UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ ഞങ്ങള്‍ ഉന്നയിച്ച ആരോപണം ശരിയാണെന്നുവരും-ജസ്റ്റിസ് ചെലമേശ്വര്‍

ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കുറ്റവിചാരണ എല്ലാറ്റിനുമുള്ള ഉത്തരമല്ലെന്ന് ചെലമേശ്വര്‍

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ സുപ്രീംകോടതിയിലെ ഭരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്നുവരുമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. ഹാർവാർഡ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകന്‍ കരൺ ഥാപ്പറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അങ്ങനെയൊന്ന് സംഭവിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. എന്നാല്‍, സംഭവിച്ചാല്‍, ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണെന്ന് തെളിയും.’ അദ്ദേഹം പറഞ്ഞു.

നേരത്തെ സുപ്രീംകോടതിയിലെ ഭരണം കുത്തഴിഞ്ഞതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നുമുള്ള ആരോപണവുമായി ജഡ്ജിമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഗൊഗോയിയാണ് അടുത്ത ചീഫ്ജസ്റ്റിസ് ആകേണ്ടത്. ചെലമേശ്വര്‍ ജൂലായിൽ വിരമിക്കും.

‘ബെഞ്ചുകൾ രൂപീകരിക്കാനുള്ള അധികാരം സിജെഐയ്ക്ക് തന്നെയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, ഭരണഘടനാ സംവിധാനത്തിൻ കീഴിൽ എല്ലാ അധികാരങ്ങളും ചില ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീഫ് ജസ്റ്റിസ് മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ആകുമ്പോൾ തന്നെ തീരുമാനങ്ങൾ പൊതുനന്മക്ക് വേണ്ടിയാകണം. അധികാരം ഉണ്ട് എന്നതുകൊണ്ട് മാത്രം അത് പ്രയോഗിക്കാന്‍ ഒരുമ്പെടരുത്’ ചെലമേശ്വര്‍ പറഞ്ഞു.

മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കിയതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം ചൂണ്ടിക്കാട്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷനും കാമിനി ജയ്‌സ്വാളുമാണ് സുപ്രീംകോടതിയിലെത്തിയിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് ചെലമേശ്വര്‍ അത് ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ആ ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏഴംഗ ഭരണഘട ബെഞ്ച് രൂപീകരിച്ച് അസാധാരണ നടപടിയിലൂടെ റദ്ദാക്കി. പിന്നീട് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഈ കേസ് തള്ളുകയും ചെയ്തു. രാജ്യത്തെ സംബന്ധിച്ചിത്തോളം അത് അതീവ ഗൌരവമായ കേസാണെന്ന് തനിക്ക് തോന്നിയത് കൊണ്ടാണ് ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടതെന്ന് ചെലമേശ്വര്‍ പറഞ്ഞു. ഞാന്‍ എന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് മാത്രമാണ് പ്രവര്‍ച്ചിട്ടുള്ളതെന്നും, ചീഫ് ജസ്റ്റിസിന്‍റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റീസിനെ കുറ്റവിചാരണ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കുറ്റവിചാരണ എല്ലാറ്റിനുമുള്ള ഉത്തരമല്ലെന്ന് ചെലമേശ്വര്‍ പറഞ്ഞു. പ്രശ്നങ്ങൾ നേരിടാൻ മറ്റു മാർഗങ്ങളുണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍