UPDATES

ട്രെന്‍ഡിങ്ങ്

‘ഞാന്‍ മുസ്ലിം തന്നെ, എന്ത് ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും’: സിന്ദൂരമിട്ട് പാര്‍ലമെന്റിലെത്തിയതിന് ഫത്‌വ ലഭിച്ച തൃണമൂല്‍ എംപി നുസ്രത്ത്

താന്‍ മുസ്ലിം തന്നെയാണെന്നും അത് മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍‌ സീമന്തരേഖയില്‍ സിന്ദൂരം തൊട്ടും കൈകളില്‍ വളകളണിഞ്ഞും എത്തിയ തൃണമൂല്‍‌ നേതാവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാന്‍ റൂഹിക്കെതിരെ ഫത്‌വ ഇറങ്ങി. ഇസ്ലാമികാചാരത്തിനു വിരുദ്ധമായി സിന്ദൂരം തൊട്ടതിനും മുസ്ലിമല്ലാത്തയാളെ വിവാഹം കഴിച്ചതിനുമാണ് ഫത്‌വ. ബംഗാളിലെ ദിയോബന്ദിലുള്ള ഇസ്ലാമിക പുരോഹിതന്മാരാണ് ഫത്‌വ ഇറക്കിയിരിക്കുന്നത്.

“അന്വേഷണത്തില്‍ നുസ്രത്ത് ഒരു ജൈനനെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കാനായി. ഇസ്ലാം പറയുന്നത് ഒരു മുസ്ലിം സ്ത്രീക്ക് മുസ്ലിമിനെ മാത്രമേ വിവാഹം ചെയ്യാനാകൂ എന്നാണ്. മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത്, നുസ്രത്ത് ഒരു നടിയാണ്, ഈ നടിമാര്‍ മതത്തെ കാര്യമായി പരിഗണിക്കാറില്ല,” ഫത്‌വ് ഇറക്കുന്നതിന് നേതൃത്വം വഹിച്ചവരിലൊരാളായ മുഫ്തി അസദ് വാസ്‌മി പറഞ്ഞു.

അതെസമയം നുസ്രത്തിന്റെ സ്വകാര്യജീവിതത്തില്‍ തങ്ങള്‍ക്കിടപെടാനാകില്ലെന്നും അതെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് സമയം കളയലാണെന്നും മുഫ്തി വ്യക്തമാക്കി. ശരീഅത്ത് പറയുന്നത് എന്താണെന്ന് നടിയോട് താന്‍ ചൂണ്ടിക്കാട്ടുക മാത്രം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു. അതെസമയം ബിജെപി നേതാവ് സാധ്വി പ്രാചി നുസ്രത്തിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുവിനെ വിവാഹം ചെയ്ത മുസ്ലിം സ്ത്രീ സിന്ദൂരം ചാര്‍ത്തുന്നതിനെ മുസ്ലിം പുരോഹിതര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് പ്രാചി ചോദിച്ചു. അതെസമയം നുസ്രത്ത് വിവാഹം ചെയ്തത് ഹിന്ദുവിനെയാണെന്ന് പ്രാചി പ്രസ്താവിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നാല്‍ പ്രാചിക്ക് ഉലമയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും അവരോട് സംസാരിക്കാനില്ലെന്നും മുഫ്തി മറുപടി നല്‍കി. വെറുതെ വിഷം ചീറ്റുക മാത്രമാണ് പ്രാചി ചെയ്യുന്നത്. അവര്‍ രാജ്യത്തെ കത്തിക്കാന്‍ നടക്കുന്നവരാണ്. ഒരു മതത്തെക്കുറിച്ചും പ്രാചിക്ക് അറിയില്ലെന്നും മുഫ്തി പറഞ്ഞു.

‘ഞാന്‍ മുസ്ലിം തന്നെ’

അതെസമയം, താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നുസ്രത്ത് പ്രതികരിച്ചു. താന്‍ മുസ്ലിം തന്നെയാണെന്നും അത് മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നില്ലെന്നും അവര്‍ പറഞ്ഞു. മതത്തിനും ജാതിക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ഞാന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാകില്ല.

നിഖില്‍ ജയിന്‍ ആണ് നുസ്രത്തിന്റെ ഭര്‍ത്താവ്. ഇദ്ദേഹം ഒരു ബിസിനസ്സുകാരനാണ്. തുര്‍ക്കിയില്‍ വെച്ച് തങ്ങളുടെ വിവാഹം ജൂണ്‍മാസം 19ന് കഴിഞ്ഞതായി നുസ്രത്ത് അറിയിച്ചിരുന്നു. ബംഗാളില്‍ മമതാ ബാനര്‍ജി രംഗത്തിറക്കിയ 17 സ്ത്രീ സ്ഥാനാര്‍ത്ഥികളിലൊരാളാണ് നുസ്രത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍