UPDATES

കോണ്‍ഗ്രസില്‍ ചേരുന്ന ഹാര്‍ദിക് പട്ടേലിനെ നേരിടാന്‍ ബിജെപി കണ്ടെത്തിയിരിക്കുന്ന വഴികള്‍

സംസ്ഥാനത്തെ ബിജെപി വിരുദ്ധ ചേരിയുടെ ഏറ്റവും ശക്തനായ വക്താക്കളിലൊരാളായ ഹാര്‍ദികിന്റെ സാന്നിധ്യം തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കായ പട്ടീദാര്‍ സമുദായത്തിന്റെ പിന്തുണയില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന് ബിജെപി ഭയക്കുന്നു.

പട്ടീദാര്‍ നേതാവും സമീപകാലത്ത് ഗുജറത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ തലവേദനകളിലൊന്നായി മാറിയ വ്യക്തിയുമായ ഹാര്‍ദിക് പട്ടേല്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വം നേടുമ്പോള്‍ ബിജെപി ഹാര്‍ദികിനെ നേരിടാനുള്ള പദ്ധതി തയ്യാറാക്കുകയാണ്. ജാം നഗറില്‍ ഹാര്‍ദികിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന സൂചനയുണ്ട്. സത്വാര, പട്ടേല്‍, ആഹിര്‍, മുസ്ലീങ്ങള്‍, ദലിത്, ക്ഷത്രിയ വിഭാഗങ്ങളാണ് പ്രധാനമായി മണ്ഡലത്തിലുള്ളത്. ക്ഷത്രിയ നേതാവായിരുന്ന അല്‍പേഷ് താക്കൂര്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേരുകയും രാധന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് ജയിക്കുകയും ചെയ്തു. ഹാര്‍ദിക് പട്ടേല്‍ മണ്ഡലത്തില്‍ വരുന്നതോടെ പട്ടീദാര്‍, ദലിത്, മുസ്ലീം, ക്ഷത്രിയ വോട്ടുകള്‍ വലിയ തോതില്‍ നേടുമെന്ന ആശങ്ക ബിജെപിക്കുണ്ട്.

സംസ്ഥാനത്തെ ബിജെപി വിരുദ്ധ ചേരിയുടെ ഏറ്റവും ശക്തനായ വക്താക്കളിലൊരാളായ ഹാര്‍ദികിന്റെ സാന്നിധ്യം തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കായ പട്ടീദാര്‍ സമുദായത്തിന്റെ പിന്തുണയില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന് ബിജെപി ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് ഹാര്‍ദിക് പട്ടേലിനെ ഏത് വിധേനയും പരാജയപ്പെടുത്താനുള്ള തന്ത്രം ബിജെപി മെനയുന്നത്. ജാംനഗര്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാല് സീറ്റുകള്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. അതേസമയം ജാംനഗര്‍ റൂറല്‍ സീറ്റിലെ കോണ്‍ഗ്രസ് എംഎല്‍എ വല്ലഭ് ധാര്‍വിയ പാര്‍ട്ടി വിട്ടിരുന്നു. ബിജെപിയില്‍ ചേരുമെന്ന സൂചനയാണ് ധാര്‍വിയ നല്‍കുന്നത്. സത്വാര സമുദായക്കാരനാണ് വല്ലഭ് ധാര്‍വിയ.

ഒന്നര ലക്ഷത്തോളം സത്വാര സമുദായക്കാരാണ് ജാംനഗര്‍ മണ്ഡലത്തിലുള്ളത്. ജാംനഗര്‍ എംഎല്‍എ ധര്‍മേന്ദ്ര സിംഹ് ജഡേജയെ ബിജെപി മന്ത്രിയാക്കിയത് രണ്ട് ദിവസം മുമ്പാണ്. ജാംനഗറില്‍ കാര്യമായ സ്വാധീനമുള്ള ക്ഷത്രിയ നേതാവാണ് ധര്‍മ്മേന്ദ്ര ജഡേജ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ മാര്‍ച്ച് മൂന്നിന് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

അഹിര്‍ സമുദായക്കാരനായ കോണ്‍ഗ്രസ് എംഎല്‍എ ജവഹര്‍ ചാവ്ദയും ബിജെപിയിലെത്തി. ജുനഗഡ് ജില്ലയില്‍ നിന്നുള്ള മാണ്ഡവര്‍ മണ്ഡലത്തിലെ എംഎല്‍എയായ ചാവ്ദയെ മന്ത്രിയാക്കിയേക്കും. സൗരാഷ്ട്ര മേഖലയില്‍ പ്രത്യേകിച്ച് ജുനഗഡിലും പോര്‍ബന്ദറിലും ചാവ്ദയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്‌തേക്കും. ജുനഗഡിലെ ബിജെപിയുടെ സിറ്റിംഗ് എംപി പൂനം ബെന്‍ മാദം അഹിര്‍ സമുദായക്കാരിയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ പൂനം മാദം ജയിച്ചത് 1.75 ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ്. 2004ലും 2009ലും ജാം നഗര്‍ സീറ്റ് കോണ്‍ഗ്രസ് ജയിച്ചരുന്നു. ഇതിന് മുമ്പ് തുടര്‍ച്ചയായ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണ് ജയിച്ചത്.

സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും പ്രബലമായ കദ്വ പട്ടേല്‍ വിഭാഗമാണ് ഹാര്‍ദികിന്റേത്. അതേസമയം പട്ടീദാര്‍ സമുദായത്തെ ഒബിസി വിഭാഗമായി പരിഗണിച്ച് വിദ്യഭ്യാസ, തൊഴില്‍ സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് 2016ല്‍ ആനന്ദി ബെന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിനെതിരെ ഹാര്‍ദികിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ ആന്ദോളന്‍ സമിതി പ്രക്ഷോഭം തുടങ്ങിയത്. പട്ടീദാര്‍ സമുദായ പിന്തുണ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കുകയും ബിജെപിക്ക് ക്ഷീണമാവുകയും ചെയ്തു. ബിജെപി വിരുദ്ധ പ്രതിപക്ഷ വേദികളില്‍ ഹാര്‍ദിക് സജീവമായി. ഇതിനിടയില്‍ ഹാര്‍ദികിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം അടുത്തിടെ അഹമ്മദാബാദിലെ ഒരു ക്ഷേത്രത്തിന്റെ തറക്കലിടല്‍ ചടങ്ങിന് നരേന്ദ്ര മോദിയെ കദ്വ പട്ടേലുകള്‍ ക്ഷണിച്ചിരുന്നു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷം കദ്വ പട്ടേലുകളുടെ ബിജെപിയോടും മോദിയോടുമുള്ള സമീപനം മാറിയതായി ന്യൂസ് 18 പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍