തന്റെ ബിസിനസ് തകർക്കാൻ ശ്രമമുണ്ടായെന്ന് വി. ജി സിദ്ധാർത്ഥ എഴുതിയ കത്തിൽ ആരോപിച്ചിരുന്നു.
കഫെ കോഫി ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥ അവസാനമെഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനും ജീവനക്കാർക്കും അയച്ച കത്തിന്റെ ആധികാരികതയെയാണ് വകുപ്പ് ഔദ്യോഗികമായി ചോദ്യം ചെയ്തിരിക്കുന്നത്. ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട് ആദായനികുതി വകുപ്പ്. മുന്‍ ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറലില്‍ നിന്ന് വലിയ പീഡനമുണ്ടായെന്നാണ് കത്തിൽ സിദ്ധാർത്ഥ ആരോപിച്ചിരിക്കുന്നത്.
തങ്ങളുടെ പക്കലുള്ള വാർഷിക റിപ്പോർട്ടുകളിലെ വി. ജി. സിദ്ധാർത്ഥയുടെ ഒപ്പുമായി ഈ കത്തിലെ ഒപ്പിന് ചേർച്ചയില്ലെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. ഒരു കർണാടക രാഷ്ട്രീയക്കാരനെക്കുറിച്ചുള്ള കേസിന്റെ അന്വേഷണത്തിനിടയിലാണ് വി. ജി. സിദ്ധാർത്ഥയിലേക്ക് തങ്ങളെത്തിയതെന്നും വാർത്താക്കുറിപ്പ് പറയുന്നുണ്ട്. ആരാണ് ഈ രാഷ്ട്രീയക്കാരനെന്ന് കുറിപ്പിലില്ല. മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനാണ് വി. ജി. സിദ്ധാർത്ഥ.
അതീവരഹസ്യമായി കഫെ കോഫി ഡെ നടത്തിയ ചില പണമിടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തങ്ങളുടെ അന്വേഷണമെന്ന് വാർത്താക്കുറിപ്പ് പറയുന്നു.
തന്റെ ബിസിനസ് തകർക്കാൻ ശ്രമമുണ്ടായെന്ന് വി. ജി സിദ്ധാർത്ഥ എഴുതിയ കത്തിൽ ആരോപിച്ചിരുന്നു. “ഞങ്ങളുടെ ഓഹരികള്‍ അവര്‍ അറ്റാച്ച് ചെയ്തു. മൈന്‍ഡ് ട്രീ കരാര്‍ തടയാന്‍ ശ്രമിച്ചു. എല്ലാ തെറ്റുകള്‍ക്കും ഞാന്‍ മാത്രമാണ് ഉത്തരവാദി.” തന്റെ ടീമോ ഓഡിറ്റര്‍മാരോ സീനിയര്‍ മാനേജര്‍മാരോ അറിയാതെ നടന്ന ഇടപാടുകളാണ് തനിക്കെതിരെ ആദായനികുതി വകുപ്പ് ആയുധമാക്കിയിരിക്കുന്നതെന്നും വി ജി സിദ്ധാര്‍ത്ഥ കത്തില്‍ ആരോപിക്കുകയുണ്ടായി. “ശരിയായ ബിസിനസ് മാതൃകയുണ്ടാക്കുന്നതില് ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്നെ വിശ്വസിച്ച നിങ്ങളെ എല്ലാവരേയും നിരാശരാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ ഏറെക്കാലം പൊരുതി. എനിക്കിനി ഈ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ. അതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.” -വി. ജി. സിദ്ധാർത്ഥ പറഞ്ഞു.