UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം മറ്റ് കാര്യങ്ങള്‍ക്കും ചെലവഴിക്കുന്നു, ഇത് പുന:പരിശോധിക്കണമെന്ന് ശശി തരൂര്‍; വിവാദ പരാമര്‍ശം പുതിയ പുസ്തകത്തില്‍

ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഈയടുത്ത് പ്രചരണം ശക്തമാക്കിയിരുന്നു

നരേന്ദ്ര മോദി ‘സ്തുതി’യുണ്ടാക്കിയ വിവാദങ്ങള്‍ക്ക് പിന്നാലെ, ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം സംബന്ധിച്ച വിവാദ നിലപാടുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഹിന്ദു ക്ഷേത്രത്തിലെ വഴിപാടുകളില്‍ നിന്നും മറ്റുമുള്ള വരുമാനം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കും ചിലവാക്കുന്നു, ഇതില്‍ പുന:പരിശോധന ആവശ്യമാണ് എന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘ദി ഹിന്ദു വേ’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ പുസ്തകത്തിന്റെ പ്രസാധനത്തിന് മുന്നോടിയായി ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ മനോജ്‌ സി.ജിയുമായി നടത്തിയ സംഭാഷണത്തില്‍ ഇക്കാര്യം തരൂര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രചരണം ഈയടുത്ത് ശക്തമാവുകയും ഇക്കാര്യം തള്ളിക്കളഞ്ഞു കൊണ്ട് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വാദം തന്നെയാണ് തന്റെ പുസ്തകത്തില്‍ തരൂര്‍ ആവര്‍ത്തിച്ചിരിക്കുന്നത് എന്ന് ആരോപണമുണ്ട്.

പുസ്തകത്തിന്റെ 219-ആം പേജില്‍ തരൂര്‍ എഴുതുന്നു: “‘മതനിരപേക്ഷത എന്ന വാക്ക് മതം നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ തെറ്റായാണ് ഉപയോഗിക്കപ്പെടുന്നത്. നമ്മള്‍ കാര്യമായി സംസാരിക്കേണ്ടത് ബഹുസ്വരതയെക്കുറിച്ചാണ്. മതേതരത്വത്തിന്റെ ഇന്ത്യന്‍ വേര്‍ഷനില്‍ മുസ്ലീം വഖഫ് ബോര്‍ഡിനും ബുദ്ധിസ്റ്റ് മൊണാസ്ട്രികള്‍ക്കും ചില ക്രിസ്ത്യന്‍ മത സ്ഥാപനങ്ങള്‍ക്കും ഉദാരമായി പണം നല്‍കുന്നു. അതേസമയം ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും ഉടമസ്ഥാവകാശത്തിനും നടത്തിപ്പിനും സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. വഴിപാടുകളില്‍ നിന്നും മറ്റും ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന രീതിയില്‍ തന്നെ അതുപയോഗിക്കുന്നുണ്ട്, അതുപോലെ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ ഒരു പുന:പരിശോധന ആവശ്യമാണ്‌”, തരൂര്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട്, എന്തുകൊണ്ടാണ് പുന:പരിശോധന വേണമെന്ന് പറയുന്നതെന്ന ലേഖകന്റെ ചോദ്യത്തിന് മറുപടിയായി തരൂര്‍ ഇങ്ങനെ പറയുന്നു: “നമ്മള്‍ മതേതരത്വം ഒക്കെ കൈകാര്യം ചെയ്യുന്ന രീതികള്‍ ഇന്ത്യന്‍ ബഹുസ്വരതയുടേയും വൈവിധ്യത്തിന്റേയും ഏറ്റവും വലിയ ശത്രുക്കള്‍ക്ക് ആയുധം നല്‍കി. എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നു എന്ന് പറയാന്‍ എളുപ്പമാണ്. രാജ്യത്തിന്റെ ഖജനാവില്‍ നിന്നുള്ള പണം സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് നല്‍കുന്നുണ്ട്, മത ന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ. അത് മറ്റൊരു കാര്യമാണ്. എന്നാല്‍ വിവിധ മതങ്ങളെ പല രീതിയില്‍ പരിഗണിക്കുമ്പോള്‍ അതുവരെ അത്തരമൊരു മതബോധമില്ലാതിരുന്ന ആളുകളെ ആ രീതിയില്‍ ചിന്തിപ്പിക്കാന്‍ അത് പ്രേരിപ്പിക്കും”.

അയോധ്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ജനലക്ഷങ്ങളുടെ വിശ്വാസം മാനിക്കപ്പെടണമെന്നാണ് എല്ലാക്കാലത്തും തന്റെ നിലപാടെന്ന് തരൂര്‍ പറയുന്നു. അവിടെ  രാമക്ഷേത്രമുണ്ടായിരുന്നതായി തെളിവുണ്ടെങ്കില്‍, ലക്ഷക്കണക്കിന് പേര്‍ക്ക് അങ്ങനെയൊരു വിശ്വാസമുണ്ട്, അക്കാര്യം പരിഗണിച്ച് മറ്റ് സമുദായക്കാരുടെ വിശ്വാസം വ്രണപ്പെടുത്താതെ അവിടെ ക്ഷേത്രം നിര്‍മ്മിക്കാവുന്നതായിരുന്നു എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അക്രമമഴിച്ചുവിട്ട്, പള്ളി തകര്‍ത്ത് ഇക്കാര്യത്തില്‍ സമാധാനപരമായ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയെ തടയുകയായിരുന്നു. അത് ഇന്ത്യയുടെ മന:സാക്ഷിക്കേറ്റ മുറിവാണിത്. ഇപ്പോള്‍ ഇത് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തീരുമാനം അവര്‍ പറയട്ടെയെന്നും തരൂര്‍ വ്യക്തമാക്കി.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമുള്ളതല്ല എന്നും തരൂര്‍ പറയുന്നുണ്ട്. അതേസമയം അത് പിന്‍വലിച്ച രീതി ഭരണഘടന ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു. “ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന കാര്യത്തില്‍ സംശയവുമുണ്ടാകാന്‍ പാടില്ല. അതേസമയം ആര്‍ട്ടിക്കിള്‍ 370യെ എല്ലാ കാലത്തും നമ്മള്‍ പ്രതിരോധിക്കുകയാണോ എന്ന് സംശയമുണ്ട്. അല്ല എന്നാണ് ഉത്തരം. നെഹ്രുജിയടക്കം പറഞ്ഞത്, ആവശ്യമുള്ള കാലത്തോളം മാത്രം നിലനില്‍ക്കണം, എന്നാല്‍ എക്കാലത്തേയ്ക്കും നിലനിര്‍ത്തേണ്ടതില്ല എന്നാണ്. അതേസമയം അത് പിന്‍വലിച്ച രീതി, ഭരണഘടനയുടെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല, അതിന്റെ ലംഘനമാണത്. കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി ആലോചിച്ച്, അവരെ വിശ്വാസത്തിലെടുത്ത് വേണമായിരുന്നു ഇത്തരമൊരു നടപടി സ്വീകരിക്കാന്‍. എന്തുകൊണ്ട് ഇത് പിന്‍വലിക്കാന്‍ പാടില്ല എന്നതില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ളവര്‍ക്ക് അവസരം നല്‍കണമായിരുന്നു. അതേസമയം അത് എക്കാലത്തേയ്ക്കും നിലനിര്‍ത്തേണ്ടതാണ് എന്ന അഭിപ്രായം എനിക്കില്ല. അത് അങ്ങനെ ഉദ്ദേശിച്ച് ഉണ്ടാക്കിയതുമല്ല. എന്നാല്‍ ക്രൂരമായ തരത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നത് നമ്മളും പാകിസ്താനും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതാക്കും. പാകിസ്താന്‍ ഗില്‍ജിത്ത് ബാള്‍ട്ടിസ്താനിലും പാക് അധീന കാശ്മീരിലും ചെയ്തുകൊണ്ടിരിക്കുന്നതിനെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ തന്നെയാണ് നമ്മള്‍ ജമ്മു കാശ്മീരിലും ചെയ്തത് “- തരൂര്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ഒരു മോശം ആശയമാണ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല എന്നും തരൂര്‍ പറഞ്ഞു. അതേസമയം സമുദായങ്ങള്‍ക്ക് സാമൂഹ്യവും സാംസ്‌കാരികവുമായ ചില രീതികള്‍ സംരക്ഷിക്കണമെന്നുണ്ടാകും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാല്‍ സമൂഹത്തില്‍ കൂടുതല്‍ സഹവര്‍ത്തിത്വം സാധ്യമാകുമെന്നുള്ള വാദങ്ങള്‍ ഉണ്ട് എന്ന് ഇത്തരം സമുദായങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറയുന്നു.

Read Azhimukham: “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യഗ്രഹ നായകനായ ആമചാടി തേവനെ മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍