UPDATES

വിദ്യാർത്ഥി യൂണിയന്റെ തലപ്പത്ത് അപ്പാ റാവു; ഹൈദരബാദ് സര്‍വകലാശാലയില്‍ സംഭവിക്കുന്നത്‌

യൂണിയനെ നിയമവിധേയമാക്കാനാണ് പുതിയ ചട്ടങ്ങള്‍ എന്നാണ് അധികാരികള്‍ നിരത്തുന്ന ന്യായം

കലാലയങ്ങളിലേക്ക് വീണ്ടും കടന്നുകയറുകയാണ് അധികാരികള്‍. എതിര്‍ശബ്ദങ്ങള്‍ ആദ്യമുയരുന്ന ലോകത്തെ ഇല്ലായ്മ ചെയ്യാനാണ് അവരുടെ ശ്രമങ്ങള്‍. പുതുച്ചേരിയില്‍ ബിജെപി എംപി തരുണ്‍ വിജയിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ തല്ലിചതച്ച അധികാരികള്‍, ഹൈദരബാദ് സര്‍വകലാശാലയില്‍ സമരങ്ങള്‍ റദ്ദ് ചെയ്ത് കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അത്രയേറെ ഭയക്കുന്നുണ്ട് അവര്‍ വിദ്യാര്‍ത്ഥി സമരങ്ങളെ. ഇപ്പോള്‍ ഹൈദരബാദ് സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് കൗണ്‍സിലിനെ തന്നെ ഇല്ലാതാക്കാനാണ് ശ്രമം.

ഹൈദരബാദ് സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഘടന ആകെ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് വിസി അപ്പാ റാവു. നിലവിലെ നിയമങ്ങള്‍ പ്രകാരം, യൂണിവേസിറ്റി യൂണിയന്റെ ഭരണഘടന മാറ്റാന്‍ അനുവാദമുള്ളത് യൂണിവേഴ്‌സിറ്റി ജനറല്‍ ബോഡി മീറ്റിംഗിന് ആണെന്നിരിക്കെയാണ്, ഈ നിയമം കാറ്റില്‍ പറത്തിക്കൊണ്ട് വിസി അപ്പാ റാവു സ്വമേധയാ യൂണിയന്റെ അധികാരങ്ങള്‍ എടുത്ത് കളയാന്‍ തീരുമാനിച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വരുന്ന ഓഗസ്റ്റ് 15 മുതല്‍ പുതുക്കിയ ഭരണഘടനാ സംവിധാനത്തിലാണ് ഹൈദരബാദ് യൂണിവേസിറ്റി യൂണിയന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. പുതിയ ചട്ടങ്ങള്‍ പ്രകാരം, സര്‍വകലാശാലാ വൈസ് ചാന്‍സലറാണ് സ്റ്റുഡന്റ്‌സ് യൂണിയന്റെ പരമാധികാരി. എന്നാല്‍ ഇത് യൂണിവേസിറ്റി യൂണിയന്‍ എന്ന സങ്കല്‍പ്പത്തിന് തന്നെ ഒരു വിരോധാഭാസം ആണെന്നാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പുറത്തിറക്കിയ അമെന്‍ഡ്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സര്‍വ്വകലാശാലയ്‌ക്കെതിരേയും വൈസ് ചാന്‍സലര്‍ക്കെതിരേയും സമരങ്ങള്‍ ചെയ്യാനും അവകാശങ്ങള്‍ നേടാനും ബാധ്യതയുള്ള യൂണിയന്റെ തലപ്പത്ത് വൈസ് ചാന്‍സലര്‍ സ്വയം അവരോധിക്കുന്നത് എങ്ങനെയാണെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

ഇന്റഗ്രേറ്റഡ് വിഭാഗത്തിലെ വിദ്യര്‍ത്ഥികളെ, സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്ന് മാറ്റിയതാണ് മറ്റൊരു തീരുമാനം. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, പിജി വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് യൂണിയനില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ യൂണിയനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്, യൂണിയനെ നിഷ്‌ക്രിയമാക്കുവാനേ സഹായിക്കുകയുള്ളു. പുതിയ ഭേദഗതി പ്രകാരം, യൂണിവേസിറ്റി യൂണിയന്റെ പുറത്ത് പോവുന്ന ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായി വേറെ കൗണ്‍സില്‍ നിലവില്‍ വരും എന്നാണ് വിസി അപ്പാ റാവു അറിയിച്ചിട്ടുള്ളത്. ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയേണ്ടി വരും.

യൂണിയന്റെ കാലാവധി അവസാനിച്ചാലും, അടുത്ത യൂണിയന്‍ നിലവില്‍ വരും വരെ, ഇപ്പോഴത്തെ യൂണിയന്‍ പ്രവര്‍ത്തിക്കുന്നതാണ് ഇന്ന് മിക്കവാറും സര്‍വകലാശാലകളിലെ രീതി. പുതിയ യൂണിയന്‍ നിലവില്‍ വരും വരെ ഉള്ള സമയത്തെ, ആവശ്യമായ പ്രവര്‍ത്തങ്ങളും സമരങ്ങളും ഇങ്ങനെയാണ് നടക്കാറുള്ളതും. എന്നാല്‍ അപ്പാ റാവുവിന്റെ തീരുമാനപ്രകാരം, ആ അവകാശവും വിദ്യാര്‍ത്ഥികളില്‍ നിന്ന് യൂണിവേസിറ്റി നീക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീനിനാണ് ആ ചുമതല നല്‍കിയിട്ടുള്ളത്. ഇത് പുതിയ യൂണിയന്‍ നിലവില്‍ വരും വരെയുള്ള കാലയളവിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളെ സാരമായി ബാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

യൂണിയനെ നിയമവിധേയമാക്കാനാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് എന്നാണ് അധികാരികള്‍ നിരത്തുന്ന മുടന്തന്‍ ന്യായം. എന്നാല്‍ യൂണിയന്‍ പ്രസിഡന്റിനേയോ സെക്രട്ടറിയേയോ അക്കാദമിക് കൗണ്‍സിലിലേക്കോ, മറ്റ് ഡിസിഷന്‍ മേക്കിംഗ് കൗണ്‍സിലുകളിലേക്കോ ഉള്‍പ്പെടുത്താനുള്ള ഭേദഗതി പുതിയ ഭരണഘടനയില്‍ ഇല്ല എന്നതാണ് വാസ്തവവും. പിന്നെ എങ്ങനെയാണ് യൂണിവേഴ്‌സിറ്റി യൂണിയന് പ്രാധാന്യം ഉണ്ടാവുന്നതെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അധികാരികള്‍ക്ക് മറുപടി ഉണ്ടാവാന്‍ തരമില്ല. 2013 ഏപ്രിലില്‍ മുതല്‍ പ്രാബല്യത്തിലുള്ള യൂജിസി ഗൈഡ്‌ലൈന്‍സ് പ്രകാരം (ക്‌ളോസ് 7) യൂണിവേസിറ്റി തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉണ്ടാവണം എന്ന ചട്ടമുണ്ട്. ഇത് ലംഘിച്ചാണ് പുതിയ ഭേദഗതി.

ഏപ്രില്‍ 24ന് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീനിന്റെ ഓഫീസിന് മുന്നില്‍ സമരം ചെയ്ത കൗണ്‍സില്‍ അംഗങ്ങള്‍ക്കും, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും, എസ്എഫ്‌ഐ ഹൈദരാബാദ് യൂണിവേസിറ്റി യൂണിറ്റിനും കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍. പ്രോടോറിയല്‍ ബോര്‍ഡില്‍ നിന്നും ഈ മാസം ഒമ്പതിന് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കുല്‍ദീപിനും മറ്റുള്ള പ്രവര്‍ത്തകര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. ”നിയമ വിരുദ്ധമായി യൂണിവേസിറ്റി യൂണിയന്റെ ചട്ടങ്ങള്‍ മാറ്റാന്‍ തീരുമാനിച്ച വിസിയുടെ ഏകപക്ഷീയ നടപടിയ്ക്ക് എതിരെയാണ് ഞങ്ങള്‍ സമരം ചെയ്തത്. 4 മണിക്കൂറോളം, വെല്‍ഫെയര്‍ ഡീനിന്റെ ഓഫീസിന് മുന്നില്‍ സമരം നടത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. സമരത്തെ നിസാരവത്കരിക്കാനാണ് ഡീന്‍ ശ്രമിച്ചത്. 4 മണിക്കൂറിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് വന്ന ഡീന്‍, അഡ്മിനിസ്‌ട്രേഷനോട് സംസാരിക്കാം എന്ന് മാത്രം പറഞ്ഞ് ഞങ്ങളെ അവഗണിക്കുകയായിരുന്നു”.: – എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അര്‍പിത് ശങ്കര്‍ പറയുന്നു.

”4 മണിക്കൂറോളം പ്രതിഷേധിച്ചിട്ടും ബന്ധപ്പെട്ടവരില്‍ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഇതില്‍ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ ഡിഎസ്ഡബ്‌ള്യൂ ഓഫീസ് ചുമരുകളില്‍ സമരത്തിന്റെ ആവശ്യവും, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും കളര്‍ ചോക്ക് ഉപയോഗിച്ച് എഴുതിയിരുന്നു. ആവശ്യങ്ങള്‍ എഴുതിയ പോസ്റ്ററും പതിച്ചു. ഈ കാരണങ്ങള്‍ കാണിച്ചാണ് യൂണിവേസിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. 15 ദിവസത്തിനുള്ളില്‍ മറുപടി കൊടുത്തില്ലെങ്കില്‍ നടപടി ഉണ്ടാവുമെന്നും പറയുന്നു. ഈ ആവേശവും വേഗവും മറ്റ് കാര്യങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വരില്ലായിരുന്നു” – നയന ഫാത്തിമ (ഇന്റഗ്രേറ്റഡ് കെമിസ്ട്രി നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി)

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസില്‍ അധികൃതര്‍ നടപ്പാക്കിയ നിരോധനങ്ങള്‍ ഇത് മാത്രമല്ല. അഡ്മിനിസ്‌ട്രേറ്റിവ് ബില്‍ഡിങ്ങിന് 200 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരെ കാണാനുള്ള സമയം വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ മാത്രമാണെന്നും സര്‍ക്കുലര്‍ ഇറക്കിയ യൂണിവേസിറ്റി നടപടി അന്നേ വിമര്‍ശന വിധേയമായിരുന്നു. സര്‍വ ശിക്ഷാ അഭിയാന്റേത് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ നിരോധിച്ചും, ഇന്റര്‍നെറ്റ് പ്രതിമാസ ഉപയോഗം 60 ജിബി ആയി പരിമിതപ്പെടുത്തിയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് യൂണിവേസിറ്റി അധികൃതര്‍ നടത്തുന്നത്. സമരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സംസ്‌കാരമാണ് മിക്ക സര്‍വകലാശാലകള്‍ക്കും പറയാറുള്ളത്. ഇന്ന് ആ സമരങ്ങള്‍ക്ക് തന്നെ അധികാരികള്‍ തട നിര്‍മ്മിക്കുമ്പോള്‍ യൂണിവേസിറ്റികള്‍ അതിനെ നേരിടുന്നതും അവരെ വളര്‍ത്തിയ ആ വലിയ പ്രതിഷേധ മാര്‍ഗത്തിലൂടെയായിരിക്കും.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍