UPDATES

വിപണി/സാമ്പത്തികം

3250 കോടിയുടെ ഐസിഐസിഐ ബാങ്ക് അഴിമതി: വരുമാന നികുതി വകുപ്പ് മുംബൈയിലെ രാധിക അപ്പാര്‍ട്ട്‌മെന്റിന്റെ വില്‍പ്പന അന്വേഷിക്കുന്നു

അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ അവധിയില്‍ പോകാന്‍ നിര്‍ബന്ധിതതയായ ചന്ദാ കൊച്ചാറിന് പകരം സന്ദീപ് ബക്ഷിയാണ് ഇപ്പോള്‍ ഐസിഐസിഐ തലവന്‍

ഐസിഐസിഐ ബാങ്കിന്റെ ജീവനക്കാര്‍ താമസിച്ചിരുന്ന മുംബൈയിലെ ആഡംബര അപ്പാര്‍ട്ടുമെന്റുകളില്‍ ഒന്നായ രാധിക അപ്പാര്‍ട്ട്‌മെന്റ് 2010-ല്‍ വേണുഗോപാല്‍ ധൂട്ടിന്റെ വീഡിയോകോണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് വരുമാന നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഐസിഐസി ബാങ്കിന്റെ സിഇഒ ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ഉള്‍പ്പെടുന്ന 3250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച വകുപ്പിന്റെ വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഇതും. സ്‌ക്വയര്‍ ഫീറ്റിന് വിപണി വില 25,000 രൂപയുള്ള ഫ്ലാറ്റുകള്‍ സ്‌ക്വയര്‍ ഫീറ്റിന് 17,000 രൂപ വെച്ച് ആകെ 61 കോടിക്ക് വീഡിയോകോണിന് വിറ്റുവെന്നതാണ് ആരോപണം.

വേണുഗോപാല്‍ ധൂട്ടിന്റെ വീഡിയോകോണ്‍ ഗ്രൂപ്പും കൊച്ചാര്‍ കുടുംബത്തിന്റെ ന്യൂപവര്‍ റിന്വീവബ്ള്‍ ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ വാണിജ്യ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് ഗുപ്ത എന്ന വ്യക്തി മുന്നോട്ട് വന്നതാണ് 3,250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങാന്‍ കാരണം. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ഓഹരി ഉടമകളെയും പൊതു- സ്വകാര്യ ബാങ്കുകളെയും നിയന്ത്രണ ഏജന്‍സികളെയും വഞ്ചിച്ച് കൊച്ചാര്‍ കുടുംബം വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് അരവിന്ദ് ഗുപ്ത ആരോപിച്ചിരുന്നു.

കൊച്ചാര്‍ കുടുംബത്തിന്റെ ന്യൂപവര്‍ റിന്വീവബ്ള്‍ ഗ്രൂപ്പിന് 2010ല്‍ വേണുഗോപാല്‍ ധൂട്ട് തനിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഒരു സംരംഭത്തിലൂടെ 64 കോടി കൈമാറി. ഐസിഐസിഐ ബാങ്കില്‍ നിന്നും 3,250 കോടി രൂപ ലോണായി കിട്ടിയതിന് ആറ് മാസം കഴിഞ്ഞ് സംരംഭത്തിന്റെ ഉടമസ്ഥാവകാശം ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് കൈമാറിയെന്നുമാണ് ആരോപണം. അരവിന്ദ് ഗുപ്ത ഇക്കാര്യം കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും അറിയിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഐസിഐസിഐ ബാങ്ക് തള്ളി.

2015ലെ നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് സെബി ഐസിഐസിഐ ബാങ്കിന് നോട്ടീസ് അയക്കുകയും ചന്ദാ കൊച്ഛാറില്‍ നിന്ന് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക് 5000 കോടി രൂപ ലോണ്‍ അനുവദിച്ചതിനെത്തുടര്‍ന്ന് കണക്കിലെ കൃത്രിമങ്ങള്‍ അന്വേഷിക്കുന്ന എസ്എഫ്‌ഐഒ എന്ന സ്ഥാപനം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

3,250 കോടി രൂപ അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ അവധിയില്‍ പോകാന്‍ നിര്‍ബന്ധിതതയായ ചന്ദാ കൊച്ചാറിന് പകരം സന്ദീപ് ബക്ഷിയാണ് ഇപ്പോള്‍ ഐസിഐസിഐ തലവന്‍. അന്വേഷണം കഴിയുന്നതുവരെ ചന്ദാ കൊച്ഛാര്‍ അവധി തുടരാനാണ് സാധ്യത.

ആധുനിക ഇന്ത്യ എന്ന അധാര്‍മികതയുടെ ആഘോഷത്തിലെ പങ്കുപറ്റുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍