UPDATES

രാഹുല്‍ പിന്മാറിയാല്‍ ആര് ലോക്‌സഭ കക്ഷി നേതാവാകും? സന്നദ്ധത അറിയിച്ച ശശി തരൂരോ

ഏറ്റവുമധികം എംപിമാരെ (15) നല്‍കിയ കേരളത്തില്‍ നിന്നായിരിക്കാം ഒരുപക്ഷേ ഇത്തവണ കോണ്‍ഗ്രസിന്റെ സഭാനേതാവ്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ സഭാ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുത്തേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതേസമയം രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ വിസമ്മതിച്ചാല്‍ ആര്‍ക്കായിരിക്കും നറുക്ക് വീഴുക എന്ന ചോദ്യമുണ്ട്. സോണിയ ഗാന്ധി സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാനിടയില്ല. ഏറ്റവുമധികം എംപിമാരെ (15) നല്‍കിയ കേരളത്തില്‍ നിന്നായിരിക്കാം ഒരുപക്ഷേ ഇത്തവണ കോണ്‍ഗ്രസിന്റെ സഭാനേതാവ്. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയാണെങ്കില്‍ ലോക്‌സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ് എന്ന് തിരുവനന്തപുരത്ത് ഹാട്രിക് വിജയം കുറിച്ച ശശി തരൂര്‍ അറിയിച്ചിട്ടുണ്ട്.

രാഹുലിന്റെ പിന്തുണയുണ്ടങ്കില്‍ പാര്‍ട്ടി ദേശീയ വക്താക്കളിലൊരാളായ മനീഷ് തിവാരിക്കും സാധ്യതയുണ്ട്. പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബില്‍ നിന്നാണ് മനീഷ് തിവാരി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് തവണ എംപിയായ കൊടുക്കുന്നില്‍ സുരേഷ് (മാവേലിക്കര) ആണ് കേരളത്തില്‍ നിന്നുള്ള ഏറ്റവും സീനിയര്‍ ആയ എംപി. ദലിത് വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ കൊടുക്കുന്നില്‍ സുരേഷിന്റെ പേര് പരിഗണിക്കപ്പെട്ടേക്കാം. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ,
ജ്യോതിരാദിത്യ സിന്ധ്യ, സല്‍മാന്‍ ഖുര്‍ഷിദ്, വീരപ്പ മൊയ്‌ലി അടക്കം മത്സരിച്ച പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്.  പരാജയപ്പെട്ട പിസിസി പ്രസിഡന്റുമാര്‍ രാജ് ബബ്ബറും സുനില്‍ ഝാക്കറും അടക്കമുള്ളവര്‍ രാജി വച്ചിരുന്നു. രണ്ട് ദിവസമായി പ്രിയങ്ക ഗാന്ധിയല്ലാതെ മറ്റ് നേതാക്കളെയൊന്നും കാണാന്‍ വിസമ്മതിക്കുകയാണ് രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി. വൈകുന്നേരം സോണിയയേയും പ്രിയങ്കയേയും രാഹുല്‍ കണ്ടിട്ടുണ്ട്.

ALSO READ: പ്രസിഡന്റ് സ്ഥാനം രാജി വച്ചാലും ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ തന്നെ നയിക്കുമോ?

2014ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ് 44 സീറ്റിലൊതുങ്ങിയപ്പോള്‍ രാഹുലോ സോണിയയോ ലോക്‌സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. കര്‍ണാടകയില്‍ നിന്നുള്ള എംപിയായിരുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് കക്ഷി നേതാവായത്. ഇത്തവണ കര്‍ണാടകയിലെ കലബുറുഗിയില്‍ ബിജെപിയിലെ ഉമേഷ് ജാദവിനോട് 95,168 വോട്ടിനാണ് ഖാര്‍ഗെ പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും സച്ചിന്‍ പൈലറ്റ് അടക്കമുള്ളവരുടെ പേരുകള്‍ക്കൊപ്പം ശശി തരൂരിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം നെഹ്രു-ഗാന്ധി കുടുംബത്തിന് വിമര്‍ശകനായി മാറാനും സാധ്യതയുള്ള തരൂര്‍ ലോക് സഭ കക്ഷി നേതാവായാലും കോണ്‍ഗ്രസ് തലപ്പെത്തെത്താന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസ് നേതൃത്വം മൃദു ഹിന്ദുത്വത്തിലേയ്ക്ക് പോകുന്നു എന്ന സൂചന തരൂര്‍ നല്‍കിയിട്ടുണ്ട്. വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകമടക്കം സ്വയം ഒരു ലിബറല്‍ ഹിന്ദു ആയി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന തരൂര്‍ തന്നെ ആര്‍എസ്എസിന്റെ ഹിന്ദുത്വത്തെ ശക്തമായി ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കോണ്‍ഗ്രസിന് കഴിയണം എന്നും പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍