UPDATES

നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നാം നടന്ന അധാര്‍മ്മിക ദൂരം

ഇത് സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ്.

എത്ര പെട്ടെന്നാണ് നാം നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നടന്നെത്തിയത്? എത്ര ഭയാനകമായാണ്, എത്ര നിര്‍വികാരമായാണ്, എത്ര ഹിംസാത്മകമായാണ്, നാം ഇത്രയും ദൂരം എത്തിയത്? 2012 എത്രയോ അകലെയുള്ള കാലമായി മാറി.

ഇത് ബി ജെ പി യും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദത്തിന്റെ പ്രതിസന്ധി മാത്രമല്ല. ഇത് ഉദാര ജനാധിപത്യവാദികളുടെ ഹൃദയവേദന മാത്രമല്ല. ഇത് സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ്.

2012-ല്‍ നിര്‍ഭയ, ശരിയായ പേര് ജ്യോതി സിംഗ് പാണ്ഡേ, എന്ന 23 കാരിയായ ഫിസിയോതെറാപ്പി പരിശീലന വിദ്യാര്‍ത്ഥി, തന്റെ ആണ്‍സുഹൃത്തുമൊത്ത് ഒരു സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു സംഘം കുറ്റവാളികള്‍ അവളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ആറു പേരാണ് ആക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. അതിക്രമത്തിലേറ്റ പരിക്കുകള്‍ മൂലം ജ്യോതി കുറച്ചു ദിവസങ്ങള്‍ക്കുശേഷം മരിച്ചു. പക്ഷേ അന്നത് വെറും കുറ്റവാളികള്‍ മാത്രമായിരുന്നു. ജനരോഷം തെരുവുകളില്‍ അണപൊട്ടിയപ്പോള്‍ ആരും നിര്‍ഭയയുടെ മതം ചോദിച്ചില്ല, ഒരു രാഷ്ട്രീയക്കാരനും നിര്‍ഭയയെ പീഡിപ്പിച്ചവരെ ന്യായീകരിച്ചില്ല.

2018-ല്‍ നാടോടികളായ ബകേര്‍വാല്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട എട്ടു വയസുകാരിയായ ആസിഫയെ തട്ടിക്കൊണ്ടുപോയി, മയക്കിക്കിടത്തി, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തു. എന്തായിരുന്നു അവരുടെ ഉദ്ദേശം? ബ്രാഹ്മണ ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ ഈയിടെയായി സ്ഥലം വാങ്ങി താമസമുറപ്പിച്ച ബകേര്‍വാലികളെ പ്രദേശത്തുനിന്നും ഓടിക്കുക.

ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ഒരു റവന്യൂ ജീവനക്കാരനാണ് ഗൂഢാലോചനയിലെ പ്രധാന സൂത്രധാരന്‍. അയാള്‍ക്കൊപ്പം ഒരു പത്തൊന്‍പതുകാരനും രണ്ടു സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും മറ്റ് ചിലരും കൂടി ചേര്‍ന്നു, ആ ചെറിയ പെണ്‍കുട്ടിയെ മയക്കിക്കിടത്താനും ബലാത്സംഗം ചെയ്യാനും ഒടുവില്‍ കൊന്നുകളയാനും.

എട്ടു വയസ്സുകാരിയുടെ ബലാത്സംഗ കൊല; കാശ്മീരില്‍ ഹിന്ദുത്വയുടെ ഹീന രാഷ്ട്രീയം

ഈ ഭീകരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നപ്പോള്‍ നിയമവാഴ്ച്ച ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാരിലെ രണ്ടു ബി ജെ പി മന്ത്രിമാരും ജമ്മു കാശ്മീരിലെ ഒരു വിഭാഗം അഭിഭാഷകരും ‘ഹിന്ദുക്കളുടെ’ അറസ്റ്റില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി.

ഹിന്ദു ഏക്താ മഞ്ച്, ഭാരത് ബചാവോ രഥയാത്ര തുടങ്ങിയ സംഘടനകളുണ്ടാക്കി അവര്‍. ദേശീയപതാകയും മറ്റ് ദേശീയത ചിഹ്നങ്ങളും ബലാത്സംഗികളെ രക്ഷിക്കാനായി അവര്‍ ഉപയോഗിച്ചു. ഭാരത് മാതയെ അവര്‍ പകയോടെ ആക്രമിച്ചു.

അധികം അകലെയല്ലാതെ നിയമവാഴ്ചയില്ലാത്ത ഉത്തര്‍ പ്രദേശില്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെംഗര്‍ അയല്‍ക്കാരിയായ ഒരു പതിനേഴുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അവള്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും പരാതി നല്കിയപ്പോള്‍-പ്രത്യേകിച്ചൊരു ഫലവും ഉടനടി ഉണ്ടായില്ല- അവര്‍ അവളുടെ അച്ഛനെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തിട്ട്, അടുത്തുള്ള ഒരു വേപ്പ് മരത്തില്‍ കെട്ടിയിട്ട് നിര്‍ദയം മര്‍ദ്ദിച്ചു. അയാളെ ക്രൂരമായി തല്ലിച്ചതക്കുന്നതിന് പോലീസുകാര്‍ കാവല്‍ നിന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സംസ്ഥാന ഭരണകൂടം ഒന്നനങ്ങിക്കിട്ടാന്‍ ആ പെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കേണ്ടിവന്നു.

കതുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതെന്ത്?

ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ഈ രണ്ടു സംഭവങ്ങളും പറയുന്നതെന്താണ്?

2012-ല്‍ രണ്ടാം യു പിഎ സര്‍ക്കാരിന്റെ കാലത്ത് മുഴുവന്‍, ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍, മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തപ്പോള്‍, കുറവാളികളെ പിടികൂടുകയും അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരികയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങള്‍ ഒരു വഴിതെറ്റലായിരുന്നു, നടപ്പ് മര്യാദയായിരുന്നില്ല. നിര്‍ഭയയെ ബലാത്സംഗം ചെയ്ത കുറ്റവാളികള്‍, കുറ്റവാളികള്‍ മാത്രമായിരുന്നു. അവര്‍ക്ക് ഭരണകൂടത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നില്ല.

നാം എവിടെക്കാണ് എത്തിയത്?

ആസിഫ കൊലപാതകത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും കതുവാ ബാര്‍ അസോസിയേഷന്‍ ക്രൈം ബ്രാഞ്ചിനെ തടയാന്‍ ശ്രമിച്ചു. ഭഗവാന്‍ രാമന്റെ പേരില്‍ അഭിഭാഷകര്‍ വെറും ആള്‍ക്കൂട്ടമായി മാറി. നമ്മുടെ കാലത്തിന്റെ വൈരുദ്ധ്യങ്ങളുടെ നേര്‍ക്കാഴ്ച്ച പോലെ, ജമ്മു കാശ്മീര്‍ ഭരണകൂടത്തെ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു; ഏറെ നാളുകളായി തീവ്രവാദികള്‍ പറയുന്നതും അതാണ്. ഇരുകൂട്ടര്‍ക്കും തമ്മില്‍ ഒരു വിഭാഗത്തിന്റെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു എന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്നൊന്നും അറിയാത്ത എന്റെ കുഞ്ഞിനോടാണ് ആ മൃഗങ്ങള്‍ പ്രതികാരം ചെയ്തത്; ആസിഫയുടെ പിതാവ്

സര്‍ക്കാരിന്റെ അരികുകളിലൂടെ നിയമരാഹിത്യവും കുറ്റവാളികളും ഭരണത്തിലേക്ക് നുഴഞ്ഞുകയറുന്നു-ബലാത്സംഗിയായ ഒരു കൊലപാതകിയാണ് എം എല്‍ എ, ബലാത്സംഗികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണകക്ഷി സംരക്ഷിക്കുന്നു.

ഇത് കോണ്‍ഗ്രസിനെയും ബി ജെ പിയെയും കുറിച്ചല്ല, ഇത് ഹിന്ദുവിനെയും മുസ്ലീമിനെയും കുറിച്ചല്ല. സകലതും മത, രാഷ്ട്രീയ സ്വത്വങ്ങളില്‍ മാത്രം നിര്‍ണയിക്കപ്പെടുന്ന കരാളമായ, അധാര്‍മികമായ ഭ്രാന്തിനെക്കുറിച്ചാണിത്. ഒരു കുട്ടിയുടെ കൊലപാതകം പോലും ഈ ഭിന്നതകളെ ആഴത്തിലാക്കാനാണ് ഉപയോഗിക്കുന്നത്.

ഈ യാഥാര്‍ത്ഥ്യത്തെ രൂക്ഷമാക്കുന്നതെന്താണ്?

അഴിമതി വിരുദ്ധ ക്ഷോഭത്തിന്റെ മുകളില്‍ കയറി ഇന്ത്യയിലെമ്പാടും ഒരു പുതിയ തരം രാഷ്ട്രീയം അധികാരം പിടിച്ചെടുക്കാന്‍ ശക്തമായി വന്നു. ധാര്‍മികത പൂര്‍ണമായും ഇല്ലാതാവുകയും അധികാരത്തിന് വേണ്ടി എന്തും ചെയ്യും എന്ന രീതിയിലായിരുന്നു ആ രാഷ്ട്രീയത്തിന്റെ വരവ്. ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും മാപ്പാക്കപ്പെടും.

ജമ്മു ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തുന്നതായി ആസിഫയുടെ അഭിഭാഷക (വീഡിയോ)

ഒരു രാജ്യത്തിന്റെ, സമൂഹത്തിന്റെ നേതാക്കളാണ് ധാര്‍മികതയുടെ പ്രയോഗഭാഷ രൂപപ്പെടുത്തുന്നത്. അവര്‍ വിശാല സമൂഹത്തിന്, സാധാരണക്കാര്‍ക്ക്, കുറ്റവാളികള്‍ക്ക്, നിയമനടത്തിപ്പ് സംഘങ്ങള്‍ക്ക്, എന്തിന് കോടതികള്‍ക്ക് പോലും, തങ്ങള്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയുന്നു എന്ന സന്ദേശം നല്കുന്നു. അവര്‍ അധര്‍മ്മികളെ സംരക്ഷിക്കില്ല, ഭരണഘടന ലംഘിക്കപ്പെടുമ്പോള്‍ നിശബ്ദരായി ഇരിക്കില്ല, സമൂഹത്തിന്റെ നീതിയുടെ വസ്ത്രം വലിച്ചു കീറുമ്പോള്‍ വോട്ടുകള്‍ തട്ടിക്കൂട്ടാനുള്ള കളികള്‍ കളിക്കില്ല.

ഒരു ശക്തമായ സാമൂഹ്യ വിഭാഗം ഉന്നാവോ, കതുവാ സംഭവങ്ങളില്‍ നിശബ്ദരായിരിക്കുന്നതിന്റെ കാരണം അവര്‍ നോക്കുമ്പോള്‍ കാണുന്നത് യാതൊരുവിധ ധാര്‍മിക മൂല്യങ്ങളും ഇല്ലാത്ത കുറ്റവാളികളായ നേതാക്കളെയാണ് എന്നതാണ്.

ഭരണകക്ഷിയുടെ അദ്ധ്യക്ഷന്‍ കൊലക്കുറ്റത്തില്‍ ആരോപിതനാകുമ്പോള്‍, സമുദായ ഐക്യത്തിനുവേണ്ടിയുള്ള പ്രതിപക്ഷ ജാഥയില്‍ കലാപക്കുറ്റത്തിലെ പ്രതി മുന്നില്‍ നടക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ നേതാക്കളില്‍ നിന്നും കേള്‍ക്കുന്നത് ശ്മശാനത്തിലെ നിശബ്ദതയാണ്. കാരണം അവര്‍ നേതാക്കളല്ല, വെറും കുറ്റവാളി മനസ്ഥിതിയുള്ള സ്ത്രീ പുരുഷന്‍മാര്‍ മാത്രമാണ്; അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിപ്പിടിച്ച ഓട്ടത്തിലാണവര്‍.

ആസിഫ, എങ്ങനെയാണ് ഈ രാജ്യം നിനക്ക് നീതി നല്‍കുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍