UPDATES

മോദിയുടെ കാലത്ത് സൈനികരുടെ മരണനിരക്ക് 93% വർധിച്ചു; ഭീകരാക്രമണങ്ങൾ 176% കൂടി

2014 മുതൽ 2018 വരെ 1,708 ഭീകരാക്രമണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായെന്ന് കണക്കുകൾ. ഫെബ്രുവരി അഞ്ചിന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളിൽ തന്നെ ഈ വർധന വ്യക്തമാണ്. ഭീകരാക്രമണങ്ങൾ നിത്യേനയെന്നോണം കശ്മീരിൽ കഴിഞ്ഞ അഞ്ചു വർഷമായി നടന്നു വരികയാണ്.

2014നും 2018നുമിടയിൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിൽ 93% വർധനയുണ്ടായിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ ഇതേ കാലയളവില്‍ 176% വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യാ ടുഡെയാണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

2014 മുതൽ 2018 വരെ 1,708 ഭീകരാക്രമണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഓരോ മാസവും ശരാശരി 28 ഭീകരാക്രമണങ്ങൾ വീതം ഉണ്ടായെന്ന് ചുരുക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിർ ലോകസഭയിൽ എഴുതി നൽകിയ മറുപടിയില്‍ ഈ വിവരങ്ങളുണ്ട്.

2014നും 2018നും ഇടയിൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും വൻ വർധന ഉണ്ടായിട്ടുണ്ട്. 35.71 ശതമാനം വർധിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ എണ്ണം കൂടിയതനുസരിച്ച് കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണത്തിലും വർധന വന്നിട്ടുണ്ട്. 133.63 ശതമാനമാണ് വർധന വന്നിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ (2016-2018) പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം മാസത്തിൽ ശരാശരി 11 ഭീകരർ എന്ന നിലയിലെത്തിയിട്ടുണ്ട്. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എഴുതി നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. 2016ൽ 119 പേരാണ് നുഴഞ്ഞു കയറിയതെങ്കിൽ 2017ൽ ഇത് 136 ആയി വർധിച്ചു. 2018ൽ ഇത് 143 ആയി കൂടി. 2018 ജൂൺ മാസത്തിൽ മാത്രം 38 പേർ രാജ്യത്തേക്ക് ജമ്മു കശ്മീരിൽ നുഴഞ്ഞു കയറി. ഇത് രേഖയിൽ അറസ്റ്റ് ചെയ്യപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ എണ്ണവും നൽകിയിട്ടുണ്ട്.

ഇന്റലിജൻസ് പരാജയങ്ങളും, ലഭ്യമായ ഇന്റലിജൻസ് വിവരങ്ങൾ ശരിയായി ഉപയോഗിക്കാതിരിക്കലുമെല്ലാം ഭീകരാക്രമണങ്ങളുടെ തോത് വർധിച്ചതിന് കാരണമായിട്ടുണ്ട്. ഇന്റലിജൻസ് വിവരങ്ങളുണ്ടായിട്ടും ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ സുരക്ഷാ സേന പരാജയപ്പെട്ടെന്ന് കശ്മീർ ഗവര്‍ണർ സത്യപാൽ മാലിക് ഇന്ന് പ്രസ്താവിച്ചിരുന്നു.

‘ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ല. ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നതാണ്. ഏതോ വിധത്തിലുള്ള അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഒരു പരിശോധനയുമില്ലാതെ ഇത്രയും വലിയൊരു വാഹനത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഭീകരർക്ക് വരാൻ കഴിഞ്ഞെങ്കിൽ നമ്മുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്.’ -ഗവർണർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തിരിച്ചടിയുണ്ടാകുമെന്നും സത്യപാൽ മാലിക് പറഞ്ഞു. ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച ആരും രക്ഷപ്പെടില്ല. ഭീകരവാദത്തിന്റെ അവസാന കണികയും നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഒരു മഹീന്ദ്ര സ്കോർപിയോ എസ്‍യുവിയില്‍ 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ചാണ് ഭീകരരെത്തിയത്. 78 വാഹനങ്ങളടങ്ങുന്ന ഒരു സൈനിക വ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഇത്രയും ഭീകരമായ ഒരാക്രമണം കശ്മീരിൽ നടന്നിട്ടില്ല.

എന്നാൽ ഇച്ഛാഭംഗം കൊണ്ടാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഭീകരർക്കെതിരെ ഇന്ത്യ വിജയം കൈവരിക്കുന്നതിൽ അവർ നിരാശരാണെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക് പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കശ്മീരിലെ സ്ഥിതിഗതികൾ അശാന്തമാണ്.

(ചിത്രങ്ങൾക്ക് കടപ്പാട്: ഇന്ത്യാ ടുഡേ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍