UPDATES

വായിച്ചോ‌

നിങ്ങള്‍ എന്നെ കോണ്‍ഗ്രസ് അനുകൂലിയാക്കിയാല്‍ എനിക്ക് നിങ്ങളെ ബിജെപി അനുകൂലി എന്ന് വിളിക്കാം: യെച്ചൂരി

ബിജെപി-സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയെ നേരിടുക എന്നതാണ് പ്രധാന കടമ എന്ന കാര്യം പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനെ എങ്ങനെ നേരിടാന്‍ കഴിയും എന്ന കാര്യത്തിലാണ് പാര്‍ട്ടിക്കകത്ത് അഭിപ്രായ ഭിന്നതയുള്ളത്.

നിങ്ങള്‍ എന്നെ കോണ്‍ഗ്രസ് അനുകൂലിയായി മുദ്രകുത്തിയാല്‍ നിങ്ങളടക്കമുള്ളവരെ എനിക്ക് ബിജെപി അനുകൂലികള്‍ എന്ന് വിളിക്കാന്‍ കഴിയും എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് സിപിഎമ്മിലെ ഇപ്പോളത്തെ രൂക്ഷമായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ യെച്ചൂരി ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസ് അനുകൂല, കോണ്‍ഗ്രസ് വിരുദ്ധ ചിത്രീകരണം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരി ഇക്കാര്യം പറയുന്നത്.

1975ല്‍ അടിയന്തരാവസ്ഥക്കെതിരെ ഉയര്‍ന്നുവന്ന ജെപി മൂവ്‌മെന്റ് എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസുമായി സഹകരിക്കാനുള്ള രാഷ്ട്രീയ അടവുനയത്തെ എതിര്‍ത്ത് കൂടിയാണ് പി സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്ന് യെച്ചൂരി ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ 1996ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണം എന്ന ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പ്രമേയം കേന്ദ്ര കമ്മിറ്റി തള്ളിയിട്ടും അദ്ദേഹം സ്ഥാനത്ത് തുടര്‍ന്നതായും യെച്ചൂരി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അനുകൂലികള്‍ എന്നതടക്കമുള്ള ലേബലിംഗുകള്‍ അടിസ്ഥാനരഹിതമാണ്. ബിജെപി-സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയെ നേരിടുക എന്നതാണ് പ്രധാന കടമ എന്ന കാര്യം പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനെ എങ്ങനെ നേരിടാന്‍ കഴിയും എന്ന കാര്യത്തിലാണ് പാര്‍ട്ടിക്കകത്ത് അഭിപ്രായ ഭിന്നതയുള്ളത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സജീവമായ പാര്‍ട്ടിയാണിത്. രണ്ട് അഭിപ്രായങ്ങളാണ് നിലവില്‍ പ്രധാനമായും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കരട് രാഷ്ട്രീയ പ്രമേയ ലൈനായി പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്ക് പോകുന്നു. പാര്‍ട്ടിയിലെ ഏത് അംഗത്തിനും ഇതില്‍ ഭേദഗതി നിര്‍ദ്ദേശിക്കാം.

കേന്ദ്രകമ്മിറ്റി ഞാന്‍ മുന്നോട്ട് വച്ച കരട് രാഷ്ട്രീയ പ്രമേയ ലൈന്‍ തള്ളിയ സാഹചര്യത്തില്‍ ഞാന്‍ സ്ഥാനത്ത് തുടരുന്നതിലെ ബുദ്ധിമുട്ട് പൊളിറ്റ് ബ്യൂറോയെ അറിയിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് പിബിയുടെ നിലപാട്. മാത്രമല്ല ഞാന്‍ വയ്ക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ ഭിന്നിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അത് വഴി വക്കും. ഞാന്‍ പിബിയെ അറിയിച്ച കാര്യം കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിബിയും സിസിയും ആവശ്യപ്പെടുന്നത് കൊണ്ടാണ് ഞാന്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്നത് – യെച്ചൂരി പറഞ്ഞു.

ഫാഷിസം എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ടുള്ള സ്വേച്ഛാധിപത്യം എന്ന അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇവിടെ ഫാഷിസം എത്തിയിട്ടില്ല. എന്നാല്‍ ഫാഷിസത്തിലേയ്ക്കുള്ള പാതയിലാണ് രാജ്യം. ഫാഷിസം വന്നോ ഇല്ലയോ, ഇപ്പോള്‍ ഉള്ളത് ഫാഷിസമാണോ തുടങ്ങിയ സാങ്കേതിക വാദങ്ങളില്‍ കുടുങ്ങിക്കിടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്. എങ്ങനെ ഫാഷിസത്തിലേയ്ക്ക് രാജ്യം എത്തുന്നത് തടയാം എന്നതാണ് ചോദ്യം. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന, ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന, ജനാധിത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്ന, സ്വകാര്യ അക്രമി സൈനിക വിഭാഗങ്ങളുള്ള ഈ ഫാഷിസ്റ്റ് ശക്തികളെ എങ്ങനെ തടയാം എന്നതാണ് ചോദ്യം. ഈ ഫാഷിസ്റ്റ് മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രക്ഷിക്കാനോ ന്യൂനപക്ഷങ്ങളുടേയോ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയോ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയില്ല. ഇത് വാക്കുകളും അതിന്റെ അര്‍ത്ഥങ്ങളും അതിന്റെ സാങ്കേതികതയും സംബന്ധിച്ച പ്രശ്‌നമല്ല – യെച്ചൂരി ചൂണ്ടിക്കാട്ടി.

വായനയ്ക്ക്: https://goo.gl/m3HqGe

ഞാന്‍ എന്തുകൊണ്ട് ജനറല്‍സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജി വയ്ക്കുന്നു? സുന്ദരയ്യ പറഞ്ഞ 10 കാരണങ്ങള്‍

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍