UPDATES

ഒരു പ്രധാനമന്ത്രിക്ക് എത്രത്തോളം തരംതാഴാം? മോദി കര്‍ണ്ണാടകയില്‍ തെളിയിക്കുന്നത്

വ്യാജവാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും നിങ്ങളെങ്ങനെയാണ് ഒരാളെ തടയുക, അയാള്‍ നിങ്ങളുടെ രാജ്യത്തിന്റെ തലവനാണെങ്കില്‍?

വ്യാജവാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും നിങ്ങളെങ്ങനെയാണ് ഒരാളെ തടയുക, അയാള്‍ നിങ്ങളുടെ രാജ്യത്തിന്റെ തലവനാണെങ്കില്‍?

ഇത് ഇന്ത്യക്കാരെ മാത്രമല്ല, യു എസിലെയും മറ്റനവധി രാജ്യങ്ങളിലേയും പൌരന്മാരെ അലട്ടുന്ന ചോദ്യമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് രാജ്യത്തെ വര്‍ഗീയ വിദ്വേഷവും ഭിന്നിപ്പും കൂടുതല്‍ രൂക്ഷമാക്കാനും അക്രമവും മരണങ്ങളും സൃഷ്ടിക്കാനും പ്രത്യക്ഷമായ ശേഷിയുള്ളതാണ്.

ഭരണത്തിലിരിക്കുന്നവര്‍ എപ്പോഴും ഭരണഘടനയുടെ കാവല്‍ക്കാരോ രാജ്യത്തെ നിയമങ്ങളെ മാനിക്കുന്നവരോ ആകണമെന്നില്ല എന്നാണ് ഇപ്പോള്‍ നടക്കുന്ന കര്‍ണാടക നിയമസഭാ പ്രചാരണത്തില്‍ മോദിയുടെ പ്രകടനം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്. മാന്യതയും ഭരണഘടന മൂല്യങ്ങളും രാഷ്ട്രീയ സംവാദങ്ങളില്‍ ഉണ്ടാകുന്നു എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവര്‍ അടങ്ങുന്ന സമൂഹം എങ്ങനെയാണ് ഉറപ്പുവരുത്തുക എന്നാണ് ചോദ്യം.

മോദി ഒരു പ്രാദേശിക നേതാവ് മാത്രമായിരുന്നെങ്കില്‍ ഇതവഗണിക്കാമായിരുന്നു, എന്നാല്‍ അയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ആയിരക്കണക്കിനാളുകള്‍ക്ക് അയാളുടെ വാക്കുകള്‍ സത്യവചനങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, കര്‍ണാടകത്തില്‍ ബി ജെ പിയുടെ വിജയം ഉറപ്പാക്കുന്നതിനുള്ള യാതൊരു തത്വദീക്ഷയുമില്ലാത്ത കളിയില്‍- ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ അയാള്‍ക്കുള്ള നിര്‍ണായകമായ അടിത്തറയാണത്- മോദി ഇന്ത്യയുടെ സൈനിക ചരിത്രത്തെ, നെഹ്രു കാലത്തിന്റെ ആഖ്യാനങ്ങളെ, വളച്ചൊടിച്ച, വര്‍ഗീയവാദിയായ ഒരു ശരാശരിയിലും താഴ്ന്ന ഒരു കാര്‍ട്ടൂണിസ്റ്റിനെ അതുല്യ പ്രതിഭയായി വാഴ്ത്തി, കര്‍ണ്ണാടകത്തില്‍ മുസ്ലീം മതമൌലികവാദികള്‍ ഹിന്ദുക്കളെ കൊന്നുവെന്ന കള്ളക്കഥകളെ വീണ്ടും ജീവന്‍ നല്കി പറത്തിവിട്ടു.

ശനിയാഴ്ച്ച മംഗളൂരുവില്‍ നടത്തിയ പ്രസംഗത്തില്‍, തീര്‍ത്തും വ്യാജമെന്ന് തെളിയിക്കപ്പെട്ട ഒരു കഥ നരേന്ദ്ര മോദി വീണ്ടും ആവര്‍ത്തിച്ചു. വര്‍ഗീയ സംഘര്‍ഷസാധ്യതയുള്ള ഈ പ്രദേശത്ത്, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് കുറഞ്ഞത് രണ്ടു ഡസന്‍ ബി ജെ പി പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടു എന്ന് മോദി അവര്‍ത്തിച്ചു.

ഉഡുപ്പി-ചിക്കമഗ്ലൂരു എം പി ശോഭ കരന്ത്ലാജെ 2017 ജൂലായ് 8-നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് അയച്ച ഒരു കത്തിലാണ് ഈ അവകാശവാദത്തിന്റെ തുടക്കം. 23 ഹിന്ദു പ്രവര്‍ത്തകരെ “ജിഹാദി വിഭാഗങ്ങള്‍” കൊന്നുവെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

നിരവധി മാധ്യമ അന്വേഷണങ്ങളും പോലീസും ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. ഈ പട്ടികയിലെ മിക്ക പേരുകളും വ്യക്തി വൈരാഗ്യം കൊണ്ടോ, ഭൂമി തര്‍ക്കങ്ങളിലോ കൊല്ലപ്പെട്ടവരാണ്. 10 കൊലപാതകങ്ങള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തില്‍ മുസ്ലീം സംഘടനകളുമായി ബന്ധമുള്ളൂ. അത്തരത്തിലൊരു വര്‍ഗീയ പ്രസ്താവന കരന്ത്ലാജെ നടത്തുന്നതില്‍ അത്ഭുതമില്ല, കാരണം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ തന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പൊക്കിയതുന്നെ.

എന്നാല്‍ നിങ്ങളുടെ പ്രധാനമന്ത്രി അത്തരമൊരു വ്യാജ അവകാശവാദത്തെ പൊക്കിപ്പിടിക്കുമ്പോള്‍ ഈ റിപ്പബ്ലിക്കിന് ആശങ്കയ്ക്ക് കാരണങ്ങളുണ്ട്.

മോദിയെ സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ചെയ്യുന്നത് അയാളുടെ പതിവായിരിക്കുകയാണ്: ഒന്ന്, അയാള്‍ എപ്പോഴും തെരഞ്ഞെടുപ്പ് കാലത്തിലാണ്; രണ്ട്, അധികാരം നേടാന്‍ വേണ്ടി അയാള്‍ എത്ര വേണമെങ്കിലും തരം താഴും. ഇത് രണ്ടും ന്യായീകരിക്കാവുന്നതാണെന്ന് അയാള്‍ കരുതുകയും ചെയ്യുന്നു.

തന്റെ ഔദ്യോഗിക കാര്യാലയത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിദേശ യാത്രകള്‍ക്കും ചെലവഴിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇയാള്‍. ഫലമോ, നിങ്ങള്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരോട് ചോദിച്ചു നോക്കൂ, ഭരണനിര്‍വ്വഹണം ഇഴഞ്ഞിഴഞ്ഞാണ് നടക്കുന്നത്. പ്രധാനമന്ത്രി കാര്യാലയത്തിലെ യോഗം എപ്പോഴെങ്കിലും നടന്നാല്‍ അത് വലിയൊരു ആഘോഷപരിപാടി പോലെയാണ്. പ്രധാനമന്ത്രി കാര്യാലയം ഒരു പൊതു പ്രചാരണ-PR- കമ്പനിയായി മാറിയിരിക്കുന്നു.

മോദി അങ്ങേയറ്റം തരം താണിരിക്കുന്നു, പ്രധാനമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല: മന്‍മോഹന്‍ സിംഗ്

കഴിഞ്ഞ ദിവസമാണ് മോദി ബംഗളൂരുവിനെ ‘ചവറ് നഗരം’ എന്ന് വിളിച്ചത്. എന്നാല്‍ അയാളുടെ ഏറ്റവും വൃത്തികെട്ട പരാമര്‍ശം നെഹ്രു കാലത്ത് സൈനിക മേധാവികളുമായുള്ള ബന്ധത്തെക്കുറിച്ചുള്ളതായിരുന്നു.

മെയ് 3-നു വസ്തുതാപരമായ പിഴവുകളുടെ ഒരു ഘോഷയാത്രയില്‍, മോദി ആരോപിച്ചത്, ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നിന്നുള്ള രണ്ടു സൈനിക മേധാവികളെ അവഹേളിച്ചു എന്നാണ്- ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ, ജനറല്‍ കെ എസ് തിമ്മയ്യ.

ഇന്ത്യന്‍ സൈന്യം കാശ്മീരിന്റെ മിക്ക ഭാഗങ്ങളും സംരക്ഷിച്ചപ്പോള്‍ 1948-ല്‍ സേന മേധാവിയായിരുന്ന ജനറല്‍ തിമ്മയ്യയെ, നെഹ്രുവും അന്നത്തെ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനും അപമാനിച്ചെന്നും, രാജിവെക്കാന്‍ നിര്‍ബന്ധിച്ചു എന്നുമാണ് മോദി അവകാശപ്പെട്ടത്. ചരിത്രകാരന്മാര്‍ ‘നെറികെട്ട അസംബന്ധം’ എന്നാണ് ഇതിനെ വിളിച്ചത്. കാരണം അന്ന് മേനോന്‍ യു കെയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ആയിരുന്നു. ഏറെക്കാലം കഴിഞ്ഞാണ് അദ്ദേഹം പ്രതിരോധ മന്ത്രിയാകുന്നത്. കാശ്മീര്‍ ദൌത്യത്തിന്റെ കാലത്ത് തിമ്മയ്യ സേന മേധാവിയായിരുന്നില്ല. തിമ്മയ്യ രാജിവെക്കുകയും ചെയ്തിട്ടില്ല.

മോദി മറ്റൊരു രാഷ്ട്രമാണ്: ‘മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനെസി’നെ പറ്റി അരുന്ധതി റോയ്‌

1962-ലെ ഇന്ത്യ-ചൈന യുദ്ധം വിജയിച്ചത് ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയുടെ നേതൃത്വത്തിലായിരുന്നു എന്ന് മോദി തന്റെ ഉളുപ്പില്ലാത്ത കളവുകള്‍ തുടര്‍ന്നു പറഞ്ഞു. പക്ഷേ അയാളെ കോണ്‍ഗ്രസ് സര്‍കാര്‍ മാന്യമായല്ല പരിഗണിച്ചതെന്നും. ഏത് യുദ്ധത്തെക്കുറിച്ചാണ് മോദി പറയുന്നതെന്ന് നമുക്കറിയില്ല, തീര്‍ച്ചയായും അയാള്‍ക്കും അറിയില്ലായിരിക്കും. കാരണം ചൈന യുദ്ധകാലത്ത് കരിയപ്പ സൈന്യത്തില്‍ സജീവമല്ലായിരുന്നു.

ലഫ്റ്റനന്‍റ് ജനറല്‍ സര്‍ റോയ് ബുച്ചറെ മാറ്റിയാണ് ജനറല്‍ കരിയപ്പ 1949-ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഫീല്‍ഡ് മാര്‍ഷല്‍ ആകുന്നത്. ശരിയാണ് കരിയപ്പയും നെഹ്റുവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അത് 1951-ല്‍. അതിനര്‍ത്ഥം നെഹ്രു രാജ്യത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ അവഗണിച്ചു എന്നല്ല.

ഇത് ചരിത്ര വസ്തുതകളുടെ പ്രശ്നമല്ല. ഇത് രാഷ്ട്രീയത്തെക്കുറിച്ചാണ്. ഒരുതരത്തിലുള്ള അതിര്‍ വരമ്പുകളില്ലാത്ത രാഷ്ട്രീയം നമുക്ക് താങ്ങാനാകുമോ? നമ്മുടെ നേതാക്കളെ, അതിപ്പോള്‍ പ്രധാനമന്ത്രിയായാലും, ഒരു തെരഞ്ഞെടുപ്പ് ജയിക്കാനായി വ്യാജവാര്‍ത്തകളും കളവും പ്രചരിപ്പിക്കാനും എത്ര ഹീനമായ തരത്തിലേക്ക് താഴാനും നമുക്ക് അനുവദിക്കാനാകുമോ?

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍