UPDATES

വിദേശം

മേക്കപ്പ് ആർട്ടിസ്റ്റിന്റെ മരണം ദുരഭിമാനക്കൊല; കൊന്നത് പ്രണയ വിരോധികളായ ബന്ധുക്കൾ: പലസ്തീനിൽ പ്രതിഷേധവുമായി സ്ത്രീകൾ

വീട്ടുമുറ്റത്ത് ആകസ്മികമായി വീണതിനെ തുടർന്ന് അവള്‍ക്ക് ഗുരുതമായി പരിക്കേറ്റുവെന്നും ഹൃദയാഘാതത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് അവളുടെ കുടുംബം പറയുന്നത്.

സ്ത്രീകൾക്ക് നിയമ പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ഫലസ്തീനികളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. കഴിഞ്ഞ മാസം ഒരു 21 കാരിയായ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രധിഷേധം ആരംഭിച്ചത്. അത് ‘ദുരഭിമാന കൊലപാതക’മാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

ആഗസ്റ്റ് 22 നാണ് ഇസ്രാ ഗാരിബ് കൊല്ലപ്പെട്ടത്. അവളെ ബെത്‌ലഹേമിനടുത്തുള്ള ബീറ്റ് സാഹോറിലെ ആശുപത്രിയിൽ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരണപ്പെടുകയും ചെയ്തു. ആരോപണം സംബന്ധിച്ച് പലസ്തീൻ അതോറിറ്റി (പി‌എ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് ഇസ്രാ ഗാരിബ്. ഒരു പുരുഷനുമൊത്തുള്ള വീഡിയോ അവള്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ആ വീഡിയോ സന്ദേശത്തില്‍നിന്നും വ്യക്തവുമാണ്. അതാണ്‌ ബന്ധുക്കളെ ചൊടിപ്പിച്ചതെന്നും, അവളെ മര്‍ദ്ദിച്ചു കൊല്ലാന്‍ കാരണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ഗാരിബിന്റെ കുടുംബം ആരോപണം നിഷേധിച്ചു. വീട്ടുമുറ്റത്ത് ആകസ്മികമായി വീണതിനെ തുടർന്ന് അവള്‍ക്ക് ഗുരുതമായി പരിക്കേറ്റുവെന്നും ഹൃദയാഘാതത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് അവളുടെ കുടുംബം പറയുന്നത്. ഗാരിബിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പലസ്തീനിലും സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. #JusticeforIsraa എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിക്കപ്പെടുന്നുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കണമെന്നും സ്ത്രീകൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

കുടുംബങ്ങളുടെ ദുരഭിമാനത്തിന്‍റെ ഇരകളായി ഈ വർഷം കുറഞ്ഞത് 18 പലസ്തീൻ സ്ത്രീകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. പുരുഷന്മാരെ ധിക്കരിക്കുന്നതോ, സ്ത്രീകളുമായി ബന്ധപ്പെട്ട യാഥാസ്ഥിതിക മൂല്യങ്ങള്‍ പിന്തുടരാതിരിക്കുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ജനറൽ യൂണിയൻ ഓഫ് പലസ്തീൻ വുമൺ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍