UPDATES

വായിച്ചോ‌

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ ആധാർ വിയോജനക്കുറിപ്പ് ആധാരമാക്കി ജമൈക്കൻ സുപ്രീംകോടതിയുടെ വിധി

ജമൈക്കൻ ചീഫ് ജസ്റ്റിസ് ബ്ര്യാൻ സൈക്സ്, ജസ്റ്റിസ് ഡേവിഡ് ബാറ്റ്സ് എന്നിവരാണ് ചന്ദ്രചൂഢിന്റെ വിയോജനക്കുറിപ്പിനെ തങ്ങളുടെ വിധിന്യായത്തിന് ആധാരമാക്കിയത്.

ആധാർ നിയവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എഴുതിയ വിധിന്യായത്തെ പിൻപറ്റി ജമൈക്കൻ സുപ്രീംകോടതി ജഡ്ജിമാർ. ജമൈക്കയുടെ നാഷണൽ ഐഡന്റിഫിക്കേഷൻ ആൻഡ് രജിസ്ട്രേഷൻ ആക്ട് പ്രകാരം പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ഒരിടത്ത് ശേഖരിച്ചു വെക്കുന്നതിനെ സംബന്ധിച്ചാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ, എ എൻ ഖാൻവിൽക്കർ എന്നിവരാണ് ആധാറിന് അനുകൂലമായി വിധിയെഴുതിയത്. ഇതിനോട് വിയോജിക്കുന്നതായിരുന്നു ഡിവൈ ചന്ദ്രചൂഢിന്റെ വിധിന്യായം. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു ഈ വിധിന്യായം.

ജമൈക്കൻ ചീഫ് ജസ്റ്റിസ് ബ്ര്യാൻ സൈക്സ്, ജസ്റ്റിസ് ഡേവിഡ് ബാറ്റ്സ് എന്നിവരാണ് ചന്ദ്രചൂഢിന്റെ വിയോജനക്കുറിപ്പിനെ തങ്ങളുടെ വിധിന്യായത്തിന് ആധാരമാക്കിയത്.

ശക്തമായ നിയമഘടനയും കർശനമായ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങളാണ് ജമൈക്കൻ ചീഫ് ജസ്റ്റിസ് ബ്ര്യാൻ സൈക്സ് തന്റെ വിധിന്യായത്തിലേക്ക് കടമെടുത്തത്. വേണ്ടത്ര സന്നാഹപ്പെടാതെയുള്ള ബയോമെട്രിക് വിവരശേഖരണം ജനങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വൻ ഭീഷണിയായി മാറുമെന്നായിരുന്നു ചന്ദ്രചൂഢിന്റെ വിലയിരുത്തൽ. ഇത് വിവേചനത്തിന് കാരണമാകും. ആളുകളെ വേറിട്ട് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടാനും അതുവഴി കൂട്ട നിരീക്ഷണത്തിനുള്ള സന്നാഹങ്ങളൊരുങ്ങാനും കാരണമാകുമെന്ന് ചന്ദ്രചൂഢ് നിരീക്ഷിക്കുകയുണ്ടായി. ഈ ഭാഗമാണ് ജസ്റ്റിസ് സൈക്സ് തന്റെ വിധിന്യായത്തിൽ ഉപയോഗിച്ചത്. വികസിതരാജ്യങ്ങളിൽ ഇത്തരം കേന്ദ്രീകൃത ഡാറ്റാബേസ് സൂക്ഷിപ്പു സംവിധാനം നിലവിലില്ലാത്തതിനെക്കുറിച്ചും ചന്ദ്രചൂഢ് പറഞ്ഞിരുന്നു.

ചന്ദ്രചൂഢിന്റെ വിധിന്യായം പൗരന്മാരുടെ സ്വകാര്യതയെന്ന ഗൗരവമേറിയ വിഷയത്തിൽ തെളിച്ചമുള്ള കാഴ്ചയാണ് നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് സൈക്സ് അഭിപ്രായപ്പെട്ടു. ഭരണകൂടമോ മറ്റേതെങ്കിലും സംവിധാനമോ വ്യക്തിഗത വിവരങ്ങളിന്മേൽ നിയന്ത്രണം സ്ഥാപിക്കുന്നത് സംബന്ധിച്ച് മറ്റു ജഡ്ജിമാരുടെ നിലപാടുകളെക്കാൾ ചന്ദ്രചൂഢിന്റെ നിലപാടിനോടാണ് താൻ യോജിക്കുന്നതെന്നും അദ്ദേഹം വിധിന്യായത്തിൽ എഴുതി.

ജസ്റ്റിസ് ബാറ്റ്സിന്റെ വിധിന്യായവും ചന്ദ്രചൂഢിന്റെ വിധിന്യായത്തെ ഏറെ പിൻപറ്റിയുള്ളതായിരുന്നു. ആധാർ നമ്പരുകൾ സ്വകാര്യ കമ്പനികള്‍ക്കും ഉപയോഗിക്കാമെന്ന് തീരുമാനമെടുത്തതിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ വാണിജ്യാവശ്യത്തിനായു ദുരുപയോഗം ചെയ്യാൻ വഴിയൊരുങ്ങുകയാണെന്ന് ചന്ദ്രചൂഢ് വിധിന്യായത്തിൽ പറഞ്ഞത് ബാറ്റ്സ് എടുത്തുപറഞ്ഞു. ഇത് സ്വകാര്യതാ സംരക്ഷണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ചന്ദ്രചൂഢിന്റെ നിരീക്ഷണത്തോടും ബാറ്റ്സ് യോജിച്ചു.

അവനവനുമേലുള്ള അധികാരത്തെ ത്യജിച്ച് സ്വകാര്യവിവരങ്ങൾ സർക്കാരിനും മറ്റുള്ളവർക്കും ഉപയോഗിക്കാൻ വിട്ടുകൊടുത്തിട്ടും ജനങ്ങൾക്ക് സബ്സിഡിയോ മറ്റാനുകൂല്യങ്ങളോ കൃത്യതയോടെ നൽകാൻ കഴിഞ്ഞില്ലെന്ന പ്രശ്നവും ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടിയിരുന്നു. ബയോമെട്രിക് വിവരശേഖരണം കാര്യത്തിന് കൊള്ളില്ലെന്നതിന് ഉദാഹരണമായാണ് ചന്ദ്രചൂഢ് ഇക്കാര്യം വിധിന്യായത്തിൽ പറഞ്ഞത്. ഇതും ബാറ്റ്സ് എടുത്തുപറയുകയുണ്ടായി.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍