UPDATES

വീണ്ടും വായ്പാ തട്ടിപ്പ്? ഐസിഐസിഐയും വീഡിയോകോണും പ്രതിക്കൂട്ടില്‍

ധൂത്-കൊച്ചാര്‍-ഐസിഐസിഐ ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണെന്നും എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു

ബുധനാഴ്ച വൈകിട്ട് ഐസിഐസിഐ ബാങ്ക് അസാധാരണമായ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി: “പലവിധത്തിലുള്ള അഭ്യൂഹങ്ങളില്‍ പറയുന്നതു പോലെ ഏതെങ്കിലും വിധത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍, സ്വജനപക്ഷപാതം, വിരുദ്ധ താത്പര്യം (quid pro quo/nepotism/conflict of interest) എന്നിവയുടെ ചോദ്യമേ ഉദിക്കുന്നില്ല”. അതിനൊപ്പം ഐസിഐസിഐ ബോര്‍ഡ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാറില്‍ “പൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്നു” എന്നു കൂടി പറയുന്നു. “ദുരുപദിഷ്ടവും വാസ്തവവിരുദ്ധവുമായ അഭൂഹങ്ങള്‍” പ്രചരിപ്പിക്കുന്നത് “ബാങ്കിനെ മോശപ്പെടുത്താനാണ്” എന്നു കൂടി പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഈ ദുരുപദിഷ്ടവും വാസ്തവിരുദ്ധവുമായ അഭ്യൂഹങ്ങളെന്ന് പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളാണ് ഇന്ത്യയിലെ ബാങ്കുകളെ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വായ്പാ തട്ടിപ്പുകളിലെ ഏറ്റവും പുതിയ ട്വിസ്റ്റ്.

ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കഥയിങ്ങനെയാണ്: ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008-ല്‍ ഒരു കമ്പനി രൂപീകരിക്കുന്നു. പുതുതായി രൂപീകരിച്ച കമ്പനിയുടെ ഉടമസ്ഥത ദീപക് കൊച്ചാര്‍ അധ്യക്ഷനായ ഒരു ട്രസ്റ്റിന് കേവലം ഒമ്പത് ലക്ഷം രൂപയ്ക്ക് കൈമാറുന്നതിന് മുമ്പ് ധൂത് 64 കോടി രൂപ തന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി പുതുതായി രൂപീകരിച്ചിരിക്കുന്ന കമ്പനിക്ക് വായ്പയായി നല്‍കുന്നു.

ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് ആറു മാസം മുമ്പ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ നല്‍കുന്നുവെന്ന് എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ഈ വായ്പയുടെ 86 ശതമാനം – ഏകദേശം 2,810 കോടി രൂപ- അടയ്ക്കാന്‍ ബാക്കിയുള്ളപ്പോള്‍ 2017-ല്‍ വീഡിയോകോണിന്റെ വായ്പാ അക്കൗണ്ട് കിട്ടാക്കടം (NPA) ആയി പ്രഖ്യാപിക്കുന്നു.

ധൂത്-കൊച്ചാര്‍-ഐസിഐസിഐ ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണെന്നും എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

ബാങ്ക് കിട്ടാക്കടങ്ങളുടെ പിന്നാമ്പുറങ്ങള്‍

ഇങ്ങനെയാണ് കാര്യങ്ങള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

– 2008 ഡിസംബറില്‍ ദീപക് കൊച്ചാറും വേണുഗോപാല്‍ ധൂതും ചേര്‍ന്ന് NuPower Renewables Pvt Ltd (NRPL) എന്ന കമ്പനി രൂപീകരിക്കുന്നു. തന്റെ കുടുംബക്കാരും അടുപ്പക്കാരും ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്പനിയുടെ 50 ശതമാനം ഓഹരി ധൂത് കൈവശം വയ്ക്കുന്നു. ദീപക് കൊച്ചാറും അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പസഫിക് ക്യാപിറ്റല്‍ എന്ന കമ്പനിയും ചന്ദ കൊച്ചാറിന്റെ സഹോദര ഭാര്യയുമാണ് ബാക്കിയുള്ള 50 ശതമാനം ഓഹരിയുടെ ഉടമകള്‍.

– 2009 ജനുവരിയില്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ച ധൂത്, തന്റെ പേരിലുള്ള 24,999 ഓഹരികള്‍ കൊച്ചാറിന് 2.5 ലക്ഷം രൂപയ്ക്ക് കൈമാറുന്നു.

– 2010 മാര്‍ച്ചില്‍ ധൂതിന് 99.9 ശതമാനം ഓഹരിയുള്ള സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് NuPower-ന് 64 കോടി രൂപ വായ്പയായി ലഭിക്കുന്നു.

– തുടര്‍ച്ചയായുണ്ടാകുന്ന ഓഹരികളുടെ കൈമാറ്റമാണ് അവിടെ നടന്നത്. ധൂതില്‍ നിന്ന് കൊച്ചാറിലേക്ക്, കൊച്ചാറിന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള പസിഫിക് ക്യാപിറ്റലില്‍ നിന്ന് സുപ്രീം എനര്‍ജിയിലേക്ക്, അങ്ങനെ 2010 മാര്‍ച്ച് ഒടുവിലാകുമ്പോഴേക്കും NuPower-ന്റെ 94.99 ശതമാനം ഓഹരികളും സുപ്രീം എനര്‍ജിയില്‍ എത്തുന്നു. കൊച്ചാര്‍ ബാക്കിയുള്ള 4.99 ശതമാനം ഓഹരികളും കൈവശം വയ്ക്കുന്നു.

– 2010 നവംബറില്‍ ധൂത് സുപ്രീം എനര്‍ജിയിലുള്ള തന്റെ മുഴുവന്‍ ഓഹരികളും സഹായിയായ മഹേഷ് ചന്ദ്ര പുങ്‌ലിയയുടെ പേരിലേക്ക് മാറ്റുന്നു.

– 2012 സെപ്റ്റംബര്‍ 29 മുതല്‍ 2013 ഏപ്രില്‍ 29 വരെയുള്ള സമയത്ത് പുങ്‌ലിയ തന്റെ പേരില്‍ ലഭിച്ച ഓഹരികള്‍ ദീപക് കൊച്ചാര്‍ മാനേജിംഗ് ട്രസ്റ്റിയായ പിനാക്കിള്‍ എനര്‍ജി എന്ന ട്രസ്റ്റിലേക്ക് മാറ്റുന്നു.

– പുങ്‌ലിയയില്‍ നിന്ന് മുഴുവന്‍ ഓഹരികളും കൊച്ചാറിന്റെ പിനാക്കിള്‍ എനര്‍ജി ട്രസ്റ്റിലെത്തിയത്- കേവലം ഒമ്പതു ലക്ഷം രൂപയ്ക്ക്.

യുപിയിലെ റേഷന്‍ കടക്കാരില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ‘ഭരണകൂടത്തെ പിടിച്ചടക്കി’യവരിലേക്ക് വളര്‍ന്ന ഗുപ്ത കുടുംബം

മല്ല്യമാര്‍ വാഴുമ്പോള്‍ ഫല്‍ഗുനന്‍മാര്‍ ആത്മഹത്യ ചെയ്യുന്നു; ബാങ്കുകളുടെ ഇരട്ട നീതി

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

പിഎന്‍ബി തട്ടിപ്പ്; ആരാണ് വിപുല്‍ അംബാനി? ഏറെ വിശേഷപ്പെട്ട ഒരു ധനിക ബന്ധത്തിന് നിരവ് മോദിക്ക് അയാള്‍ സഹായകമായോ?

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

മറ്റൊരു ഇന്ത്യന്‍ ധനിക കുടുംബം കൂടി പ്രതിക്കൂട്ടില്‍; മല്‍വീന്ദര്‍-ശിവേന്ദര്‍ സഹോദരങ്ങളുടെ കഥ

നിരവ് മോദിയുടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല: 17 ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത് 3000 കോടി രൂപ

നീരവ് മോദി നരേന്ദ്ര മോദിക്കൊപ്പം; ബാങ്ക് കൊള്ളയില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍