UPDATES

സ്ത്രീപ്രവേശന വിധി മാറ്റിത്തീർക്കുക ആർത്തവകേന്ദ്രിത ആരാധനാ നിയമങ്ങളെ; എല്ലാ മതങ്ങളും പ്രാകൃതാചാരങ്ങൾ മാറ്റേണ്ടി വരും

ശബരിമല അയ്യപ്പക്ഷേത്രത്തിന് ഒരു മത ഉപവിഭാഗമെന്ന പദവിക്ക് അർഹതയുണ്ടെന്ന വാദത്തെ തള്ളുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം

സ്ത്രീകളെ ആർത്തവം അടിസ്ഥാനമാക്കിയും അല്ലാതെയും അകറ്റി നിറുത്തുന്ന നിരവധി ആരാധനാ സമ്പ്രദായങ്ങൾ ഇന്ത്യയിലുണ്ട്. ഇവയ്ക്ക് പല കാലങ്ങളിലും രാഷ്ട്രീയ നേതൃത്വം ഇടപെട്ട് നിയമപരതയും നൽകിയിട്ടുണ്ട്. ശബരിമലയുടെ കാര്യം തന്നെയെടുത്താൽ 1965ലെ ക്ഷേത്രപ്രവേശന നിയമത്തിൽ ശബരിമലയിലെ സ്ത്രീനിരോധനത്തിന് നിയമപരത നല്‍കിയിട്ടുണ്ട്. ആർത്തവാടിസ്ഥാനത്തിലാണ് ശബരിമലയിലെ സ്ത്രീനിരോധനമെന്നിരിക്കെ ഈ നിയമവും അതിനെ സാധൂകരിക്കുന്നതാണ്. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ ഇന്നത്തെ വിധിയിൽ റദ്ദ് ചെയ്തിട്ടുണ്ട്.

ജീശാസ്ത്രപരമായ ചില പ്രത്യേകതകളുടെ (ആര്‍ത്തവം) അടിസ്ഥാനത്തില്‍ സ്ത്രീകളെ മാറ്റി നിറുത്തുന്ന ശബരിമലയിലെ ആചാരം അയിത്തം ആയി മാറുന്നുണ്ടോ എന്ന നിർണായകമായ ചോദ്യത്തിന് ശബരിമലയുമായി ബന്ധപ്പെട്ടു നടന്ന മാരത്തോൺ വാദപ്രതിവാദത്തിൽ ഉത്തരം തേടിയിരുന്നു. പ്രസ്തുത ആചാരം ഭരണഘടനയുടെ 14, 15, 17 വകുപ്പുകളെ ലംഘിക്കുന്നുണ്ടോയെന്നും ഭരണഘടനയുടെ 25, 26 വകുപ്പുകൾ പറയുന്നതു പ്രകാരമുള്ള ‘മൂല്യങ്ങളു’ടെ സംരക്ഷണം നിഷേധിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കപ്പെട്ടു.

ആർത്തവം ഒരു പ്രശ്നം തന്നെയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിധിന്യായവും സൂചിപ്പിക്കുന്നത്. എങ്കിലും ഭൂരിപക്ഷ വിധി ഈ നിലപാടുകൾക്ക് എതിരായതോടെ രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിലും മോസ്കുകളിലും ചർച്ചുകളിലും ഇതര മത കേന്ദ്രങ്ങളിലും സ്ത്രീപ്രവേശനം പ്രശ്നവൽക്കരിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം ചർ‌ച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഇന്ദു മൽഹോത്ര തന്നെയും ഈ വിഷയം തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം എല്ലാ മതങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നായിരുന്നു അവരുടെ വാദം.

ആർത്തവകാലത്ത് ക്ഷേത്രങ്ങളിൽ കയറരുതെന്ന മതനിയമം താരതമ്യേന ശക്തമാണ് കേരളത്തിൽ. ഇത്തരം ആചാരം നിലവിലില്ലാത്ത കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നെത്തിയ ജയമാല എന്ന നടി അയ്യപ്പവിഗ്രഹത്തെ തൊട്ടുവെന്ന് അവകാശപ്പെട്ട് രംഗത്തു വന്നത് ഓർക്കുക. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള ഈ അനാചാരം കുറച്ചു കാലമെടുത്താണെങ്കിലും മാറുവാൻ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ കാരണമാകുമെന്നുറപ്പ്.

ഭൂരിപക്ഷ വിധികളും വിയോജനവും

ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അഞ്ചിൽ നാല് പേരുടെ പിന്തുണയാടെയാണ് പുറത്തുവന്നത്. ഭരണഘടനാബഞ്ചിൽ അംഗമായ ഇന്ദു മൽഹോത്രയാണ് വിയോജിപ്പ് പ്രകടിപ്പിച്ച് വിധിയെഴുതിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർഎഫ് നരിമാൻ, ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധിയെഴുതി.

ശബരിമല അയ്യപ്പക്ഷേത്രത്തിന് ഒരു ‘മത ഉപശാഖ’യെന്ന പദവിക്ക് അർഹതയുണ്ടെന്ന വാദത്തെ തള്ളുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം പ്രധാനമായും ചെയ്തത്. ഒരു നിയമപരമായി സ്ഥാപിതമായ ഒരു ബോർഡിനാൽ ഭരിക്കപ്പെടുകയും, ഭരണഘടനയുടെ 290-എ വകുപ്പു പ്രകാരം സർക്കാർ ഫണ്ട് വാങ്ങുകയും ചെയ്യുന്ന സ്ഥാപനമാണ് ശബരിമല ക്ഷേത്രം. ഇത്തരമൊരു സ്ഥാപനത്തിന് ഭരണഘടനാതത്വങ്ങളും, വകുപ്പ് 14, 15(3), 39(a) എന്നിവ മുമ്പോട്ടുവെക്കുന്ന മൂല്യങ്ങളും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടാനാകുമോ എന്ന നിർണായകമായ ചോദ്യമാണ് ഈ വാദത്തെപ്രതി ഉയർന്നി വന്നിരുന്നത്. ഇതിന് അസന്ദിഗ്ധമായ ഉത്തരം ചീഫ് ജസ്റ്റിസ്സിന്റെ വിധിന്യായത്തിലുണ്ട്. ശബരമല ക്ഷേത്രത്തിന് പ്രത്യക മത ഉപവിഭാഗമെന്ന പദവി അവകാശപ്പെടാനാകില്ല എന്നതാണത്.

1965ലെ കേരള ക്ഷേത്രപ്രവേശന നിയമത്തിന്റെ 3(b) ചട്ടം റദ്ദാക്കി

1965ലെ കേരള ക്ഷേത്രപ്രവേശന നിയമം [Kerala Hindu Places of Public Worship (Authorisation of Entry)] അനുശാസിക്കുന്ന 3(b) ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ്സിന്റെ വിധി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരം മതാചാരം പാലിക്കാനുള്ള ഹിന്ദുസ്ത്രീയുടെ അവകാശം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്നതാണ് കേരള സർക്കാർ പാസ്സാക്കിയ പ്രസ്തുത നിയമം.

പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ വിലക്കുന്നത് മതത്തിന്റെ അവിഭാജ്യഘടകമല്ലെന്നും അദ്ദേഹത്തിന്റെ വിധിന്യായം പറഞ്ഞു.

ജസ്റ്റിസ് റോഹിന്‍റ്റൺ നരിമാനും ക്ഷേത്രപ്രവേശന വിലക്ക് ഭരണഘടനയുടെ 25(1) ആർട്ടിക്കിളിന്റെ ലംഘനമാണെന്ന് നരിമാന്റെ വിധിന്യായം പറഞ്ഞു. കേരള ക്ഷേത്രപ്രവേശന നിയമ (1965)ത്തിലെ 3(b) വകുപ്പ് നരിമാൻ റദ്ദ് ചെയ്ത് വിധിയെഴുതി.

ഭരണഘടനയുടെ പതിനേഴാം വകുപ്പിന് പുതിയ മാനം

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഭരണഘടനയുടെ 25ാം വകുപ്പ് ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. ഈ വകുപ്പ് എല്ലാ വ്യക്തികളെയും സംരക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ സ്ത്രീകളും ഉൾപ്പെടും. സ്ത്രീയുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്ന് വിധിന്യായം പറഞ്ഞു. സ്ത്രീകളെ കുറഞ്ഞവരായിക്കാണുന്നത് ഭരണഘടനാപരമായ സദാചാരത്തിന് നിരക്കാത്തതാണ്. ശരീരപരമായ സവിശേഷതകൾ അവകാശങ്ങളെ ഹനിക്കാനുള്ള മാർഗമാകരുത്. ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന വാദമുന്നയിച്ച് പ്രസ്തുത വകുപ്പിന്റെ വ്യാഖ്യാനത്തിന് പുതിയ മാനം നൽകുകയും ചെയ്തു അദ്ദേഹം.

ഇന്ദു മൽഹോത്രയുടെ വിയോജനം

ഭൂരിപക്ഷവിധിക്ക് വിയോജനക്കുറിപ്പെഴുതിയ വിധി ഇന്ദു മൽഹോത്രയുടേതായിരുന്നു. ഇത് ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ പതിന്നാലാം വകുപ്പിനെ എല്ലാ മതാചാരങ്ങളെയും വിലയിരുത്താൻ ഉപയോഗിക്കരുതെന്ന് അവർ പറഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന് പറയുന്ന വകുപ്പാണ് ആർട്ടിക്കിൾ പതിന്നാല്. ജാതിയോ മതമോ ലിംഗമോ ജനനസ്ഥലമോ വംശമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ലെന്ന് ഭരണഘടനയുടെ ഈ വകുപ്പ് അനുശാസിക്കുന്നു.

മതപരമായ കാര്യങ്ങളിൽ കോടതിയല്ല മതത്തെ പാലിക്കുന്ന സമുദായമാണ് തീർപ്പ് കൽപ്പിക്കേണ്ടതെന്ന് ഇന്ദു മൽഹോത്ര പറഞ്ഞു. മതത്തിന്റെ കാര്യത്തിൽ യുക്തിപരമായ ആലോചനകളെ കൊണ്ടുവരരുത്. അയ്യപ്പക്ഷേത്രം ഒരു മത ഉപവിഭാഗമാണെന്നതിന് ശക്തമായ വാദഗതികൾ ഉന്നയിക്കപ്പെട്ടതായും അവർ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍