UPDATES

ചന്ദ്രശേഖര്‍ ആസാദ്: സംഘപരിവാറിനെ വിറപ്പിച്ച് പുതിയ ദളിത് നേതാവ് ഉദയം കൊള്ളുമ്പോള്‍

‘എന്റെ സമുദായം ഉറങ്ങുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്, പക്ഷെ ഇന്നത്തെ ജനസാന്നിധ്യം കാണുമ്പോള്‍ അവര്‍ ഉണര്‍ന്ന് എഴുന്നേറ്റിരിക്കുന്നു എന്നെനിക്ക് മനസിലായി’

പാര്‍ലമെന്റില്‍ നിന്നും അധികം അകലെയല്ലാത്ത ജന്തര്‍ മന്ദിറിനും കേരള ഹൗസിനും ഇടയില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ ഞായറാഴ്ച തിങ്ങിനിറഞ്ഞപ്പോള്‍, അവരുടെ മുന്നിലേക്ക് ചന്ദ്രശേഖര്‍ ആസാദ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ സമുദായം ഉറങ്ങുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്, പക്ഷെ ഇന്നത്തെ ജനസാന്നിധ്യം കാണുമ്പോള്‍ അവര്‍ ഉണര്‍ന്ന് എഴുന്നേറ്റിരിക്കുന്നു എന്നെനിക്ക് മനസിലായി. ഇപ്പോള്‍ എനിക്കൊരു ഭീതിയുമില്ല’ വടക്കേ ഇന്ത്യയില്‍ ദളിത് പ്രതിഷേധങ്ങളുടെ പുതിയ അലകള്‍ ഉയര്‍ന്ന് വരുന്നതിനിടയില്‍ ഈ അഭിഭാഷകന്‍ ഗര്‍ജ്ജിക്കുന്നു. ഇത്തവണ ഉത്തര്‍ പ്രദേശാണ് ഈ അലകളുടെ പ്രഭവസ്ഥാനം. ‘ഭീം സേന’ എന്ന് അവര്‍ വിശേഷിപ്പിക്കുന്ന സംഘടനയെ നയിച്ചുകൊണ്ട് ചന്ദ്രശേഖര്‍ ആസാദ് ഈ പുതിയ പ്രസ്ഥാനത്തിന്റെ മുഖമായി മാറുന്നു.

‘ഞാനൊരു ഭീരുവല്ല. നിങ്ങളുടെ അടുത്തെത്തണം എന്ന് എനിക്കാഗ്രമുണ്ടായിരുന്നതിനാലാണ് ഞാന്‍ നിശബ്ദത പുലര്‍ത്തിയത്. ഇനി ഞാന്‍ പോലീസില്‍ കീഴടങ്ങും,’ എന്ന് ‘ജയ് ഭീം‘ വിളികള്‍ക്കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ 30-കാരനായ അഭിഭാഷകന്‍ പറഞ്ഞു. മേയ് അഞ്ചിന് യുപിയിലെ സഹാരപൂരില്‍ ഠാക്കൂര്‍മാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് നടന്ന ദളിത് പ്രതിഷേധത്തില്‍ ആരോപിക്കപ്പെട്ട പങ്കിന്റെ പേരിലുള്ള അറസ്റ്റ് ഇതുവരെ ഒഴിവാക്കുകയായിരുന്നു ആസാദ്.

ദി ക്വിന്റിന്റെ വീഡിയോ

‘പോരാട്ടത്തിനുള്ള വേദിയൊരുങ്ങിയിരിക്കുന്നു,’ എന്ന് തൂവാല കെട്ടിയ വലതുകൈ ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനാല്‍ തന്റെ അനുയായികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനായില്ലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. നീലത്തൊപ്പിധാരികളുടെ ഒരു കടലായി മാറിയ ജന്തര്‍ മന്ദര്‍ റോഡില്‍ തിങ്ങിക്കൂടിയ ആറായിലത്തിലേറെ വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ മുഖമുദ്രയായ കട്ടിമീശ വടിച്ചുകളഞ്ഞിരുന്നു. പക്ഷെ വലതുകൈയില്‍ പതിവുപോലെ തൂവാല കെട്ടിയിരുന്നുവെങ്കിലും അനുയായികള്‍ സമ്മാനിച്ച നീല തലപ്പാവ് അത് തലയില്‍ അണിയാന്‍ വിസമ്മതിച്ചു.

‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം നമ്മുടെ സമുദായത്തിന് വേണ്ടി പോരാടും’. ‘അഹിംസാത്മക, അരാഷ്ട്രീയ,’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടനയുടെ നേതാവ് സാധാരണഗതിയില്‍ നിന്നും കൂടുതല്‍ ആക്രമണോത്സുകമായ ശബ്ദത്തോടെ പറഞ്ഞു. ‘കാവി ഭീകരത അവസാനിക്കുന്നത് വരെ ഞാന്‍ ഈ തലപ്പാവ് (ദളിത് സ്വയം പ്രമാണീകരണത്തിന്റെ മുദ്ര) അണിയില്ല.’ താന്‍ ഒളിവില്‍ നിന്നും പുറത്തുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് റാലിയില്‍ പങ്കെടുക്കുണമെന്ന് അനുയായികള്‍ക്ക് ആഹ്വാനം നല്‍കുന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

‘1951-ലെ ഈ ദിവസമാണ് കൊളംബിയ അടിമത്തം അവസാനിപ്പിച്ചത്. ഇന്ന് നമ്മള്‍ അടിമത്തം അവസാനിപ്പിക്കുന്നു. നമ്മള്‍ താഴ്ന്നവരോ തൊട്ടുകൂടാത്തവരോ അധീനരോ അല്ല. എല്ലാവരെക്കാളും മുകളിലാണ് നമ്മള്‍. നമ്മള്‍ ഒന്നിച്ച് പോരാടുമെന്ന് യാദവരും ഒബിസികളും ദളിതരും വാല്‍മീകളുമായ സഹോദരങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. രാഷ്ട്രീയ വേദിയിലായിരിക്കില്ല നമ്മുടെ പോരാട്ടം. കൂപ്പിയ കൈകളോടെ വോട്ടിന് വേണ്ടി യാചിക്കേണ്ട അവസ്ഥയിലാണ് രാഷ്ട്രീയക്കാര്‍. അവരുടെ കൈകള്‍ കെട്ടിയടപ്പെട്ടിരിക്കുന്നു. നമ്മള്‍ ആരുടെ മുന്നിലും തലകുനിക്കില്ല. സംവരണ മണ്ഡലങ്ങളില്‍ നിന്നും ഇത്തരം നിഷ്ഗുണരായ എംപിമാരെ തിരഞ്ഞെടുത്ത് അയക്കില്ലെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്യണം. തങ്ങളുടെ സഹോദരിമാര്‍ക്കെതിരെ അക്രമങ്ങള്‍ പെരുകുമ്പോള്‍ നിശബ്ദരായി നില്‍ക്കുന്നവരുടെ മുഖത്ത് കരിതേക്കണം,’ എന്ന് അദ്ദേഹം പറഞ്ഞു.

‘ബെഹന്‍ജി (മായാവതി) ഞങ്ങളുടെ നേതാവായിരുന്നു, ഭയ്യ (ചന്ദ്രശേഖര്‍) ആണ് ഞങ്ങളുടെ പുതിയ നേതാവ്,‘ എന്ന ആള്‍ക്കൂട്ടത്തില്‍ പലരും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിന് സമീപം ഷാബിര്‍പൂര്‍ ഗ്രാമത്തില്‍ ഒരു ജീവന്‍ അപഹരിച്ച ഠാക്കൂര്‍-ദളിത് സംഘര്‍ഷത്തിനെതിരെ മേയ് ഒമ്പതിന് സഹാരന്‍പൂര്‍ നഗരത്തില്‍ നടന്ന അക്രമാസക്തമായ ദളിത് പ്രതിഷേധനത്തിന് ചന്ദ്രശേഖറാണ് നേതൃത്വം നല്‍കിയതെന്ന് ഉത്തര്‍പ്രദേശ് പോലീസ് ആരോപിക്കുന്നു.

Also Read: അടിക്ക് തിരിച്ചടി: യുപിയില്‍ ചന്ദ്രശേഖറിന്റെ പുതിയ ദളിത്‌ – അംബേദ്‌കറൈറ്റ് രാഷ്ട്രീയം

ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയു അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് മറ്റൊരു എഫ്‌ഐആറും എടുത്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, കല്ലുകളും വടികളുമല്ലാതെ അദ്ദേഹത്തിന്റെ സംഘടനാംഗങ്ങള്‍ മറ്റെന്തെങ്കിലും ആയുധം കൊണ്ടുനടക്കുന്നതിന് തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.  തങ്ങളുടെ കറുത്ത കുപ്പായമണിഞ്ഞുകൊണ്ട് നിരവധി അഭിഭാഷകരും പ്രകടനത്തിന് എത്തിയിരുന്നു. ‘ഞങ്ങള്‍ ദളിതര്‍ നേരത്തെ ബിഎസ്പിക്ക് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ചന്ദ്രശേഖറെ പോലുള്ള ഒരു വിദ്യാസമ്പന്നന്‍ ഉന്നത ജാതിക്കാര്‍ക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ സ്വാഭാവികമായും തയ്യാറാവുന്നു. ഞങ്ങള്‍ക്ക് സംഘടിക്കുന്നതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ല,’ എന്ന് ജഗദീഷ് പ്രസാദ് പറയുന്നു.

രാവിലെ വേദിയിലേക്ക് വലിഞ്ഞുകയറിയ പ്രദേശിക ബിഎസ്പി നേതാക്കളോട് വേദി വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഞങ്ങളുടെ ഉള്ളിലുള്ള രോഷം തിരിച്ചറിയുന്നതില്‍ നമ്മുടെ നേതാക്കള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് അവര്‍ മനസിലാക്കണം. അതുകൊണ്ടാണ് ചന്ദ്രശേഖറെയും ജിഗ്നേഷ് മേവാനിയെയും (കഴിഞ്ഞ വര്‍ഷം ഉനയില്‍ നടന്ന മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന ദളിത് പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച യുവനേതാവ്) പോലുള്ള പുതിയ നേതാക്കളെ ഞങ്ങള്‍ കണ്ടെത്തുന്നത്,’ എന്ന് മറ്റൊരാള്‍ പറഞ്ഞു.


നിരവധി അംബേദ്ക്കറൈറ്റുകളുടെയും ജെഎന്‍യു നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘങ്ങളുടെയും പിന്തുണയോടെ റാലിക്ക് ജനസാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് മേവാനിയും പ്രവര്‍ത്തിച്ചിരുന്നു. ഉനയ്ക്ക് ശേഷം ബിജെപിയുടെ മുഖത്തടിക്കുന്നതിന് വേണ്ടി കൂട്ടംച്ചേര്‍ന്ന ആയിരക്കണക്കിന് ദളിതര്‍ക്ക് സമാനമായ പ്രവൃത്തിയാണ് നിങ്ങള്‍ ഇന്ന് ചെയ്തിരിക്കുന്നത്,’ എന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് 36-കാരനായ മേവാനി പറഞ്ഞു.

‘നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരായ തികഞ്ഞ രോഷമാണ് ഇന്നിവിടെ പ്രതിഫലിച്ചത്,’ മേവാനി പറഞ്ഞു. ‘ഈ രോഷത്തെ അഭിസംബോധന ചെയ്യുന്നതില്‍ അതാവാലെയും ഉദിത് രാജും പാസ്വാനും മായാവതിയും പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ നേതാക്കള്‍ സൃഷ്ടിച്ച ശൂന്യത നികത്തുന്നതിന് ദളിത് യുവാക്കള്‍ തെരുവുകള്‍ നിറയ്ക്കുന്നത്.’ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ സ്വയം രാവണനോട് താരതമ്യപ്പെടുത്തിയ ചന്ദ്രശേഖര്‍, 1919-ലെ ജാലിയന്‍വാല ബാഗ് കുട്ടയ്‌ക്കൊലയ്ക്ക് അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മൈക്കിള്‍ ഒ’ഡയറിനെ വധിച്ച സ്വാതന്ത്ര്യസമര സേനാനി ഉദം സിംഗിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

‘സ്വന്തം സമുദായത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ നക്‌സലൈറ്റുകള്‍ എന്നാണ് പോലീസ് വിശേഷിപ്പിക്കുന്നതെങ്കില്‍ ഒരു നക്‌സലൈറ്റ് ആണെന്ന് ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ഒളിവിലായിരുന്നപ്പോള്‍ നിരാഹാരം നടത്തിയ സ്ത്രീകളുടെ ഏജന്റാണ് ഞാനെന്നാണ് എന്നെ ആര്‍എസ്എസിന്റെ ഏജന്റ് എന്ന വിശേഷിപ്പിക്കുന്നവരോട് പറയാനുള്ളത്. കാന്‍ഷി റാമിന്റെയും ഉദം സിംഗിന്റെയും അനുയായിയാണ് ഞാന്‍. എന്റെ പ്രത്യയശാസ്ത്രം മലിനമല്ലാത്തതിനാലാണ് ‘രാവണന്‍’ എന്ന് എന്റെ പേരിനൊപ്പം ചേര്‍ത്തത്. തന്റെ സഹോദരിയുടെ മാനത്തിന് വേണ്ടി എല്ലാം ത്യജിച്ച അദ്ദേഹം, സീതയെ തട്ടിക്കൊണ്ട് പോയിട്ടുപോലും അവരുടെ ദേഹത്ത് സ്പര്‍ശിച്ചില്ല. തനിക്ക് സ്വന്തമായി ഒരു വീട് വെക്കുകയോ സ്വത്ത് സമ്പാദിക്കുകയോ ചെയ്യില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച കാന്‍ഷി റാമിന്റെ മകനാണ് ഞാന്‍.’ എന്ന് പറഞ്ഞാണ് രാവണന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്‌.

ബിജെപിയുടെ രാഷ്ട്രീയ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം രാവണന്റെ ഉദയം ഒരു നല്ല വാര്‍ത്തയല്ല. ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതൊരു നല്ല വാര്‍ത്തയല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍