UPDATES

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ റാഫേല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാരീസ് ഓഫീസിലേയ്ക്ക് നുഴഞ്ഞുകയറ്റ ശ്രമം

നുഴഞ്ഞുകയറ്റ ശ്രമം അതീവഗൗരവത്തോടെയാണ് വ്യോമസേന കാണുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ റാഫേല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാരീസിലെ ഓഫീസിലേയ്ക്ക് കടന്നുകയറാന്‍ ശ്രമം. റാഫേല്‍ വിമാനങ്ങളുടെ കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസിലാണിത്. റാഫേല്‍ നിര്‍മ്മാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍ ഇക്കാര്യം തങ്ങളോട് സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചാരപ്പണിക്കുള്ള ശ്രമമാണോ നടന്നത് എന്ന കാര്യം വ്യക്തമല്ല.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ളതാണ് പ്രോജ്ക്ട് മാനേജ്‌മെന്റ് ടീം. നുഴഞ്ഞുകയറ്റ ശ്രമം അതീവഗൗരവത്തോടെയാണ് വ്യോമസേന കാണുന്നത്. അതേസമയം വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നും എന്‍ഡിടിവി പറയുന്നു.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള, ഇന്ത്യയ്ക്കായുള്ള പ്രത്യേക സജ്ജീകരണങ്ങളുള്ള (ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ്) 36 വിമാനങ്ങളാണ് ദസോള്‍ട്ടില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വാങ്ങുന്നത്. ഇതിലെ സാങ്കേതികവിവരങ്ങള്‍ ചോരുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.

റാഫേല്‍ കരാറില്‍ അഴിമതിയുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യുപിഎ കാലത്തേതിനേക്കാള്‍ കൂടിയ വിലയ്ക്ക് വിമാനങ്ങള്‍ വാങ്ങുന്നു എന്നും അതേസമയം വിമാനങ്ങളുടെ എണ്ണം കുറച്ചു എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാറില്‍ പങ്കാളിയായി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) പകരം പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നതിലും അഴിമതിയുണ്ട് എന്നതാണ് ആരോപണം. റാഫേല്‍ കേസിലെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യമില്ല എന്ന 2018 ഡിസംബര്‍ 14ന്റെ വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍