UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയുടെ അക്ഷമ യുദ്ധസമാനമായ സ്ഥിതിയുണ്ടാക്കുന്നു: സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മേല്‍നോട്ടം നല്‍കിയ ലെഫ്.ജനറല്‍ ഹൂഡ

പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ വിമുഖത കാണിക്കരുതെന്നും ഡിഎസ് ഹൂഡ പറയുന്നു.

ഇന്ത്യയുടെ അക്ഷമ അതിര്‍ത്തിയില്‍ പാകിസ്താനുമായി യുദ്ധസമാനമായ സാഹര്യം സൃഷ്ടിക്കുന്നുണ്ടെന്ന് 2016ല്‍ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെയുള്ള മിന്നലാക്രമണത്തിന് മേല്‍നോട്ടം വഹിച്ച റിട്ട.ലെഫ്.ജനറല്‍ ഡിഎസ് ഹൂഡ. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ വിമുഖത കാണിക്കരുതെന്നും ഡിഎസ് ഹൂഡ പറയുന്നു. മോദി സര്‍ക്കാരിനെതിരെയാണ് ഡിഎസ് ഹൂഡയുടെ വിമര്‍ശനം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യം തിരിച്ചടിക്കുമ്പോള്‍ ഇത്തരം സാഹര്യമുണ്ടാകാമെന്നും ഡിഎസ് ഹൂഡയുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്.

കോണ്‍ഗ്രസിന് വേണ്ടി തയ്യാറാക്കിയ നാഷണല്‍ സെക്യൂരിറ്റി റിപ്പോര്‍ട്ടിലാണ് മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഇക്കാര്യം പറയുന്നത്. 41 പേജുള്ള റിപ്പോര്‍ട്ടാണ് ഹൂഡ തയ്യാറാക്കിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിലെ ഗുരുതരമായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഡിഎസ് ഹൂഡയെ അധ്യക്ഷനായി ദേശസുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്മിറ്റിയെ രൂപീകരിച്ചത്. നേരത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ഡിഎസ് ഹൂഡ, ബലാകോട്ട് വ്യോമാക്രമണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.

ഭീകരപ്രവര്‍ത്തനത്തെ പിന്തുണക്കാതിരിക്കാന്‍ പാകിസ്താനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയും നയരൂപീകരണവും വേണമെന്ന് ഡിഎസ് ഹൂഡ നിര്‍ദ്ദേശിക്കുന്നു. നയതന്ത്രത്തിനും സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനും ഇതില്‍ വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ജമ്മു കാശ്മീര്‍ കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണിയാണ്. 2012 ആയപ്പോളേക്കും ജമ്മു കാശ്മീരിലെ സംഘര്‍ഷം വളരെ താഴ്ന്ന നിലയിലേക്കെത്തി.

ഇന്ത്യന്‍ ആര്‍മിയുടെ സംവിധാനങ്ങള്‍ വളരെ പഴയതാണ് എന്നും ഡിഎസ് ഹൂഡ ചൂണ്ടിക്കാട്ടുന്നു. എയര്‍ഫോഴ്‌സിന് ആവശ്യമായ വിമാനങ്ങളില്ല. നേവിക്ക് ആവശ്യമായ മുങ്ങിക്കപ്പലുകളും നാവല്‍ യൂട്ടിലിറ്റി ഹെലികോപ്റ്ററുകളുമില്ല. ആണവാക്രമണ ഭീഷണികളെ അടക്കം സായുധ സേനകള്‍ക്ക് ആധുനികവത്കരണം അടിയന്തരമായി ആവശ്യമാണ്. ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനം വേണം – റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ഈ റിപ്പോര്‍ട്ടില്‍ പൊതുജനാഭിപ്രായം തേടുന്നുണ്ടെന്നും വിശദീകരണങ്ങള്‍ ആവശ്യമെങ്കില്‍ തന്റെ ടീം അത് നല്‍കുമെന്നും ഹൂഡ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍