UPDATES

സംഘപരിവാര്‍ നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എങ്ങനെ മരിച്ചു? ബിജെപിയുടെ മൌനം ആര്‍ക്കുവേണ്ടി?

യുപിയിലെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹസാഹചര്യത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ജനസംഘം – ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങള്‍ സജീവമാണ്. കേരളത്തില്‍ സ്‌കൂളുകളില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ജന്മദിനം ആചരിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശമാണ് ഒടുവില്‍ വിവാദമായിരിക്കുന്നത്. മുഗള്‍ സരായി റെയില്‍വേ സ്റ്റേഷനില്‍ ദീന്‍ ദയാല്‍ ഉപാധ്യായെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ കുറിച്ച് മലയാളിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാമന്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

രാജ്യത്ത് 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമെങ്കിലുമുണ്ട് ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേരില്‍. നിരവധി പ്രാദേശിക റോഡുകളും ഹൗസിംഗ് കോംപ്ലക്‌സുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങാന്‍ ആസാമിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്ന് ക്ഷേമപദ്ധതികള്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേരിലാണ്. മുഗള്‍സാരായ് റെയില്‍വേ സ്‌റ്റേഷന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ സ്റ്റേഷന്‍ എന്ന് പേര് മാറ്റുന്നത് ഇതിന്റെ ഭാഗമായാണ്. അതേസമയം മുഗള്‍സാരായ് സ്റ്റേഷനുമായി ദീന്‍ദയാല്‍ ഉപാദ്ധ്യായയ്ക്കുള്ള ബന്ധം അന്വേഷിച്ചാല്‍ അദ്ദേഹം എങ്ങനെ മരിച്ചു എന്ന കാര്യം അന്വേഷിക്കേണ്ടി വരും.

ദീന്‍ ദയാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് ഒന്നും പറയാറില്ല. കൊലപാതകമെന്ന് പലരും ഉറച്ചുവിശ്വസിക്കുന്ന ആ മരണം സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും മറച്ചുവയ്ക്കാന്‍ ബിജെപി എക്കാലവും ശ്രമിച്ചിട്ടുണ്ട്. ദീന്‍ദയാലിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ ലഘുലേഖകളിലോ പുസ്തകങ്ങളിലോ ഒന്നും ദീന്‍ദയാല്‍ എങ്ങനെ മരിച്ചു എന്ന് പറയുന്നില്ല. 1968 ഫെബ്രുവരി 11നായിരുന്നു അത്. ആ ദിവസം ലക്‌നൗവില്‍ നിന്ന് പാറ്റ്‌നയിലേയ്ക്കുള്ള ട്രെയിനില്‍ കയറിയ ദീന്‍ദയാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ജനസംഘം അദ്ധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂമാലകളുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുഗള്‍സാരായ് സ്റ്റേഷന്‍ യാര്‍ഡില്‍ ട്രാക്കില്‍ നിന്ന് ഏതാണ്ട് ഒരടി അകലത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മരിക്കുമ്പോള്‍ ഉപാധ്യായയുടെ പ്രായം 51. ഈ പ്രായത്തില്‍ അസ്വാഭാവികമായി ദീന്‍ദയാല്‍ ഉപാധ്യായ മരിക്കാനിടയാക്കിയതില്‍ ബിജെപിയുടെ മുന്‍രൂപമായിരുന്ന ഭാരതീയ ജനസംഘിലെ രൂക്ഷമായ വിഭാഗീയതയ്ക്ക് പങ്കുണ്ടോ? ഇന്ത്യയിലെ തിരക്കേറിയ റെയില്‍വേ ജംഗ്ഷനുകളിലൊന്നില്‍ എന്തുകൊണ്ടാണ് ദീന്‍ദയാല്‍ ഉപാധ്യായയെ പോലൊരു നേതാവിന്റെ മൃതദേഹം മണിക്കൂറുകളോളം ഇങ്ങനെ ആരും ശ്രദ്ധിക്കാതെ കിടന്നത്. ഇങ്ങനെ അന്വേഷിക്കുമ്പോള്‍ പലര്‍ക്കും അപ്രിയമായ സത്യങ്ങളിലേയ്ക്ക് പോകേണ്ടി വരുക.

ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിന് വേഗത പോരാ എന്ന പരാതി അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ഇതോടെ കേസ് സിബിഐക്ക് കൈമാറി. ചുമട്ടുതൊഴിലാളികളോ കൊള്ളക്കാരോ ദീന്‍ദയാലിനെ കൊലപ്പെടുത്തിയതായിരിക്കാമെന്ന അനുമാനത്തിലായിരുന്നു തുടക്കത്തില്‍ പൊലീസും സിബിഐയും. രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും തെളിവൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അവരെ വെറുതെവിട്ടു. ഈ കേസ് ആര്‍ക്കും താല്‍പര്യമില്ലാതായി. ഭരണകക്ഷിയായ കോണ്‍ഗ്രസിന് മാത്രമല്ല, ദീന്‍ദയാലിന്റെ പാര്‍ട്ടിയായ ജനസംഘത്തിനും.

10 വര്‍ഷത്തിന് ശേഷം ജനതാ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സമയത്ത് സുബ്രഹ്മണ്യന്‍ സ്വാമി അന്നത്തെ ആഭ്യന്തര മന്ത്രി ചരണ്‍ സിംഗില്‍ സമ്മര്‍ദ്ദം ചെലുത്തുകയും തുടര്‍ന്ന് പുനരന്വേഷണം തുടങ്ങുകയും ചെയ്തു. ജസ്റ്റിസ് വൈവി ചന്ദ്രചൂഡ് അദ്ധ്യക്ഷനായി അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. ജനതാ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എബി വാജ്‌പേയിയുടെ ഇടപെടലാണ് അന്വേഷണം മുന്നോട്ട് പോകുന്നത് തടയുന്നതെന്ന് ജനസംഘം നേതാവ് ബല്‍രാജ് മധോക് ആരോപിച്ചു. ആ സമയത്ത് ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചിരിക്കുകയായിരുന്നു.

ജനസംഘത്തില്‍ പ്രധാന പദവികള്‍ വാജ്‌പേയിയെ പോലുള്ള എതിരാളികള്‍ക്ക് നല്‍കാതെ ദീന്‍ദയാല്‍ തടഞ്ഞുവച്ചിരുന്നതായി അക്കാലത്തെ ക്രൈം റിപ്പോര്‍ട്ടര്‍മാരായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ദീന്‍ദയാല്‍ സഞ്ചരിച്ച ട്രെയിനിലുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ പറ്റി പലരും സംശയങ്ങള്‍ ഉന്നയിക്കുന്നു. ആ യാത്രയില്‍ ദീന്‍ദയാലിനൊപ്പം അതേ കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന പല യാത്രക്കാരുടേയും പേരുകളും തിരിച്ചറിയല്‍ രേഖകളും വ്യാജമായിരുന്നു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

അതൊരു രാഷ്ട്രീയ കൊലപാതകമായിരുന്നു എന്നും വ്യക്തമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അതിന് പിന്നിലുണ്ടായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ജനസംഘം നേതാക്കളായിരുന്ന നാനാജി ദേശ്മുഖോ ദത്തോപന്ത് തേംഗ്ഡിയോ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളോ കോടതിവിധിയോ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അര്‍ദ്ധരാത്രി സമയത്ത് കംപാര്‍ട്‌മെന്റിന്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നു പറയുന്നവരുണ്ട്. അതേസമയം ആ സമയത്ത് അവിടെ നില്‍ക്കേണ്ട കാര്യമില്ലെന്നാണ് ദേശ്മുഖ് പറയുന്നത്. നാനാജി ദേശ് മുഖ് പിന്നീട് സജീവ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന പിന്‍വാങ്ങുകയും ചിത്രകൂടില്‍ എന്‍ജിഒ പ്രവര്‍ത്തനങ്ങളുമായി നീങ്ങുകയും ചെയ്തു.

ദീന്‍ദയാല്‍ ഉപാധ്യായയുടെ എതിരാളിയായി കരുതപ്പെട്ടിരുന്ന വാജ്‌പേയിയും ഈ കഥ അംഗീകരിച്ചില്ല. ദീന്‍ദയാല്‍ പെട്ടെന്ന് കോപാകുലനാകുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും ട്രെയിനില്‍ ആരുമായിട്ടെങ്കിലും വഴക്കുണ്ടാക്കിയിട്ടുണ്ടാകുമെന്നും വാജ്‌പേയി പറഞ്ഞിട്ടുള്ളതായി ബല്‍രാജ് മധോക് തന്റെ അനുഭവക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. 60കളില്‍ ജനസംഘത്തിന്റെ യുവനേതാക്കളിലൊരാളായിരുന്ന മധോക് വാജ്‌പേയി – നാനാജി ഗ്രൂപ്പിന്റെ ശക്തനായ എതിരാളിയായിരുന്നു. 1973ല്‍ അദ്ദേഹം ജനസംഘത്തില്‍ നിന്ന് പുറത്താക്കുപ്പെട്ടു. ആര്‍എസ്എസ് ജനസംഘത്തിന്റെ കാര്യങ്ങളില്‍ പരിധി വിട്ട് ഇടപെടുന്നതായും ഇടതുപക്ഷ ആശയങ്ങളിലേയ്ക്ക് ജനസംഘത്തെ വാജ്‌പേയി അടക്കമുള്ളവര്‍ നയിക്കാന്‍ ശ്രമിക്കുന്നതായുമുള്ള വിരുദ്ധ വാദങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. വാജ്‌പേയിയേയും നാനാജിയേയും വിമര്‍ശിച്ചുകൊണ്ട് തുടര്‍ച്ചയായി എഴുതിയതോടെ ബല്‍രാജിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഈ സാഹചര്യത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണം സംബന്ധിച്ച് ബല്‍രാജ് മധോക് പറയുന്നത് പാടെ വിശ്വസിക്കാനാവില്ല.

ബല്‍രാജ് മധോക് ഇങ്ങനെ എഴുതി: ഒരു കാര്യം ഉറപ്പാണ്. ദീന്‍ ദയാലിന്റെ കൊലപാതകത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരോ കൊള്ളക്കാരോ ഒന്നുമല്ല. അതൊരു വാടകക്കൊലയാളിയാണ്. അതേസമയം ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ ക്രിമിനല്‍ മനസുള്ള സംഘ് നേതാക്കള്‍ തന്നെയാണ്. ആരൊക്കെയാണ് ഇത്തരത്തില്‍ ക്രിമിനല്‍ മനസുള്ള നേതാക്കള്‍ എന്ന ചോദ്യത്തിന് ബല്‍രാജ് മധോകിന്റെ പുസ്തകം ഇങ്ങനെ മറുപടി പറയുന്നു. മാന്യതയും അന്തസുമില്ലാത്തവര്‍ക്ക് ജനസംഘില്‍ വലിയ നേതൃപദവി കിട്ടില്ലെന്ന് ദീന്‍ദയാല്‍ജി ഉറപ്പ് വരുത്തിയിരുന്നു. ഇതുകൊണ്ടാണ് വ്യക്തിത്വമില്ലാത്ത, സ്വാര്‍ത്ഥരായ ചിലര്‍ തങ്ങളുടെ അധികാരമോഹങ്ങളില്‍ അവര്‍ തടസമായി കണ്ടു. അവരാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നില്‍.

ഏതായാലും ബിജെപിയുടെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ പദ്ധതികളും പരിപാടികളും പൊടിപൊടിക്കുകയാണ്. 200 റാലികള്‍ നടത്തുന്നുണ്ട്. അതേസമയം ദീന്‍ദയാലിന്റെ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ അന്വേഷണം നടത്തണം എന്ന ആവശ്യത്തോട് ബിജെപിക്ക് ഒട്ടും താല്‍പര്യമില്ല. 2014 സെപ്റ്റംബറില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ അനന്തരവളായ മധു ശര്‍മ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. 2015 മേയില്‍ പ്രത്യേക അന്വേഷണത്തിനുള്ള ആവശ്യം സുബ്രഹ്മണ്യന്‍ സ്വാമി ആവര്‍ത്തിച്ചു. ബിജെപി നേതാക്കള്‍ മിണ്ടിയതേ ഇല്ല.

അപ്പോള്‍, വിദ്യാഭ്യാസ വകുപ്പിലെ ആ ആര്‍എസ്എസുകാരന്‍ ആരാണ് മന്ത്രി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍