UPDATES

വിദേശം

മോദി-ട്രംപ് റാലി നടക്കുന്നത് കാശ്മീര്‍ തടവിലാക്കപ്പെട്ട സമയത്ത്; ട്രംപിനോട് സമാനചിന്താഗതിക്കാർ ഒരുമിക്കുന്നു: ബേണീ സാൻഡേഴ്സ്

റാലിയുടെ ആഘോഷാരവങ്ങൾക്കിടെ ഇരുരാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രതിസന്ധികളെ കാണാതെ പോകുന്നത് അസ്വീകാര്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും ചേർന്നുള്ള റാലി നടക്കുന്നത് കാശ്മീര്‍ തടവിലാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണെന്ന് ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡണ്ട് മത്സരാർത്ഥികളിലൊരാളായ ബേണീ സാൻഡേഴ്സ്. ഹൂസ്റ്റൺ ക്രോണിക്കിളിലെഴുതിയ ലേഖനത്തിലാണ് സാൻഡേഴ്സ് ഈ അഭിപ്രായം പങ്കുവെച്ചത്. ഇരുവരും ചേർന്നുള്ള റാലിയുടെ ആഘോഷാരവങ്ങൾക്കിടെ ഇരുരാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രതിസന്ധികളെ കാണാതെ പോകുന്നത് അസ്വീകാര്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“മോദി-ട്രംപ് റാലി നടക്കുന്നത് കാശ്മീർ സംസ്ഥാനം തടവിലാക്കപ്പെട്ട സമയത്താണ്. ഓഗസ്റ്റിന്റെ തുടക്കത്തിൽ കാശ്മീരിന് ഏറെക്കാലം അവകാശമായിരുന്ന സ്വയംഭരണപദവി മോദിയുടെ സർക്കാർ ഏകപക്ഷീയമായി നീക്കം ചെയ്തു. അഭിപ്രായവ്യത്യാസമുള്ളവരെ അടിച്ചമർത്തി, രാഷ്ട്രീയ നേതാക്കളെ ജയിലിലാക്കി, ആശയവിനിമയ സംവിധാനങ്ങളുടെ പ്രവർത്തനം തടഞ്ഞു,” സാൻഡേഴ്സ് കുറിച്ചു.

സംസ്ഥാനത്ത് അടിസ്ഥാന ആരോഗ്യ അവകാശങ്ങൾ പോലും തടയപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഓഗസ്റ്റ് 16ന് എഴുതിയിരുന്നെന്ന് സാൻഡേഴ്സ് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ജീവൻരക്ഷാ മരുന്നുകളുടെ അലഭ്യതയും ജീവൻരക്ഷാ ചികിത്സയുടെ അലഭ്യതയുമെല്ലാം ചേർന്ന് കാശ്മീരിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ നീക്കങ്ങൾക്കെതിരെ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒന്നും ഉരിയാടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരിൽ പാകിസ്താൻ മോശം കളികൾ കളിച്ചിട്ടുണ്ടെന്നും സാൻഡേഴ്സ് ലേഖനത്തിൽ പറയുന്നു. എന്നാൽ, കാശ്മീരികളുടെ താൽപര്യത്തിന് മുൻതൂക്കം നൽകുന്ന, ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഐക്യരാഷ്ട്രസഭാ ഉടമ്പടിയിൽ ഊന്നി സംസാരിക്കേണ്ടിയിരുന്നു ട്രംപെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യുഎസ്സിന്റെ ‘ലോകനേതാവ്’ എന്ന പദവിയെ ഉപേക്ഷിക്കാനാണ് ട്രംപ് തയ്യാറായത്.

അമേരിക്കൻ ജനതയെ നിറത്തിന്റെയും മതത്തിന്റെയും ലൈംഗികതാൽപര്യത്തിന്റെയും പേരിൽ വിഭജിക്കുകയും അതുവഴി രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന ട്രംപിനോട് സമാന ചിന്താഗതിക്കാരായ ലോകനേതാക്കൾ യോജിക്കുന്നുണ്ടെന്ന് സാൻഡേഴ്സ് ലേഖനത്തിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍