UPDATES

നോട്ട് നിരോധനം മധ്യപ്രദേശിലെ കര്‍ഷക കലാപത്തിന് തിരികൊളുത്തിയതെങ്ങനെ?

പണത്തിന്റെ ദൗര്‍ലഭ്യവും വിലയിടിവുമാണ് ജൂണ്‍ ഒന്നിന് പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങാനുള്ള അടിസ്ഥാന കാരണങ്ങളെന്ന് കര്‍ഷകരും വ്യാപാരികളും ഒരുപോലെ സമ്മതിക്കുന്നു.

കത്തിക്കരിഞ്ഞ കടകള്‍ നോക്കി വ്യാപാരികള്‍ നെടുവീര്‍പ്പിടുന്നു. പൊലീസ് വെടിവയ്പില്‍ മരിച്ച മക്കളെ ഓര്‍ത്ത് കര്‍ഷകര്‍ പൊട്ടിക്കരയുന്നു. മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ആരംഭിച്ച കര്‍ഷക കലാപം തുടരുമ്പോഴും ഇരുവിഭാഗം സമ്മതിക്കുന്ന ഒരു കാര്യമുണ്ട് – മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നോട്ട് നിരോധനമാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന്. നോട്ട് നിരോധനം വന്നതോടെ കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി മാന്ദ്‌സോറിലെ പിപിലിയ ചന്തയില്‍ സോയാബീന്‍ കച്ചവടം നടത്തുന്ന സുനില്‍ ഘാട്ടിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

നോട്ട് നിരോധന തീരുമാനം കമ്പോളങ്ങളുടെ അടിത്തറയിളക്കിയതായി പല വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും സാമ്പത്തികരംഗം കരകയറി എന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇതിനെ ഘണ്ഡിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. മാത്രമല്ല ഇതിന്റെ ആഘാതത്തെ കുറിച്ച് വിശദീകരിക്കാനുള്ള ഉപകരണങ്ങള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

മാന്ദ്‌സോറില്‍ നാല് ദിവസം നീണ്ടുനിന്ന കലാപം അഞ്ച് കര്‍ഷകരുടെ ജീവന്‍ അപഹരിക്കുകയും വിളകളുടെയും ഫാമുകളുടെയും കടകളുടെയം വാഹനങ്ങളുടെയും നാശത്തിന് കാരണമാവുകയും ചെയ്തു. നോട്ട് നിരോധനമാണ് ഇപ്പോഴത്തെ കലാപത്തിനുള്ള അടിസ്ഥാന കാരണമെന്ന് മാന്ദ്‌സോറില്‍ നിന്നുള്ള കാഴ്ചകള്‍ വ്യക്തമാക്കുന്നു. ഭൂമി കമ്പോളം, വായ്പ ശൃംഘലകള്‍, സംഭരണം, വിളകളുടെ വില തുടങ്ങിയ സകല ഘടകങ്ങളെയും നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു.

വിവാഹം, ശവസംസ്‌കാരം, വായ്പ തിരിച്ചവ് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കാണ് കര്‍ഷകര്‍ അവരുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ വില്‍ക്കുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം, സര്‍ക്കാര്‍ നടത്തുന്ന ചന്തകളിലെ വ്യാപാരികള്‍ക്ക് ചെക്ക് മാത്രമേ നല്‍കാന്‍ സാധിക്കുന്നുള്ളു. ഇത് പണമായി മാറാന്‍ കുറഞ്ഞത് 20 ദിവസമെങ്കിലുമെടുക്കുമെന്ന് കര്‍ഷകനായ മദന്‍ ലാല്‍ വിശ്വകര്‍മ്മ ചൂണ്ടിക്കാണിക്കുന്നു. ഇവിടെയും കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നു. ഉടനടി പണം വേണമെന്ന് ആവശ്യപ്പെടുന്ന കര്‍ഷകര്‍ക്ക് ഓരോ നൂറുരൂപയ്ക്കും രണ്ട് രൂപ കുറച്ചേ വ്യാപാരികള്‍ നല്‍കൂ.

നോട്ടിന്റെ ദൗര്‍ലഭ്യം കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പ് കഴിയുന്നതോടെ എല്ലാവരും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ധൃതിപിടിക്കും. എത്രയും പെട്ടെന്ന് വായ്പ തിരിച്ചടയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. പ്രതിമാസം രണ്ട് ശതമാനം അല്ലെങ്കില്‍ 24 ശതമാനം വാര്‍ഷീക പലിശയ്ക്ക് കടം വാങ്ങിയാണ് പലരും കൃഷിയിറക്കുന്നത്. ഇങ്ങനെ കൃഷിയിറക്കിയ ശേഷം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ഭൂമി വില്‍ക്കേണ്ടി വന്ന ആളാണ് പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട അഭിഷേകിന്റെ പിതാവ് ദിനേഷ് പാട്ടിദാര്‍. ഇവിടെയും കര്‍ഷകര്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. നോട്ട് നിരോധനം വന്നതോടെ ഭൂമി വില കുത്തനെ ഇടിഞ്ഞതായി ദിനേഷ് പട്ടിദാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 25 സെന്റ് ഭൂമിക്ക് ശരാശരി അഞ്ച് ലക്ഷം രൂപ കിട്ടിയിരുന്ന സ്ഥാനത്ത് നോട്ട് നിരോധനത്തിന് ശേഷം 2.5 ലക്ഷം രൂപ മാത്രമേ ലഭിക്കുന്നുള്ളു. സ്ഥലം വാങ്ങാന്‍ ജനങ്ങളുടെ കൈയില്‍ കാശില്ലാത്തതാണ് ഭൂമി വില പകുതിയായി ഇടിയാന്‍ കാരണമെന്ന് ദിനേഷ് ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍ പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ തങ്ങളുടെ കൈകള്‍ ബന്ധിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഭൂരിപക്ഷവും നിരക്ഷരര്‍ ആണെന്നും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അക്ഷരത്തെറ്റുകള്‍ ഉള്ള ചെക്കുകള്‍ ബാങ്കുകള്‍ മടക്കി അയയ്ക്കും. വ്യാപരികള്‍ തങ്ങളെ പറ്റിച്ചത് മൂലമാണ് ചെക്കുകള്‍ മടങ്ങിയതെന്ന് കര്‍ഷകര്‍ ധരിക്കുകയും ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതായി സുനില്‍ ഘാട്ടിയ ചൂണ്ടിക്കാട്ടുന്നു.

വ്യാപാരികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വായ്പയില്‍ ഇടിവുണ്ടായതും ക്രയവിക്രയത്തെ ബാധിച്ചിട്ടുണ്ട്. പല ചിട്ടിക്കമ്പനികളും വ്യാപാരികള്‍ക്ക് വായ്പ നല്‍കാന്‍ തയ്യാറായിരുന്നതിനാല്‍ കമ്പോളത്തിലേക്ക് പണം ഒഴുകിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തോടെ ഈ പ്രവണത അവസാനിച്ചതിനാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വ്യാപാരികള്‍ക്കും സാധിക്കുന്നില്ല. ഇതോടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. പല സ്ഥലങ്ങളിലും ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടി കിടന്ന് നശിക്കുന്നു. വലിയ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു വച്ചിരുന്ന വ്യാപാരികളും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

പണത്തിന്റെ ദൗര്‍ലഭ്യവും വിലയിടിവുമാണ് ജൂണ്‍ ഒന്നിന് പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങാനുള്ള അടിസ്ഥാന കാരണങ്ങളെന്ന് കര്‍ഷകരും വ്യാപാരികളും ഒരുപോലെ സമ്മതിക്കുന്നു. ജൂണ്‍ അഞ്ചിന് ഇരുഭാഗങ്ങളും തമ്മിലുള്ള ഒരു വാഗ്വാദം പെട്ടന്ന് അക്രമാസക്തമാവുകയായിരുന്നു. ഒരു ഭാഗത്തും വെടിമരുന്നും മറുഭാഗത്ത് തീപ്പെട്ടിയുമായിരുന്നുവെന്നും പൊട്ടിത്തെറിക്കാന്‍ ഒരു കാരണം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു എന്നുമാണ് ഇതിനെ കുറിച്ച് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍