UPDATES

എങ്ങനെയാണ് കാശ്മീര്‍ പ്രശ്‌നം ഇങ്ങനെ കുഴഞ്ഞുമറിഞ്ഞത്? ചരിത്രം പറയുന്നതിതാണ്

ആരുടെ അജണ്ടയാണ് സൈനിക നീക്കം? കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി ചരിത്രത്തെ മുന്‍കാല പ്രാബല്യത്തോടെ തിരുത്താന്‍ മോദി സര്‍ക്കാരിന് കഴിയുമോ?

കാശ്മീരില്‍ എന്തോ വലുത് സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലാണ് കുറച്ചായി കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സൈനിക സാന്നിധ്യമുള്ള മേഖലകളിലൊന്നായിട്ടും ഈ പ്രദേശത്ത് വീണ്ടും സൈന്യത്തെ വിന്യസിക്കുന്നു. കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ പിന്‍വലിക്കപ്പടുന്നതിന്റെ മുന്നോടിയായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് പൊതുവില്‍ ഉയര്‍ത്തപ്പെടുന്ന ആശങ്ക. അതല്ല, ജമ്മു കാശ്മീരിനെ വിഭജിച്ച് കാശ്മീരിനെ ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്തായാലും കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയതാണ് സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിലപാടാണ് നേരത്തെ ജനസംഘവും ഇപ്പോള്‍ ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി എങ്ങനെയാണ് കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നിലവില്‍ വന്നത്? അത് ഇന്ത്യ കാണിച്ച ഔദാര്യമായിരുന്നോ? അതോ, അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ച മണ്ടത്തരമായിരുന്നുവോ? ഇക്കാര്യത്തില്‍ നെഹ്‌റുവില്‍വിന്ന് വ്യത്യസ്തമായ നിലപാട് അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്വീകരിച്ചിരുന്നുവോ? കല്‍പിത കഥകള്‍ക്കപ്പുറം ചരിത്രത്തില്‍ ഇതിനൊക്കെ ഉത്തരങ്ങളുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിനെക്കുറിച്ചും ആ സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങള്‍ ലഭിച്ചതിനെക്കുറിച്ചുമെല്ലാം.

ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്താന്‍ നിലവില്‍ വന്നതിനുശേഷമുള്ള സംഭവങ്ങളാണ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതെന്ന് കരുതുന്ന ചരിത്രകാരന്മാര്‍ ഏറെയാണ്.  ഇന്ത്യയിലോ പാകിസ്താനിലോ, അതോ സ്വതന്ത്രമായി നിലനില്‍ക്കുകയാണോ കാശ്മീര്‍ ചെയ്യുക എന്ന സംശയം നിലനിന്ന സമയത്താണ് പാകിസ്താനില്‍നിന്നുള്ള സായുധരായ സംഘം കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത്. അന്ന് ഹരി സിംഗായിരുന്നു കാശ്മീര്‍ ഭരിച്ചിരുന്നത്. ഭൂരിപക്ഷവും മുസ്‌ലീങ്ങളായ ദേശത്തെ ഹിന്ദു ഭരണാധികാരി. അ്‌ദ്ദേഹത്തിന് നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍ സ്വന്തം നിലയില്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. 1947 ഒക്ടോബര്‍ 24-ന് കാശ്മീര്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടാന്‍ കാശ്മീര്‍ ഇന്ത്യയോട് സഹായം തേടി. സഹായാഭ്യര്‍ത്ഥന ലഭിച്ച പാടേ ഇന്ത്യ സൈന്യത്തെ അയയ്ക്കുകയായിരുന്നില്ല. മറിച്ച് അതെക്കുറിച്ച് വിശദമായി ആലോചിച്ചതിന് ശേഷമാണ് നടപടികളിലേക്ക് കടന്നത്.

സഹായാഭ്യര്‍ത്ഥന ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ കമ്മിറ്റി അന്നത്തെ ആഭ്യന്തര സെക്രട്ടറി വി.പി മേനോനോട് ഉടന്‍ ശ്രീനഗറിലേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കി. ജമ്മുവിലെത്തിയ വി.പി മേനോന്‍ രാജാവിനെ കാണുകയും പ്രതിരോധ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുകയുമായിരുന്നു. കാശ്മീര്‍ ഒരു സ്വതന്ത്ര്യ ദേശമായി തുടരുന്നതിനാല്‍ ഇന്ത്യയ്ക്ക് സൈന്യത്തെ അയയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന കാര്യമാണ് വി.പി മേനോന്‍ അറിയിച്ചത്. അന്നത്തെ സാഹചര്യത്തില്‍ കാശ്മീര്‍ രാജാവിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഇന്ത്യയുടെ തീരുമാനം അറിയിച്ച ഉടന്‍ ഇന്ത്യയില്‍ ചേരാനുള്ള താല്‍പര്യം ഹരിസിംഗ് അറിയിക്കുകയായിരുന്നുവെന്ന് വി.പി മേനോന്‍ പിന്നീട് എഴുതി. ഇന്ത്യയില്‍ ചേരാനുള്ള കരാറും ഹരിസിംഗിന്റെ കത്തുമായാണ് വി.പി മേനോന്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. ഇതേക്കുറിച്ച് വിപി മേനോന്‍ ഇങ്ങനെ എഴുതി: “ഞാന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അവിടെ സര്‍ദാര്‍ പട്ടേല്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെനിന്നും ഞങ്ങള്‍ അന്ന് വിളിച്ചുചേര്‍ത്ത പ്രതിരോധ കമ്മിറ്റി യോഗത്തിലേക്കാണ് പോയത്. ഇന്ത്യയില്‍ ചേരാനുള്ള കാശ്മീരിന്റെ താത്പര്യം അംഗീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ക്രമസമാധാന നില ഭദ്രമായതിന് ശേഷം ജനഹിത പരിശോധന നടത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടതുള്ളൂവെന്ന കാര്യത്തിലും തീരുമാനമായി. ഈ തീരുമാനത്തോട് ഷെയ്ക്ക് അബ്ദുള്ള പൂര്‍ണമായി യോജിച്ചു” ( Story of Integration of Indian States-V P Menon) . 1947 ഒക്ടോബര്‍ 26-നാണ് കാശ്മീര്‍ രാജാവ് ഒപ്പിട്ട കരാര്‍ ഇന്ത്യ അംഗീകരിച്ചതും പിറ്റേ ദിവസം സൈന്യത്തെ കാശ്മീരില്‍ അയക്കുകയും ചെയ്തത്.

Also Read: “കശ്മീരിന്റെ പ്രത്യേക പദവി വെച്ച് കുട്ടിക്കളി അനുവദിക്കില്ല”: മെഹ്ബൂബ മുഫ്തിയുടെ വീട്ടിൽ സർവ്വകക്ഷിയോഗം

എന്നാല്‍ ഇന്ത്യയില്‍ ചേരാനുള്ള കാശ്മീരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്. കാശ്മീരിന്റെ ഇന്ത്യന്‍ യൂണിയനുമായുള്ള ലയനം ജനഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമമായി തീരുമാനിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവര്‍ത്തിച്ചു. ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും കാശ്മീരിന്റെ ഭാവി അന്തിമമായി തീരുമാനിക്കുകയെന്ന കാര്യം ഗാന്ധിജിയും അംഗീകരിച്ചിരുന്നതായി ചരിത്രകാരനും അഭിഭാഷകനുമായ എ.ജി നൂറാനി പറയുന്നു. ഐക്യരാഷ്ട്ര സഭ പോലുള്ള നിക്ഷ്പക്ഷ ഏജന്‍സിയുടെ കാര്‍മ്മികത്വത്തില്‍ ജനഹിത പരിശോധന നടത്താമെന്ന നെഹ്‌റുവിന്റെ നിര്‍ദ്ദേശം പ്രതിരോധ സമിതി അംഗീകരിച്ചതായും അദ്ദേഹം Whitepaper on Kashmir ഉദ്ധരിച്ച് തന്റെ The Kashmir Dispute എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.

വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ ഔദ്യോഗികമായി കൊണ്ടുവരുന്നത് ഇന്ത്യയാണെന്നാണ് എ.ജി നൂറാനി തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. 1947 ഡിസംബര്‍ 31-നാണ് പാകിസ്താന്‍ നടത്തിയ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ത്യ ഇങ്ങനെ ചൂണ്ടിക്കാട്ടി: “കാശ്മീര്‍ അകപ്പെട്ട വിഷമകരമായ സാഹചര്യം ഇന്ത്യ മുതലെടുത്തു എന്ന വിലയിരുത്തല്‍ ഇല്ലാതിരിക്കാന്‍ അവിടെ സാധാരണ നില പുനഃസ്ഥാപിച്ചാല്‍ ജനങ്ങള്‍ക്ക് ജനാധിപത്യപരമായി അവരുടെ ഭാവി തീരുമാനിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകും. നിക്ഷ്പക്ഷമായി ഇത് നടക്കുന്നതിന് അന്തരാഷ്ട്ര ഏജന്‍സികളുടെ സാന്നിധ്യത്തില്‍ ജനഹിത പരിശോധന നടത്തും” എന്നായിരുന്നു ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പാകിസ്താന്റെ പിന്മാറ്റവും തുടര്‍ന്നു നടക്കേണ്ട ജനഹിത പരിശോധനയും കാശ്മീരില്‍ നടന്നില്ല. കശ്മീരിന്റെ ഒരു ഭാഗം പാകിസ്താന്‍ കൈയടക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചര്‍ച്ചയും വിവാദവും തുടരുകയും ചെയ്യുന്നു.

സ്വാതന്ത്ര്യ കാലത്ത് ഇന്ത്യയുടെ വിവിധ നേതാക്കള്‍ കാശ്മീരുമായി എടുത്ത നിലപാടുകള്‍ എന്തൊക്കെയെന്നത് ഇപ്പോഴും വിവാദമായി തുടരുകയും ചെയ്യുന്നു. ഇതില്‍ ആദ്യത്തെ ആഭ്യന്തര സെക്രട്ടറിയും നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് ചേര്‍ക്കുന്നതില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത വി.പി മേനോന്റെ ഓര്‍മ്മ കുറിപ്പുകള്‍ നിര്‍ണായകമായ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. നെഹ്‌റുവും പട്ടേലും കാശ്മീര്‍ വിഷയത്തില്‍ ഭിന്ന നിലപാടുകാരായിരുന്നു എന്നു കരുതുന്നവരുണ്ട്. സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ കാശ്മീരിന്റെ ഒരു ഭാഗം പാകിസ്താന്റെ നിയന്ത്രണത്തിലാകില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ലമെന്റില്‍ പറഞ്ഞതാണ്. ഇക്കാര്യത്തില്‍ ഇരുനേതാക്കളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവോ? സര്‍ദാര്‍ പട്ടേലിന്റെ ജീവചരിത്രകാരനും പ്രശസ്ത ചരിത്രകാരനുമായ രാജ്‌മോഹന്‍ ഗാന്ധി പറയുന്നത് ഇങ്ങനെയാണ്.

1947 സെപ്റ്റംബര്‍ 13-ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി ബല്‍ദേവ് സിംങിന് അയച്ച കത്തില്‍ സര്‍ദാര്‍ പട്ടേല്‍ ഇങ്ങനെ കുറിച്ചതായി രാജ്‌മോഹന്‍ ഗാന്ധി എഴുതുന്നു: കാശ്മീര്‍ പാകിസ്താനില്‍ ചേരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആ വസ്തുത അംഗീകരിക്കാന്‍ തയാറാണ് (Patel: A Life). ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച കാലത്ത് കാശ്മീര്‍ എടുത്ത് ഹൈദരാബാദ് ഒഴിവാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ പാകിസ്താനോട് ആവശ്യപ്പെട്ടതായും ചിലര്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ നുഴഞ്ഞുകയറ്റം ചെറുക്കാന്‍ കാശ്മീരിലെത്തിയ ദിവസം തന്നെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ ലാഹോറിലെത്തി പാകിസ്താന്‍ പ്രധാനമന്ത്രിയെ കാണുകയും പട്ടേലിന്റെ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇക്കാര്യം ഈയടുത്തും കാശ്മീരില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൈഫുദീന്‍ സോസ് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ ഇതേ നിലപാടിനെക്കുറിച്ച് പാകിസ്താന്‍ പ്രസിഡന്റായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയും വ്യക്തമാക്കിയതായി എ.ജി നൂറാനിയും വിശദീകരിക്കുന്നുണ്ട്. 1972 നവംബര്‍ 27 -ന് നടത്തിയ ഒരു പ്രസംഗത്തിലാണ് ഹൈദരാബാദ് ഒഴിവാക്കി, കാശ്മീര്‍ എടുത്തുകൊള്ളാന്‍ സര്‍ദാര്‍ പട്ടേല്‍ ലിയാഖത്ത് അലി ഖാനു മുന്നില്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ച കാര്യം സുള്‍ഫിക്കര്‍ അലി ഭൂട്ടോ പറഞ്ഞതെന്നാണ് എ.ജി നൂറാനി എഴുതുന്നത്. (A tale of two states, A G Noorani , Frontline June 10, 2000)

കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്ന് ഉടനെ നടത്തിയ ഒരു റേഡിയോ അഭിസംബോധനയിലും നെഹ്‌റു യു.എന്നിന്റെ മേല്‍ക്കൈയില്‍ ജനഹിത പരിശോധന നടത്താമെന്ന വാഗ്ദാനം ഉന്നയിക്കുന്നുണ്ട്. ഇതില്‍ യുഎന്നിന്റെ മേല്‍ക്കൈ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ യോജിച്ചിരുന്നില്ലെന്നും ജനങ്ങളുടെ ഇംഗിതത്തിന് വഴങ്ങി തീരുമാനം ഉണ്ടാകുമെന്ന് കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്നും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി വി. ശങ്കര്‍ എഴുതിയിട്ടുണ്ട്. റേഡിയോ പ്രഭാഷണം സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് യു എന്നിന്റെ മേല്‍നോട്ടത്തില്‍ എന്ന ഭാഗം ഒഴിവാക്കാന്‍ നെഹ്‌റുവിനെ കാണാന്‍ പട്ടേല്‍ തന്നോട് നിര്‍ദ്ദേശിച്ചിരുന്നതായി വി. ശങ്കര്‍ പറയുന്നു. (My reminiscences of Sardar Patel-V Shanker). കാശ്മീരിന്റെ ഭാവിയുടെ കാര്യത്തില്‍ സര്‍ദാര്‍ പട്ടേലിന് ഷെയ്ക്ക് അബ്ദുള്ളയെ വിശ്വാസമുണ്ടായിരുന്നില്ലെന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം നെഹ്‌റുവുമായി വിയോജിച്ചു. എന്ന് മാത്രമല്ല, ഹരിസിംഗിനെയായിരുന്നു അദ്ദേഹം കൂടുതല്‍ ആശ്രയിച്ചത്.

മാര്‍ച്ച് 1948-ഓടു കൂടി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കാശ്മീരിന്റെ മുഴുവന്‍ പ്രദേശങ്ങളും ഭരിക്കാനുള്ള താത്ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നു. ഷെയ്ക്ക അബ്ദുള്ള പ്രധാനമന്ത്രിയായി നിയമിതനായി. ഇതോടെ ഹരി സിംഗിന്റെ സ്വാധീനം പൂര്‍ണമായും കുറഞ്ഞു. 1949-ല്‍ പദവി 18 വയസ്സുകാരനായ മകന്‍ കരണ്‍ സിംഗിനെ ഏല്‍പ്പിച്ച് ഹരി സിംഗ് കാശ്മീര്‍ വിട്ടു ബോംബെയിലേക്ക് പോയി. ആ കരണ്‍ സിംഗ് ഇന്നും കാശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ്‌.

ഇതേസമയം, കശ്മീരിലെ സമാധാന അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു. ഹിന്ദു വര്‍ഗീയ ശക്തികള്‍ ജമ്മുവില്‍ പരക്കെ ആക്രമം നടത്തി. കാശ്മീരിന് പ്രത്യേക പദവി നല്‍കിയതിനെതിരെയായിരുന്നു ഹിന്ദു വര്‍ഗീയ ശക്തികളുടെ പ്രക്ഷോഭം. ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജമ്മുവില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് നെഹ്‌റു, ശ്യാമപ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഈ പ്രക്ഷോഭം ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള വേദികളില്‍ ഇന്ത്യയുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും നെഹ്‌റു പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളോട് യോജിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി തയ്യാറായിരുന്നില്ല, ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ നടക്കുന്ന പ്രക്ഷോഭം ആ മേഖലയെ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് സര്‍ക്കാരിന്റെ പൊതു സമീപനങ്ങളെ ആകെ തകിടം മറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് നെഹ്‌റു കരുതി. വര്‍ഗീയ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും നെഹ്‌റുവിന് ഉണ്ടായിരുന്നതായും സൂചനകള്‍ ഉണ്ടെന്ന വിലയിരുത്തലും അന്ന് ഉണ്ടായിരുന്നു.

കാശ്മീര്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രജാപരിഷത്ത് ബഹിഷ്‌ക്കരിച്ചു. എല്ലാ സീറ്റിലും നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലടക്കമുള്ള തീരുമാനങ്ങള്‍ എടുക്കുകയാണ് ഭരണഘടന നിര്‍മ്മാണ സഭയുടെ ഉത്തരവാദിത്തമെന്ന് ഷെയ്ക്ക് അബ്ദുള്ള പറഞ്ഞു. 1951 ഒക്ടോബര്‍ 31-നാണ് കാശ്മീര്‍ ഭരണഘടന നിര്‍മ്മാണ സഭ യോഗം ചേര്‍ന്നത്. അന്നത്തെ യോഗത്തില്‍ ഷെയ്ക്ക് അബ്ദുള്ള ഇങ്ങനെ പറഞ്ഞു: “മൂന്ന് കാര്യങ്ങളാണ് ഭരണഘടന നിര്‍മ്മാണ സഭയുടെ മുന്നിലുള്ളത്. ഇന്ത്യയില്‍ ചേരുക, പാകിസ്താനില്‍ ചേരുക, സ്വതന്ത്രമായി നില്‍ക്കുക.” അതേസമയം, ഇന്ത്യയില്‍ ചേരുകയാണ് കാശ്മീരിന്റെ ഭാവിക്ക് നല്ലതെന്ന് അദ്ദേഹം തുടര്‍ന്നു. പാകിസ്താനില്‍ ചേരുക അധാര്‍മ്മികമാണ്, സ്വതന്ത്രമായി നില്‍ക്കുക അപ്രായോഗികവുമാണെന്ന നിലപാടാണ് അദ്ദേഹം പൊതുവായി അന്നത്തെ പ്രസംഗത്തില്‍ സ്വീകരിച്ചത്. അതുകൊണ്ട് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുക, സാധ്യമായിടത്തോളം സ്വയം ഭരണം ഉറപ്പുവരുത്തുകയെന്ന കാര്യമാണ് ഷെയ്ക്ക് അബ്ദുള്ള അന്ന് മുന്നോട്ടുവെച്ചത്. ആ ഷെയ്ക്ക് അബ്ദുള്ളയുടെ മകനും കൊച്ചുമകനുമാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാക്കള്‍ ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും.

അതേസമയം കാശ്മീരിന്റെ ഭാവി സംബന്ധിച്ച് നടത്തുമെന്ന് പറഞ്ഞ ജനഹിത പരിശോധനയ്ക്ക് ബദലായല്ല, ഭരണഘടന നിര്‍മ്മാണ സഭയെന്ന നിലപാടാണ് അക്കാലത്ത് ഇന്ത്യ സ്വീകരിച്ചതെന്ന് എ.ജി നൂറാനി എഴുതുന്നു. 1951 മെയ് 29-ന് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി രാജേശ്വര്‍ ദയാല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഭരണഘടന നിര്‍മ്മാണ സഭയുടെ ഉത്തരവാദിത്തം ഇന്ത്യയുമായുള്ള ലയനം അംഗീകരിക്കലാണെന്ന ഷെയ്ക്ക് അബ്ദുള്ളയുടെ നിലപാട് നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് രക്ഷാ സമിതി പ്രസിഡന്റ് 1951 മെയ് 29-ന് ഇന്ത്യയ്ക്കും പാകിസ്താനും അയച്ച കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുമായി ചേര്‍ന്നതിന് ജനഹിത പരിശോധന നടത്തുന്നതിന് പകരം നിയമസഭ പ്രമേയം പാസ്സാക്കുകയാണ് വേണ്ടതെന്ന നിലപാടായിരുന്നു ഷെയ്ക്ക് അബ്ദുള്ളയ്ക്ക് ഉണ്ടായിരുന്നതെന്നതിന്റെ സൂചനകളുമുണ്ട്.

ഇതേ നിലപാടില്‍ തുടരുമ്പോഴാണ് ഇന്ത്യ കാശ്മീരുമായി പ്രശസ്തമായ ഡല്‍ഹി കരാറില്‍ ഏര്‍പ്പെടുന്നത്. 1952 ജൂലൈ 24-നായിരുന്നു അത്. ഇന്ത്യന്‍ യൂണിയനുള്ളില്‍ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കരാറായിരുന്നു അത്. ഇത് നിര്‍ണായകമായിരുന്നു. കാശ്മീര്‍ ചില പ്രത്യേക അവകാശങ്ങള്‍ നിലനിര്‍ത്തികൊണ്ട് ഇന്ത്യയുടെ ഭാഗമാകുന്നുവെന്ന കാര്യം ഉറപ്പിക്കുകയാണ് ഫലത്തില്‍ ഡല്‍ഹി കരാര്‍ ചെയ്തത്.

എന്തായാലും കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുകയും ശ്യാമപ്രസാദ് മുഖര്ജി അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലായപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഈ സാഹചര്യങ്ങള്‍ നെഹ്‌റുവും ഷെയ്ക്ക് അബ്ദുള്ളയും തമ്മില്‍ നിലനിന്നുപോന്നിരുന്ന സൗഹാര്‍ദ്ദത്തിന് ഉലച്ചില്‍ തട്ടിച്ചു. കാശ്മീരിന് കൂടുതല്‍ സ്വതന്ത്ര അവകാശങ്ങളാണ് ആവശ്യമെന്ന നിലപാടിലേക്ക് ഷെയ്ക്ക് അബ്ദുള്ള മാറുകയും ചെയ്തു.

ജമ്മുവിലെ പ്രക്ഷോഭത്തെ തണുപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് നെഹ്‌റു ഷെയ്ക്ക് അബ്ദുളളയോട് ആവശ്യപ്പെട്ടത്. ജമ്മുവിന്റെ ആവശ്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ നെഹ്‌റു അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ എത്തി വിശദമായ ചര്‍ച്ച നടത്താനും നെഹ്‌റു ഷെയ്ക്ക് അബ്ദുള്ളയെ ക്ഷണിച്ചു. എന്നാല്‍ അതൊന്നും നടന്നില്ല. പിന്നീട് എഴുതിയ കത്തിലാണ് ഷെയ്ക്ക് അബ്ദുള്ള മതേതതര നിലപാടുകള്‍ കൈയൊഴിയുന്നതായുളള ആരോപണം നെഹ്‌റു മുന്നോട്ടുവെയ്ക്കുന്നത്. “മതേതര ജനാധിപത്യത്തിന് വേണ്ടിയാണ് താങ്കള്‍ എല്ലായ്‌പ്പോഴും നിലകൊണ്ടതെന്ന് എന്റെ സര്‍ക്കാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ താങ്കളുടെ നിലപാട് എന്താണെന്ന് എനിക്കറിയില്ല. എന്നാല്‍ മതേതര ജനാധിപത്യ നിലപാടില്‍നിന്ന് അകന്ന് നില്‍ക്കാനാണ് കാശ്മീരിന്റെ ശ്രമം എന്ന് വേണം കരുതാന്‍. അത് ഇന്ത്യയില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. കാശ്മീര്‍ സര്‍ക്കാരിലും വ്യത്യസ്ത നിലപാടുകളാണ് ഉള്ളത്. താങ്കളുടെ പാര്‍ട്ടിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇത് കാശ്മീരിന്റെ അവസ്ഥ രാഷ്ട്രീയമായി കൂടുതല്‍ പിന്നോട്ടടുപ്പിക്കും”, ഷെയ്ക്ക് അബ്ദുള്ളയ്ക്ക് എഴുതിയ കത്തില്‍ നെഹ്‌റു സൂചിപ്പിച്ചു.

Azhimukham EXPLAINER: കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും സഞ്ചാരികളോട് കാശ്മീര്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടില്ല, ആരാണ് ഭീതി പരത്തുന്നത്? എന്തിന്?

കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഷെയ്ക്ക് അബ്ദുള്ളയും നാഷണല്‍ കോണ്‍ഫറന്‍സും കൈകൊള്ളുന്ന സമീപനത്തിലുള്ള അഭിപ്രായ വ്യത്യാസം ഇതില്‍നിന്ന് വ്യക്തമാണ്. ഈ കത്തിന് വിശദമായ മറുപടിയാണ് ഷെയ്ക്ക് അബ്ദുള്ള നല്‍കുന്നത്. കാശ്മീരിന് ഭരണഘടന ഉറപ്പുനല്‍കിയ പ്രത്യേക അവകാശങ്ങളില്‍ വിശ്വാസമുണ്ടെങ്കിലും ഭരണഘടനയുടെ 370 -ാം വകുപ്പ് എല്ലാ കാലത്തേക്കുമുള്ളതാകില്ലെന്ന മട്ടില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയെ കത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കപ്പെടുമോ എന്ന ആശങ്ക ഇന്ത്യയില്‍ ചേരുമ്പോള്‍ തന്നെ ഉണ്ടായിരുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ നാട്ടുകാരുടെ പ്രതികരണം ഏത് രീതിയിലായിരിക്കുമെന്ന് ഊഹിക്കാമെന്നും ഷെയ്ക്ക് മറുപടി നല്‍കി. അത്രമേല്‍ മാനസിക സമ്മര്‍ദ്ദത്തിലാണ് കാശ്മീര്‍ ജനത കഴിയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതുപോലെ, കാശ്മീരി മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം തുടരുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ സൂചനകള്‍ കാശ്മീരിലെ മുസ്ലീങ്ങളെ സംബന്ധിച്ച് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളെ ചൂണ്ടിക്കാണിച്ച് ഷെയ്ക്ക് അബ്ദുള്ള കത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.

എന്തായാലും ജമ്മുവിലെ ഹിന്ദു വര്‍ഗീയ പ്രക്ഷോഭത്തോടെ ഷെയ്ക്ക് അബ്ദുള്ളയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമായി. സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതിനപ്പുറം കാശ്മീരിലെ മുസ്ലീങ്ങളുടെ അവസ്ഥയെ കുറിച്ച് അദ്ദേഹം കൂടുതല്‍ ബോധവാനായി. എന്നാല്‍ ഷെയക്ക് അബ്ദുള്ളയുടെ നിലപാടില്‍ വരുന്ന മാറ്റമായിട്ടാണ് ഇതിനെ നെഹ്‌റു കണ്ടത്. (Tragic Hero of Kashmir -Ajith Bhattacharjea)

പാകിസ്താനില്‍ ചേരില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്ത്യയോടുള്ള സമീപനത്തില്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നിലപാടില്‍ ചാഞ്ചാട്ടം ഉണ്ടായിരുന്നുവെന്ന് കരുതുന്നവരുണ്ട്. അമേരിക്കന്‍ സഹായത്തോടെ കാശ്മീരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റാനുള്ള ആഗ്രഹം ഷെയ്ക്ക് അബ്ദുള്ളയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നത്. അതേസമയം വ്യക്തമായ കുറ്റങ്ങള്‍ ആരോപിക്കാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ജയിലിലിടച്ചതും ഇന്ത്യയുടെ നിലപാടുകളെ ദുര്‍ബലമാക്കി എന്നും അദ്ദേഹം കരുതുന്നു.

ഷെയ്ക്ക് അബ്ദുള്ളയുടെ അറസ്റ്റിന് ശേഷം ബക്ഷി ഗുലാം മുഹമ്മദായിരുന്നു പിന്നീട് പ്രധാനമന്ത്രിയായി നിയമിതനായത്. ഇന്ത്യയുമായുള്ള കാശ്മീരിന്റെ ബന്ധം കൂടുതല്‍ ഉറപ്പിക്കപ്പെട്ടു. 1954 ഫെബ്രുവരിയില്‍ ഇന്ത്യയുമായി ചേര്‍ന്നത് ആവര്‍ത്തിച്ച കാശ്മീര്‍ അംസബ്ലി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും ചെയ്തു. 1954 ല്‍ ഇന്ത്യന്‍ പ്രസിഡന്റിന് കാശ്മീരില്‍ അധികാരം ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ മിക്ക വകുപ്പുകളും കാശ്മീരിലും പ്രാവര്‍ത്തികമാക്കപ്പെട്ടു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് 1958-ലെ കാശ്മീര്‍ ഭരണഘടന പ്രഖ്യാപിച്ചു.

ഇതേസമയം, അന്താരാഷ്ട്ര തലത്തില്‍ കാശ്മീരുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. യു എന്‍ രക്ഷാസമിതി നേരത്തെ നിയമിച്ചിരുന്ന, ഇന്ത്യയ്ക്കും പാകിസ്താനുമായുള്ള കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഇതിന് പകരമായി ഒരു പ്രതിനിധിയെ നിയമിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ പ്രമുഖനായ സര്‍ ഓവന്‍ ഡിക്‌സനായിരുന്നു യു എന്‍ പ്രതിനിധി. കാശ്മീരില്‍ ജനഹിത പരിശോധന നടത്തുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ജനഹിത പരിശോധന നടത്താനുള്ള മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം യോജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. പാകിസ്താന്റെ സൈനിക പിന്മാറ്റവും ഇതിന് തുടര്‍ച്ചയായി ഇന്ത്യ കാശ്മീരിലെ സൈനിക സാന്നിധ്യത്തില്‍ കുറവു വരുത്തുകയും വേണമായിരുന്നു. ഇതിന് പുറമെ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മീരില്‍ ഒരു ജനഹിത പരിശോധന നടത്താനുള്ള രാഷ്ട്രീയ സ്ഥിരത അവിടെ നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി.

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ചിലത് ഇല്ലാതാക്കപ്പെട്ടത് ബക്ഷി ഗുലാം മുഹമ്മദിന്റെ ഭരണകാലത്തായിരുന്നു. മറ്റേത് സംസ്ഥാനത്തെയും പോലെ ഗവര്‍ണര്‍ എന്ന പദവിയായി മാറി ഭരണത്തലവന്റെത്. അതുപോലെ, കാശ്മീരിലെ പ്രത്യേക പദവിയുടെ സൂചകമായി കരുതിയിരുന്ന പ്രധാനമന്ത്രി പദവിക്ക് പകരം മറ്റേത് സംസ്ഥാനത്തെയും പോലെ മുഖ്യമന്ത്രി എന്ന പേരിലേക്ക് മാറ്റി. കശ്മീരിന്റെ പ്രത്യേക പദവിയില്‍ വരുത്തിയ ഇളവുകള്‍ ബക്ഷിക്കുള്ള ജനപിന്തുണയില്‍ കുറവു വരുത്തി. ഇക്കാലത്തുണ്ടായ ചില സംഭവങ്ങള്‍ ജനഹിത പരിശോധന എന്ന വാഗ്ദാനത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ മാറ്റി ചിന്തിപ്പിച്ചു എന്നതിന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിവാണ്. പാകിസ്താന്‍ അമേരിക്കയില്‍നിന്ന് സൈനിക സഹായം ലഭ്യമാക്കിയതായിരുന്നു അതിലൊന്ന്. മറ്റൊന്ന് ജനഹിത പരിശോധനയ്ക്ക് അനിവാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ ഇന്ത്യയും പാക്കിസ്താനും പരാജയപ്പെട്ടുവെന്നതും. 1956 ഏപ്രിലില്‍ നെഹ്‌റു നടത്തിയ പ്രസ്താവന ടൈംസ് ഓഫ് ഇന്ത്യ പത്രം പ്രസിദ്ധീകരിച്ചത് എ.ജി നൂറാനി തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ജനഹിത പരിശോധനയില്‍ നിന്ന് താങ്കള്‍ പിന്നോട്ടു പോകുകയാണോ എന്ന ചോദ്യത്തിന് വിശാലാര്‍ത്ഥത്തില്‍ അതെ എന്ന മറുപടിയാണ് നെഹ്‌റു നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് കാരണമായി നെഹ്‌റു പറയുന്നതും മുന്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാത്തതും പാകിസ്താനുള്ള അമേരിക്കയുടെ സൈനിക സഹായമുള്‍പ്പെടെയുള്ള നടപടികളുമായിരുന്നു. ഇതിന് പുറമെ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് സോവിയറ്റ് യൂണിയന് പൊതുവില്‍ അംഗീകരിച്ചതും നെഹ്‌റുവിനെ സ്വാധീനിച്ചിട്ടുണ്ടായെന്നിരിക്കണം. അതേസമയം കാശ്മീരുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കാശ്മീര്‍ കാശ്മീരികളുടേതാണെന്നും അദ്ദേഹം ചില ഘട്ടങ്ങളില്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ചരിത്രപരമായി കശ്മീര്‍ ഇന്ത്യയുമായി ബന്ധിക്കപ്പെട്ടത് ചില കരാറുകളുടെ കൂടി പിന്‍ബലത്തിലാണ്. ഡല്‍ഹി കരാര്‍ പോലുള്ളവയുടെ അടിസ്ഥാനത്തില്‍. കാശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ട് പിന്നീട് പല കാര്യങ്ങളും സംഭവിച്ചു. കാശ്മീരി ജനതയുടെ അഭിലാഷങ്ങള്‍ അട്ടിമറിക്കപ്പെട്ട 1987-ലെ തെരഞ്ഞെടുപ്പ് ഇതില്‍ പ്രധാനമാണ്. തീവ്രവാദം കാശ്മീരില്‍ ശക്തിപ്പെടുന്നത് ഇതോടെയാണ്. പിന്നീട് കാശ്മീര്‍ ലോകത്തെ തന്നെ ഏറ്റവും സൈനിക സാന്നിധ്യമുള്ള പ്രദേശമായി മാറുന്ന കാഴ്ചയാണ് കണ്ടത്. കാശ്മീര്‍ സ്വത്വത്തെ അധികരിച്ച് നടന്ന സ്വയംഭരണ പ്രക്ഷോഭങ്ങള്‍ പിന്നീട് ഭീകര പ്രവര്‍ത്തനമായി മാറി. ലോകത്തെ ഏറ്റവും പഴക്കമുള്ള പ്രശ്‌നത്തിന് എന്തായാലും സൈനിക നീക്കങ്ങള്‍ പരിഹാരമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്‌നം രാഷ്ട്രീയ ഇടപെടല്‍ നടത്തി മാത്രമെ പരിഹരിക്കാന്‍ കഴിയുവെന്നതാണ് ലോക ചരിത്രം നല്‍കുന്ന പാഠം.

Also Read: കാശ്മീര്‍ മുള്‍മുനയില്‍ത്തന്നെ; നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ചു പേരെ വധിച്ചു; വെള്ളക്കൊടിയുമായി വന്ന് മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് ഇന്ത്യന്‍ സൈന്യം

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍