UPDATES

ട്രെന്‍ഡിങ്ങ്

ചത്ത പശുവിന്റെ കഴുത്തറുത്ത ശേഷം പ്രചരണം; ഝാര്‍ഖണ്ഡില്‍ ക്ഷീരകര്‍ഷകന് മര്‍ദ്ദനം; വീടിനു തീവച്ചു

ബി.ജെ.പി ഭരണത്തിലുള്ള ഝാര്‍ഖണ്ഡില്‍ രണ്ടു മാസം മുമ്പ് ജനക്കൂട്ടം ഏഴു പേരെ ഒരു ദിവസം അടിച്ചു കൊന്നിരുന്നു.

ഹരിയാനയില്‍ 15 വയസുള്ള ജുനൈദിനെ ട്രെയിനില്‍ വച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്നതിനു പിന്നാലെ ഝാര്‍ഖണ്ഡില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ജനക്കൂട്ടം ക്ഷീരകര്‍ഷകനെ മര്‍ദ്ദിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തു. പോലീസ് കൃത്യസമയത്ത് ഇടപെട്ടതു കൊണ്ടു മാത്രമാണ് ഇയാളെയും കുടുംബാംഗങ്ങളെയും രക്ഷിക്കാന്‍ സാധിച്ചതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഗിരിധ് ജില്ലയിലുള്ള ദിയോറിയിലെ ബെരിയ ഹത്യദന്ത് ഗ്രാമത്തിലുള്ള ഉസ്മാന്‍ അന്‍സാരിയാണ് പശുവിനെ കൊന്നു എന്നതിന്റെ പേരില്‍ മര്‍ദ്ദനത്തിന് ഇരയായത്. അന്‍സാരിയുടെ വീടിനു സമീപം ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടു എന്ന അഭ്യൂഹത്തെ തുടര്‍ന്ന് നൂറു കണക്കിന് പേര്‍ വീടു വളയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനക്കൂട്ടം ആക്രമിക്കുന്നതായ വാര്‍ത്തയറിഞ്ഞ് അര മണിക്കൂറിനുളളില്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. എന്നാല്‍ ജനക്കൂട്ടം രോഷാകുലരായിരുന്നുവെന്നും ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നു ഇവരെ പിരിച്ചു വിടാന്‍ എന്നും പോലീസ് വ്യക്തമാക്കി. ഇതില്‍ കൃഷ്ണ പണ്ഡിറ്റ് എന്നൊരാള്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. അന്‍സാരിയും പണ്ഡിറ്റും ചികിത്സയിലാണ്

എന്നാല്‍ ദി ടെലിഗ്രാഫ് ഈ വാര്‍ത്തയുടെ കുറച്ചു കുടി വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതനുസരിച്ച്, വീടിനടുത്ത് പശുക്കളെ വളര്‍ത്തുന്ന ഫാം നടത്തുന്നയാളാണ് അന്‍സാരി. രോഗം ബാധിച്ച് ഒരു പശു ചത്തു. എന്നാല്‍ ഇതിനെ കുഴിച്ചിടുന്നതിന് മുമ്പ് ആരോ പശുവിന്റെ കഴുത്ത് അറുത്തുവെന്നും തുടര്‍ന്ന് അന്‍സാരി പശുവിനെ കൊല്ലുകയായിരുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

വിവരമറിഞ്ഞ നുറോളം വരുന്ന ജനക്കൂട്ടം വീട് വളയുകയും അന്‍സാരിയെ മര്‍ദ്ദിക്കുകയും ചെയ്തു. അര മണിക്കൂറിനുള്ളില്‍ പോലീസ് സംഭവവസ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടം 1000-ത്തോളം പേരായി വര്‍ധിച്ചു. രണ്ടു മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് അന്‍സാരിയേയും കുടൂംബത്തെയും രക്ഷിക്കാനായത് എന്ന് എ.ഡി.ജി.പി ആര്‍.കെ മല്ലിക് വ്യക്തമാക്കി. ഇതിനായി 80 തവണ ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നുവെന്നും കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി ഭരണത്തിലുള്ള ഝാര്‍ഖണ്ഡില്‍ രണ്ടു മാസം മുമ്പ് ജനക്കൂട്ടം ഏഴു പേരെ ഒരു ദിവസം അടിച്ചു കൊന്നിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം എന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരുസംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും കരുതിക്കൂട്ടി കുഴപ്പം ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന് പ്രചരിപ്പിച്ചതെന്നും അന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പോലീസിന്റെ അനാസ്ഥയാണ് നാലു മുസ്ലീം ചെറുപ്പക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെടാന്‍ ഇടയാക്കിയത് എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഇത്തവണ പക്ഷേ, പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ടാണ് പശുവിന്റെ പേരില്‍ മറ്റൊരു കൊലപാതകം ഉണ്ടാകാതിരുന്നതെന്നും വിലയിരുത്തപ്പെടുന്നു. ചത്ത പശുവിന്റെ കഴുത്ത് അറുത്ത ശേഷം ഇത് പ്രചരിപ്പിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍