UPDATES

ട്രെന്‍ഡിങ്ങ്

അര്‍ജന്‍ സിംഗിനോട് കേന്ദ്രസര്‍ക്കാര്‍ നീതി പുലര്‍ത്തിയോ? മരണവിവരം എന്തിന് മറച്ചുവച്ചു?

നമ്മുടെ സേന എപ്പോള്‍ ആക്രമണത്തിന് തയ്യാറാകും എന്ന് ചോദിച്ചപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ എന്നായിരുന്നു അര്‍ജന്‍ സിംഗിന്റെ പ്രശസ്തമായ മറുപടി.

സ്വതന്ത്ര ഇന്ത്യ ഏറ്റവുമധികം ആഘോഷിച്ച യുദ്ധവീരന്മാരില്‍ ഒരാളാണ് അര്‍ജന്‍ സിംഗ്. ഇന്ത്യന്‍ വ്യോമസേനയെ രൂപപ്പെടുത്തുന്നതില്‍ അതുല്യമായ പങ്ക് വഹിച്ച വ്യക്തി.ഫൈവ് സ്റ്റാര്‍ റാങ്ക് നേടിയ ഒരേയൊരു മാര്‍ഷല്‍. അര്‍ജന്‍ സിംഗിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് അറിയാവുന്നവരെ സംബന്ധിച്ച് സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ട്. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയുടെ മരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം സംബന്ധിച്ച് പരാതികള്‍ ഉയരുകയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് 98-കാരനായ അര്‍ജന്‍ സിംഗിനെ ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറിനുള്ളില്‍ അദ്ദേഹം മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ദ ട്രിബ്യൂണ്‍ പത്രം വാര്‍ത്ത കൊടുത്തു. വൈകുന്നേരം 5.26-ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ്, ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ അര്‍ജന്‍ സിംഗ് ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വാര്‍ത്താക്കുറിപ്പ് ഇറക്കി. 5.55ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. അര്‍ജന്‍ സിംഗിന്റെ കിടക്കയ്ക്കരികില്‍ നില്‍ക്കുന്ന മോദിയുടെ ഫോട്ടോയും പുറത്തുവന്നു.

പക്ഷെ ഡോക്ടര്‍മാര്‍ പറയുന്നത്, മോദി മുറിയിലെത്തിയപ്പോള്‍ ഉള്ള ഫോട്ടോയില്‍ അര്‍ജന്‍ സിംഗിന്റെ ഇസിജി റീഡിംഗ് പൂജ്യം ആണെന്നാണ്. അദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തനരഹിതമായിരുന്നു. അതായത് അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു എന്നര്‍ത്ഥം. ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വെന്റിലേറ്ററിന്റെ സഹായമുണ്ടായിട്ട് കാര്യമില്ല. മോദിയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമെല്ലാം കാണാനെത്തിയ സമയത്ത് അര്‍ജന്‍ സിംഗ് ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് എന്തിനാണ് സര്‍ക്കാര്‍ വരുത്തിത്തീര്‍ക്കുന്നതെന്നാണ് ചോദ്യം. സര്‍ക്കാരിന്റെ ഈ സമീപനത്തില്‍ വലിയ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. അര്‍ജന്‍ സിംഗ് വൈകീട്ട് 7.47ന് അന്തരിച്ചതായി പ്രതിരോധ മന്ത്രാലയം പിന്നീട് വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു.

സൈനികരുടെ സൈനികന്‍

1965-ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിലെ വീരനായകന്മാരില്‍ ഒരാളാണ് അര്‍ജന്‍ സിംഗ്. 44ാമത്തെ വയസിലാണ് അദ്ദേഹം വ്യോമസേന മേധാവിയാകുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് ഇംഫാലിലും ബര്‍മയിലെ റംഗൂണിലുമെല്ലാം സഖ്യസേനാ ദൗത്യങ്ങളില്‍ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായി അര്‍ജന്‍ സിംഗ് പങ്കെടുത്തു.സ്‌ക്വാഡ്രണെ വിജയത്തിലേയ്ക്ക് നയിച്ചതിലുള്ള പങ്ക് പരിഗണിച്ച് 1944ല്‍ അദ്ദേഹത്തിന് ഫ്‌ളയിംഗ് ക്രോസ് ബഹുമതി നല്‍കി.

1947 ഓഗസ്റ്റ് 15ന് ആദ്യ സ്വാതന്ത്ര്യദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നൂറിലധികം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഫ്‌ളൈ പാസ്റ്റിന് നേതൃത്വം നല്‍കിയത് അര്‍ജന്‍ സിംഗായിരുന്നു. ചൈനയുമായുള്ള 1962-ലെ യുദ്ധത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി അര്‍ജന്‍ സിംഗ് നിയമിക്കപ്പെട്ടു. 1963ല്‍ വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി. 1964 ഓഗസ്റ്റ് ഒന്നിന് എയര്‍ മാര്‍ഷല്‍ റാങ്കില്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫായി (വ്യോമസേന മേധാവി) നിയമിക്കപ്പെട്ടു.

1965 സെപ്റ്റംബറില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഓപ്പറേഷന്‍ ഗ്രാന്‍ഡ്സ്ലാം എന്നപേരില്‍ ആക്രമണം തുടങ്ങി. അഖ്‌നൂരിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പ്രതിരോധ മന്ത്രി, അര്‍ജന്‍ സിംഗിനെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി കരസേനയ്ക്ക് പിന്തുണ നല്‍കാനും ആക്രമണത്തിന് സജ്ജരാകാനും ആവശ്യപ്പെട്ടു. നമ്മുടെ സേന എപ്പോള്‍ ആക്രമണത്തിന് തയ്യാറാകും എന്ന് ചോദിച്ചപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ എന്നായിരുന്നു അര്‍ജന്‍ സിംഗിന്റെ പ്രശസ്തമായ മറുപടി. കൃത്യം ഒരു മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കുകയും ചെയ്തു.

1965ലെ യുദ്ധത്തില്‍ അസാമാന്യമായ നേതൃപാടവമാണ് വ്യോമസേന മേധാവിയെന്ന നിലയില്‍ സിംഗ് പ്രകടിപ്പിച്ചത്. യുദ്ധത്തില്‍ നല്‍കിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന് പദ്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി. വ്യോമസേന മേധാവിയുടെ പദവി ചീഫ് ഓഫ് എയര്‍സ്റ്റാഫ് എന്നതില്‍ നിന്ന് എയര്‍ ചീഫ് മാര്‍ഷലിലേയ്ക്ക് മാറി. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ എയര്‍ ചീഫ് മാര്‍ഷലായി അര്‍ജന്‍ സിംഗ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍