UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗർഭിണിക്ക് രക്തദാനത്തിലൂടെ എച്ച്ഐവി ബാധിച്ച സംഭവം: 19കാരനായ രക്തദാതാവ് ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്ത യുവാവിന്റെ ബന്ധുക്കൾ മ‍ൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ എത്തിയിട്ടില്ല.

ഗർഭിണിക്ക് രക്തദാനത്തിലൂടെ എയ്ഡ്സ് ബാധിച്ച സംഭവത്തിൽ രക്തദാതാവായ യുവാവ് ആത്മഹത്യ ചെയ്തു. വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 19കാരനാണ് മരിച്ചത്. ഇയാൾ തനിക്ക് എച്ച്ഐവി ബാധയുള്ള വിവരം അറിയാതെയാണ് രക്തദാനം ചെയ്തത്. തമിഴ്നാട്ടിലെ സത്തൂരിലെ യുവതിക്കാണ് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി പകർന്നത്.

വിദേശത്ത് പോകാനൊരുങ്ങുകയായിരുന്ന യുവാവ് അതിനാവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തിയപ്പോഴാണ് തനിക്ക് എച്ച്ഐവി ബാധയുള്ള വിവരം അറിയുന്നത്. ഇക്കാര്യം ഇദ്ദേഹം ഉടൻ തന്നെ താൻ രക്തദാനം ചെയ്ത സ്ഥാപനത്തിന്റെ അധികാരികളെ അറിയിച്ചു. ഇവരുടെ പരിശോധനയിൽ യുവാവിന്റെ രക്തം വിരുതുനഗർ ജില്ലയിലെ ശിവകാശി താലൂക്കിലുള്ള ഗർഭിണിയായ യുവതിക്ക് നൽകിയിരുന്നതായി വെളിപ്പെട്ടു. 23കാരിയായ യുവതിക്ക് ഇപ്പോൾ ആന്റിറിട്രോവൈറൽ ചികിത്സ നല്‍കുകയാണ് അധികൃതർ. രക്തം പരിശോധന കൂടാതെ ഗർഭിണിക്ക് നൽകിയ മൂന്ന് ലാബ് ടെക്നീഷ്യൻമാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്.

യുവതി പ്രസവിക്കുന്ന കുഞ്ഞിന് എച്ച്ഐവി ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡോക്ടർമാർ ഇപ്പോൾ നടത്തുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും എല്ലാ ചികിത്സാച്ചെലവുകളും വഹിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

നിലവിൽ മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. അതെസമയം ആത്മഹത്യ ചെയ്ത യുവാവിന്റെ ബന്ധുക്കൾ മ‍ൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ എത്തിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍