UPDATES

ട്രെന്‍ഡിങ്ങ്

ആധാര്‍ അത്ര നിഷ്കളങ്കമല്ല; ഭരണകൂടത്തിന്റെ നിരീക്ഷണവും അവകാശങ്ങള്‍ ഇല്ലാതാകലും ഒരുപോലെ സംഭവിക്കും

ആധാര്‍ പ്രചരിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ക്ഷേമ പദ്ധതികളെ ഉപയോഗിക്കുന്നത്

സ്വാതന്ത്ര്യവാദികളുടെയും ബുദ്ധിജീവികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും എന്തിന് സുപ്രീം കോടതിയുടെ തന്നെയും ദുര്‍ബലമായ എതിര്‍പ്പുകളെ അതിജീവിച്ച് ഇന്ത്യന്‍ ജനത ഭരണകൂട നിരീക്ഷണത്തിന്റെ കെണിയില്‍ വീണിരിക്കുന്നു. എല്ലാവര്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കുന്നതോടെ പ്രത്യേകിച്ച് പുതിയ നടപടികള്‍ ഒന്നും കൂടാതെ തന്നെ ഇന്ത്യയിലെ പൗരന്മാരെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതോടെ സര്‍ക്കാരുകളോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിശബ്ദമാക്കപ്പെടുകയാണെന്ന് റാഞ്ചി സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഴാങ് ഡ്രീസ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാരുകള്‍ക്ക് എതിരായി നടക്കാതിരിക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും ശ്രദ്ധിക്കുന്നു. തങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുമെന്ന് എന്‍ജിഒകള്‍ ഭയപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നതില്‍ വൈസ് ചാന്‍സിലര്‍മാരും പ്രിന്‍സിപ്പള്‍മാരും പരാജയപ്പെടുന്നു. സുരക്ഷ കാര്യങ്ങളില്‍ ഭരണകൂടത്തെ സംരക്ഷിച്ചു നിറുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നു. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരായോ അനുകൂലമായോ നീങ്ങാന്‍ അന്വേഷണ ഏജന്‍സികള്‍ മുതിരുന്നു. ദേശീയത എന്നാല്‍ സര്‍ക്കാരിനോടുള്ള വിധേയത്വമാണെന്ന് തെറ്റിധരിപ്പിക്കപ്പെടുന്നു. ആധാര്‍ എന്ന വജ്രായുധം നടപ്പിലാക്കിയതോടെ വിധേയത്വത്തിന് പ്രതിഫലം നല്‍കാനും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും ഭരണകൂടത്തിന് എളുപ്പത്തില്‍ സാധിക്കുന്നു.

ആധാറിനെ സംബന്ധിച്ച നിരവധി നുണകളുടെ ഒരു സഞ്ചയത്തിന്റെ കെട്ടഴിച്ചുകൊണ്ടാണ് വളരെ എളുപ്പത്തില്‍ സര്‍ക്കാര്‍ ഇത്രയും അധികാരങ്ങള്‍ നേടിയെടുത്തത്. ആധാര്‍ എന്ന വജ്രായുധത്തെ കുറിച്ച് നിരവധി നുണകളും മിത്തുകളും ഭാവനകളും പ്രചരിപ്പിക്കപ്പെട്ടു. സ്വന്തമായി താത്പര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ എടുത്താല്‍ മതിയെന്നായിരുന്നു ആദ്യം പറഞ്ഞത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ആധാര്‍ വഴിയാക്കിക്കൊണ്ട് ഇതൊരു കല്ലുവെച്ച നുണയാണെന്ന് ഇപ്പോള്‍ കൃത്യമായും വെളിപ്പെട്ടിരിക്കുന്നു.

ക്ഷേമ പദ്ധതികളെ സഹായിക്കാനാണ് ആധാര്‍ എന്നതായിരുന്നു മറ്റൊരു ഐതീഹ്യം. എന്നാല്‍ സത്യം മറിച്ചാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ആധാര്‍ പ്രചരിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ക്ഷേമ പദ്ധതികളെ ഉപയോഗിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് പോലും ആരും ഓര്‍ക്കുന്നില്ല. ആധാര്‍ കാര്‍ഡില്‍ പേര് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി അദ്ധ്വാനിച്ച ഒരു തൊഴിലാളിക്ക് ഇന്ന് വേതനം ലഭിക്കില്ല. ഒരു വിധവയുടെ പേര്, ജനന തീയതി തെറ്റായാണ് ചേര്‍ത്തിരിക്കുന്നതില്‍ അവര്‍ക്ക് അതിജീവിക്കാനുള്ള പെന്‍ഷന്‍ ലഭിക്കില്ല. പൊതുവിതരണ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ആധാര്‍ ഒരു ദുരന്തമായി കലാശിച്ചിരിക്കുന്നു. ബയോമെട്രിക് ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള ആധാറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഝാര്‍ഖണ്ഡിലെയും രാജസ്ഥാനിലെയും ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് ഭക്ഷ്യ റേഷന്‍ ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു.

അഴിമതിക്കെതിരായ എന്തോ ദിവ്യായുധമാണ് ആധാര്‍ എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ട മറ്റൊരു നുണ. യഥാര്‍ത്ഥ അവകാശികളിലേക്ക് സര്‍ക്കാര്‍ പണമെത്താന്‍ ആധാര്‍ സഹായിക്കും എന്ന പ്രചരണത്തില്‍ ബഹുഭൂരിപക്ഷവും വീണു. എന്നാല്‍ തിരിച്ചറിയല്‍ തട്ടിപ്പ് പോലുള്ള അഴിമതികളെ മാത്രമേ ആധാറിന് തടയാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ കാശ് തട്ടിച്ച് ഒരു കരാറുകാരന്‍ കടന്നുകളഞ്ഞാല്‍ ആധാറിന് നോക്കി നില്‍ക്കാനേ ആകൂ. അല്ലെങ്കില്‍, പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ ജനത്തിന് തൂക്കത്തട്ടിപ്പ് നടത്തുന്ന ഒരു വ്യാപാരിയെ ആധാറിന് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല വളരെ ദുര്‍ബലമായ സംവിധാനങ്ങളെ തകര്‍ക്കാനും ആശക്കുഴപ്പം സൃഷ്ടിക്കാനും ഇതിന് സാധിക്കുകയും ചെയ്യും. ചില ചെറിയ രൂപത്തിലുള്ള അഴിമതികള്‍ തടയാം എന്നതിനപ്പുറം പ്രചരിപ്പിക്കപ്പെട്ടത് പോലെ അത് മാന്ത്രിക വടിയൊന്നുമല്ല.

സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ആധാര്‍ സഹായിക്കും എന്നത് പോലെയുള്ള വ്യാജ അവകാശവാദങ്ങളും ധാരാളമായി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അടഞ്ഞ വാതിലിന് പിന്നില്‍ നടക്കുന്ന ചില അവതരണങ്ങളില്‍ പറയുന്ന കണക്കുകള്‍ പിന്നീട് പ്രസിദ്ധീകരിക്കുകയാണ് പതിവ്. ഈ കണക്കുകളുടെ നിജസ്ഥിതി അന്വേഷിക്കാതെ വിഡ്ഢികളായ ചില ടിവി വാര്‍ത്ത അവതാരകരും മാധ്യമ പ്രവര്‍ത്തകരും ഇതിന് വലിയ പ്രചാരം നല്‍കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട അവകാശങ്ങളില്‍ നിന്നും ദരിദ്രര്‍ അകറ്റി നിറുത്തപ്പെടുമ്പോഴും ആ പണവും സര്‍ക്കാരിന്റെ സമ്പാദ്യമാണെന്ന തരത്തില്‍ പോലും ഇത് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ആധാര്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ കുറ്റമറ്റതാണ് എന്നതായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. എന്നാല്‍ അങ്ങനെയല്ല എന്ന് ഇന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. അനുയോജ്യമായ സാഹചര്യങ്ങളില്‍ ഈ സാങ്കേതികവിദ്യ കുറ്റമറ്റതായിരിക്കാം. എന്നാല്‍ എല്ലാ സാഹചര്യങ്ങളും അനുയോജ്യമാവണമെന്നില്ല. അല്ലെങ്കില്‍ അസമിലെ ആധാര്‍ പേരുചേര്‍ക്കല്‍ തടസ്സപ്പെടാന്‍ കാരണമെന്താണ്? എന്തിനാണ് അസമിലെ ആധാര്‍ കാര്‍ഡുകള്‍ ദേശീയ പൗര രജിസ്റ്ററുമായി ബന്ധിപ്പിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗങ്ങള്‍ക്കെതിരെ അതൊരു ആയുധമാക്കാം എന്നതിനാല്‍ തന്നെയാണ് അതെന്ന് ഡ്രീസ് വാദിക്കുന്നു.

ആധാറുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നുണ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും എന്നതാണ്. ആധാറിന്റെ ആദ്യ ചട്ടത്തില്‍ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവാസന ഭേദഗതിയില്‍ ഈ ഉറപ്പ് വിഴുങ്ങി. മറിച്ച് ഏത് സ്ഥാപനത്തിനും ആധാറിലെ വിവരങ്ങള്‍ വില്‍ക്കാനോ കൈമാറാനോ ആധാറിന്റെ അന്തിമ ചട്ടം സര്‍ക്കാരിന് അധികാരം നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ വിഷയത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിധരിപ്പിച്ച സാഹചര്യത്തില്‍ ആധാറിന്റെ അപരിമേയമായ അധികാരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തില്ല എന്ന് എന്തുറപ്പാണുള്ളത് എന്ന ചോദ്യം പ്രസക്തമാകുന്നു. അത് ദുരുപയോഗം ചെയ്തില്ലെങ്കില്‍ പോലും ജനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള വ്യാപക പശ്ചാത്തല സൗകര്യങ്ങള്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കും എന്ന് ഉറപ്പ്. ജനാധിപത്യപരമായ അവകാശങ്ങളെ കുറിച്ചും പൗരസ്വാതന്ത്ര്യത്തെ കുറിച്ചും ബോധ്യമുള്ള ആര്‍ക്കും കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ് ഈ പ്രശ്‌നമെന്നും ഡ്രീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍