ചുഗീസ് മണി; കേരളീയ ആചാരാനുഷ്ഠാനങ്ങളിലെ രാഷ്ട്രീയ സ്വാധീനം: ഒരന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍