UPDATES

ട്രെന്‍ഡിങ്ങ്

ആണവ പരിപാടിക്ക് തുരങ്കം വയ്ക്കുന്ന അഡ്മിറലും പക്ഷപാതിത്വത്തിന്റെ ഇന്ത്യന്‍ വഴികളും

അഡ്മിറല്‍ ചാറ്റര്‍ജി പിടിക്കപ്പെട്ടു, അവിടെ ധൈര്യശാലിയായ ഒരു കമാന്‍ഡര്‍ ലൂത്ര പൊരുതാന്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രം.

ആയിരം വട്ടം നാം ആവര്‍ത്തിച്ചു പറയേണ്ട കഥയാണിത്. രാജ്യത്തിന്റെ സുരക്ഷയും പുരോഗതിയും ജനാധിപത്യവും എങ്ങനെയാണ് സ്വജനപക്ഷപാതപരമായ നടപടികള്‍ കൊണ്ട് അട്ടിമറിക്കപ്പെടുന്നത് എന്നുകാണിക്കാന്‍ ഇതിലും നല്ല ഉദാഹരണങ്ങളില്ല.

ഈയാഴ്ച ആദ്യം ന്യൂഡല്‍ഹിയിലെ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണല്‍ ഒരു അസാധാരണ വിധി പുറപ്പെടുവിച്ചു. മരുമകന് അനധികൃതമായി നേട്ടങ്ങളുണ്ടാക്കാന്‍ സഹായിച്ചതിന്റെ പേരില്‍ ഒരു റിട്ടയേര്‍ഡ് വൈസ് അഡ്മിറലിന് ട്രിബ്യൂണല്‍ അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. രാജ്യത്തിന്റെ ജലാന്തര ആണവ പരിപാടികളെ പ്രതികൂലമായി ബാധിക്കുന്നതാണ് അദ്ദേഹത്തിന്റെ നടപടി എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

പരമരഹസ്യമായ ആണവ രഹസ്യം

ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ആണവ മിസൈലുകള്‍. ഇവ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആണവ മിസൈലുകള്‍ ഘടിപ്പിച്ച അന്തര്‍വാഹിനികള്‍ വളരെക്കാലം ജലാന്തര്‍ ഭാഗത്തു തന്നെയാണ് രഹസ്യമായി സൂക്ഷിക്കാറുള്ളതും ആവശ്യം വരുമ്പോള്‍ അവിടെ നിന്നു തന്നെയാണ് അവ പ്രയോഗിക്കുന്നതും. ഏതെങ്കിലും രാജ്യം തങ്ങള്‍ക്കെതിരെ ആണവാക്രമണമോ കെമിക്കല്‍, ജൈവായുധങ്ങളോ പ്രയോഗിച്ചാല്‍ മാത്രമേ ആണവായുധം ഉപയോഗിക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളിലെ ഏറ്റവും നിര്‍ണായക ഘടകവുമാണ് ജലാന്തര ആണവ അന്തര്‍വാഹിനികള്‍.

നാവിക സേന ഇതുവരെ രണ്ട് ആണവ അന്തര്‍വാഹിനകളാണ് സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ട്രിബൂണല്‍ ചൂണ്ടിക്കാട്ടി- ഐ.എന്‍.എസ് ചക്രയും ഐ.എന്‍.എസ് അരിഹന്ദും. റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്ത ഐ.എന്‍.എസ് ചക്രയാണ് ആദ്യത്തെ ആണവ അന്തര്‍വാഹിനി. റിയാക്ടര്‍ ഓപ്പറേറ്റര്‍മാരായി ഏഴ് ഉദ്യോഗസ്ഥര്‍ റഷ്യയില്‍ വന്‍ ചെലവേറിയ പരിശീലനം നേടുകയും ചെയ്തു. ഇതില്‍ റഷ്യയില്‍ നിന്ന് പരിശീലനം ലഭിച്ച ഏഴുപേരിലൊരാളായ കമാന്‍ഡര്‍ എസ്.എസ് ലുത്രയാണ് പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. ഇതില്‍ നിന്നു വ്യത്യസ്തമായി ഐ.എന്‍.എസ് അരിഹന്ദ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച, അതില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ തന്നെ പരിശീലനം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഈ അരിഹിന്ദില്‍ ജോലി ചെയ്യുന്നയാളായിരുന്നു റിട്ട. വൈസ് അഡ്മിറലിന്റെ മരുമകനായ ക്യാപ്റ്റന്‍ എവി അഗാഷെ.

ലൂത്രയുടെ പരാതിയില്‍ പറയുന്നത്, ന്യൂക്ലിയര്‍ സേഫ്റ്റി ഐ.ജിയായിരുന്ന വൈസ് അഡ്മിറല്‍ പി.കെ ചാറ്റര്‍ജി, ആണവ അന്തര്‍വാഹിനികളിലെ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ റഷ്യയില്‍ പരിശീലനം നേടിയ താനടക്കമുള്ളവരെ തഴഞ്ഞ് തന്റെ മരുമകനായ ക്യാപറ്റന്‍ അഗാഷെയ്ക്ക് വേണ്ടി വിവേചനം കാട്ടി എന്നാണ്.

അഡ്മിറല്‍ ചാറ്റര്‍ജി ലൂത്രയുടെ quantitative assessment കുറച്ചു കാണിക്കുക മാത്രമല്ല, ഇതേ സമയത്തു തന്നെ തന്റെ മരുമകന്റെ quantitative assessment-ല്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തുകയും ചെയ്‌തെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ക്യാപ്റ്റണ്‍ അഗാഷെയ്ക്ക് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഓഫീസര്‍മാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ അഡ്മിറല്‍ ചാറ്റര്‍ജിക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ട്രിബ്യൂണല്‍ പറയുന്നു.

നാവിക സേനയുടെ ആണവ അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന അഡ്മിറലിന്റെ പക്ഷപാതിത്വം എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ട്രിബ്യൂണല്‍.

പ്രൊമോഷന്റെ കാര്യത്തിലൂം ഈ പക്ഷപാതിത്വം നടന്നിട്ടുണ്ടെന്ന് കമാന്‍ഡര്‍ ലൂത്ര ട്രിബ്യൂണലിനു മുമ്പാകെ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു. പ്രൊമോഷന്‍ ബോര്‍ഡ് 2B/14 അനുസരിച്ച് ക്യാപ്റ്റണ്‍ എ.വി അഗാഷെ അല്ലാതെ മറ്റൊരു റിയാക്ടര്‍ ഓപ്പറേറ്റര്‍ക്കും പ്രൊമോഷന്‍ നല്‍കിയിട്ടില്ല. 2B/14-ലും PB 2/15-ലും ഐ.എന്‍.എസ് ചക്രയില്‍ നിന്നുള്ള ഒരു റിയാക്ടര്‍ ഓപ്പറേറ്റര്‍ക്കു പോലൂം പ്രൊമോഷന്‍ നല്‍കിയിട്ടില്ലെന്നും ലൂത്ര ട്രിബ്യൂണലില്‍ വ്യക്തമാക്കി.

കമാന്‍ഡര്‍ ലൂത്ര തന്റെ കാലാവധി തീരുന്നതിനു മുമ്പു തന്നെ സേനയില്‍ നിന്ന് സ്വയം വിരമിച്ചിരുന്നു. ലൂത്രയ്ക്ക് തന്റെ യഥാര്‍ത്ഥ ബാച്ചിനൊപ്പമുള്ള പരിഗണന നല്‍കി ക്യാപ്റ്റനായി പ്രൊമോഷന്‍ നല്‍കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കമാന്‍ഡര്‍ ലൂത്രയ്ക്ക് നല്‍കാനും ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.

ട്രിബ്യൂണലിന്റെ വിധി വന്നെങ്കില്‍ പോലും റഷ്യയില്‍ വളരെ ചെലവേറിയ പരിശീലനം പൂര്‍ത്തിയാക്കിയവരെ തഴഞ്ഞതു വഴിയുള്ള നഷ്ടവും ആണവായുധ പരിപാടിയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ള പരിക്കുകളും ചില്ലറയല്ലെന്ന് നാവിക സേനാ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

ഇങ്ങനെയാണ് പക്ഷപാതിത്വം പ്രവര്‍ത്തിക്കുന്നത്. മക്കള്‍വാഴ്ചയും പ്രഭു ജനാധിപത്യവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എങ്ങനെ ശക്തമാണ് എന്നത് നമുക്ക് ഒരു പ്രശ്‌നമേ അല്ല എന്നതും അഡാനിമാര്‍ക്ക് മാത്രം ലഭിക്കുന്ന മുന്‍ഗണനാ, പരിഗണനകള്‍ കണ്ടിട്ട് നമുക്ക് ദേഷ്യം വരാതിരിക്കുകയും ചെയ്യുന്നെങ്കില്‍ ഇത് ഒരിക്കല്‍ കൂടി വായിച്ചു നോക്കുക.

നിങ്ങളുടെ ചുറ്റിലുമുള്ള വലിയ, സമ്പന്നരായ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അടുത്ത എം.പിയോ എം.എല്‍.എയോ ഒക്കെ ആകുമ്പോള്‍, വ്യവസായ സ്ഥാപനങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രധാനമന്ത്രിയും നമ്മുടെ മുതിര്‍ന്ന നേതാക്കളുമൊക്കെ സഞ്ചരിക്കുമ്പോള്‍ ഓര്‍ക്കുക, അവര്‍ നമ്മുടെ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ തന്നെയാണ് കത്തിവയ്ക്കുന്നത് എന്ന്.

അഡ്മിറല്‍ ചാറ്റര്‍ജി പിടിക്കപ്പെട്ടു, അവിടെ ധൈര്യശാലിയായ ഒരു കമാന്‍ഡര്‍ ലൂത്ര പൊരുതാന്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍