UPDATES

ചരിത്രത്തിലാദ്യമായി ഇസ്രായേലിന് അനുകൂലമായി യുഎന്നില്‍ ഇന്ത്യ വോട്ട് ചെയ്തു; വോട്ട് പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്കെതിരെ

പശ്ചിമേഷ്യയിൽ സമാധാനം വരണമെങ്കിൽ പലസ്തീനും ഇസ്രായേലും പൂർണമായും സ്വതന്ത്രരാജ്യങ്ങളായി മാറേണ്ടതുണ്ടെന്നായിരുന്നു ഇന്ത്യയുടെ മുൻ കാഴ്ചപ്പാട്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇസ്രായേലിനനുകൂലമായി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വോട്ട് ചെയ്തു. പലസ്തീനിലെ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് നിരീക്ഷക പദവി നൽകണമോയെന്ന വിഷയത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഇന്ത്യ എതിർത്ത് വോട്ട് ചെയ്തത്. മുൻ മോദി സർക്കാർ സമാനമായൊരു വിഷയത്തിൽ യുഎൻ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും ഇതാദ്യമായാണ് ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്യുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക്ക് ആൻഡ് സോഷ്യല്‍ കൗണ്‍സിലിലാണ് വോട്ടെടുപ്പ് നടന്നത്.

ഈ നീക്കത്തോടെ ദശകങ്ങളായി ഇന്ത്യ പലസ്തീന് നൽകിവരുന്ന ധാർമിക ഐക്യദാർഢ്യത്തിന് പൂർണമായ അവസാനം കുറിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. പലസ്തീനികളും ഇസ്രായേലികളും രണ്ട് വ്യത്യസ്ത സ്വത്വങ്ങളാണെന്നും ഇരുകൂട്ടർക്കും വ്യത്യസ്ത രാജ്യങ്ങൾ ആവശ്യമാണെന്നുമുള്ള നിലപാടാണ് ഇക്കാലമത്രയും ഇന്ത്യ പുലര്‍‌ത്തിയത്. ഇസ്രായേലിന്റെ അധിനിവേശ ശ്രമങ്ങളെ എക്കാലത്തും ഇന്ത്യയുടെ നിലപാടുകൾ എതിർപക്ഷത്ത് നിർത്തുകയാണ് ചെയ്തിരുന്നത്. നെഹ്രൂവിയൻ കാലത്തെ മൂല്യങ്ങളിൽ നിന്നുള്ള പൂർണമായ വിടുതലാണ് ബിജെപി സർക്കാർ പുതിയ നീക്കത്തിലൂടെ നടത്തിയിരിക്കുന്നത്.

പശ്ചിമേഷ്യയിൽ സമാധാനം വരണമെങ്കിൽ പലസ്തീനും ഇസ്രായേലും പൂർണമായും സ്വതന്ത്രരാജ്യങ്ങളായി മാറേണ്ടതുണ്ടെന്നായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്.

യുഎസ്, ഫ്രാൻസ്, ജപ്പാൻ, യുകെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളാണ് പലസ്തീനെതിരായി വോട്ട് ചെയ്തത്. ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഇസ്രായേലിനെതിരായും വോട്ട് ചെയ്തു.

ഇന്ത്യയിലെ ഇസ്രായേൽ എംബസ്സിയിലെ ഇന്ത്യൻ ദൗത്യ ഉപമേധാവി മായാ കാദോഷ് ഇന്ത്യയുടെ യുഎൻ നീക്കത്തെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തു. ഷഹേദ് എന്ന ‘ഭീകരസംഘടന’യ്ക്ക് നിരീക്ഷക സ്ഥാനം നൽകുന്നതിന് എതിരു നിന്ന ഇന്ത്യയുടെ നിലപാടിന് നന്ദി അറിയിച്ചാണ് അവർ ട്വീറ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍