UPDATES

ഇമ്രാൻ ഖാൻ വിളിച്ചു; ഭീകരവാദത്തിന്റെ അന്തരീക്ഷമില്ലാത്ത മേഖലയെ സൃഷ്ടിച്ചെടുക്കണമെന്ന് മോദി

ഭീകരതയ്ക്കെതിരെ പാകിസ്താൻ എന്തു നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധമെന്ന് മോദി വ്യക്തമാക്കിയിരുന്നു.

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു. ബിജെപിയുടെ വൻ വിജയത്തിൽ അഭിനന്ദനങ്ങളറിയിക്കാനായിരുന്നു വിളി. പാക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങളുടെ ജീവിതസൗഖ്യത്തിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഖാൻ നരേന്ദ്രമോദിയോട് പറഞ്ഞു. ദക്ഷിണേഷ്യയുടെ വളർച്ചയ്ക്കും സമാധാനത്തിനും ഇരുരാജ്യങ്ങളുടെയും സഹവർത്തിത്വം അത്യാവശ്യമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇതേ കാര്യം ഇമ്രാൻ ഖാൻ നേരത്തെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും അന്തരീക്ഷമില്ലാത്ത മേഖലയെ സൃഷ്ടിച്ചെടുക്കണമെന്ന് നരേന്ദ്രമോദി ഇമ്രാന്‍ ഖാനോട് സംഭാഷണത്തിനിടെ പറഞ്ഞതായി പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദാരിദ്ര്യത്തിനെതിരെ ഒരുമിച്ചു നിന്ന് പോരാടാൻ തയ്യാറാകണമെന്ന തന്റെ നേരത്തേയുള്ള ആവശ്യം മോദി ആവർത്തിക്കുകയുമുണ്ടായി.

ഇന്ത്യയുമായി ബന്ധങ്ങൾ വഷളായതിനു ശേഷമുള്ള തെരഞ്ഞെടുപ്പിലാണ് നരേന്ദ്രമോദി വൻ ഭൂരിപക്ഷത്തോടെ വിജയം കണ്ടിരിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണം രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പു വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാൻ മോദിക്ക് സാധിച്ചിരുന്നു.

ഭീകരതയ്ക്കെതിരെ പാകിസ്താൻ എന്തു നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധമെന്ന് മോദി വ്യക്തമാക്കിയിരുന്നു.

അടുത്ത മാസം നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓര്‍ഗനൈസേഷൻ സമ്മിറ്റിൽ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ വെച്ചാണ് ഉച്ചകോടി.

പുല്‍വാമ ആക്രമണം നടത്തിയ ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെ തടുക്കാൻ പാകിസ്താൻ അധ്വാനിച്ചിരുന്നു. ചൈനയുടെ സഹായത്തോടെ നടത്തിയ ഈ ശ്രമങ്ങൾ പക്ഷെ യുഎസ്സിന്റെയും ഫ്രാൻസിന്റെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളിലൂടെ പരാജയപ്പെടുത്തുകയായിരുന്നു.

ആയുധങ്ങൾ വാങ്ങുന്നതിനും വിൽ‌ക്കുന്നതിനും മസൂദിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് പാകിസ്താൻ ഇപ്പോൾ. മസൂദിന് രാജ്യത്തുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിച്ചിട്ടുമുണ്ട്. യാത്രാനിരോധനവും നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍