UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസുകൾ: പ്രകോപന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പ്രഗ്യാ സിങ്ങിന് ബിജെപിയുടെ നിര്‍ദ്ദേശം

ബാബറി മസ്ജിദ് തകർത്ത കർസേവകരിൽ താനുമുണ്ടായിരുന്നെന്ന് ടിവി9 ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രഗ്യാ സിങ് ഇക്കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയായ പ്രഗ്യാ സിങ് താക്കൂറിനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് നിർദ്ദേശം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‌തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗുണകരമല്ലാത്ത പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് പാർട്ടി നേതൃത്വം പ്രഗ്യാ സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എൻഡിടിവിയാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഏതാണ്ട് നാല് മണിക്കൂറോളം നേരം ബിജെപി ഓഫീസിൽ ഇവരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രകോപന പ്രസ്താവനകൾക്ക് ഇതിനകം തന്നെ ഇലക്ഷൻ കമ്മീഷന്റെ രണ്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട് പ്രഗ്യാ സിങ്ങിന്.

മാലെഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ പ്രഗ്യാ സിങ് നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാണ് ഇവര്‍ക്ക് ജാമ്യം നൽകുന്നതിനായി കോടതി പരിഗണിച്ചത്. 1989 മുതൽ ബിജെപിയുടെ പക്കലുള്ള സീറ്റാണ് ഭോപ്പാൽ.

മധ്യപ്രദേശിലെ ഹിന്ദു വോട്ടുകൾ തങ്ങൾക്കനുകൂലമായി ധ്രുവീകരിക്കുകയാണ് പ്രഗ്യാ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ബിജെപി ഉദ്ദേശിക്കുന്നതെന്ന് ആരോപണമുണ്ട്. കോൺഗ്രസ്സിന്റെ ദിഗ്‌വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് ഭോപ്പാലിൽ നേരിടുന്നത്.

1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർത്ത കർസേവകരിൽ താനുമുണ്ടായിരുന്നെന്ന് ടിവി9 ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രഗ്യാ സിങ് ഇക്കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിൽ താൻ അഭിമാനിക്കുന്നതായും അവർ പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍