UPDATES

2019ലേക്കുള്ള രാഹുല്‍ ബ്രാന്‍ഡിന്റെ ഉദ്ഘാടനമാണ് നമ്മള്‍ കണ്ടത്

രാഹുലിന്റെ ഈ നടപടി മുന്നെ എഴുതിയ തിരക്കഥ പ്രകാരമുള്ളതായിരുന്നോ? അതോ പെട്ടെന്നുള്ള തോന്നലില്‍ സംഭവിച്ചതോ?

2014 മെയ് 20നു ആദ്യമായി ഇന്ത്യന്‍ പാരലമെന്റിന്റെ പടികള്‍ ചവിട്ടിയ നരേന്ദ്ര മോദി ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു നംബര്‍ പയറ്റി. നെറ്റി പടികളില്‍ മുട്ടിച്ചു ജനാധിപത്യത്തിന്റെ ശ്രീ കോവിലിനെ വണങ്ങുകയായിരുന്നു പ്രധാനമന്ത്രി. അതിനുശേഷം നരേന്ദ്ര മോദിയുടെ നാടകീയ ആഖ്യാനങ്ങള്‍ പല വട്ടം പല രൂപത്തില്‍ രാജ്യം കണ്ടു. എല്‍ കെ അദ്വാനിയെ വേദിയിലിരുത്തി ഗദ്ഗദകണ്ഠനായി മോദി കണ്ണീര്‍ വാര്‍ത്തു. ലോക നേതാക്കളെ ആശ്ലേഷിച്ചും കുഞ്ഞുങ്ങളുടെ ചെവി പിടിച്ചുമൊക്കെ താന്‍ മികച്ചൊരു പെര്‍ഫോമറാണ് എന്നു തെളിയിച്ചുകൊണ്ടിരുന്നു. എന്നാല്‍ മോദിയുടെ മുന്‍കാല നാടകീയതകളെ ഒക്കെ പിന്നിലേക്ക് തള്ളുന്നതായിരുന്നു ഇന്നത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്.

തന്റെ പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. ഒരു വേള നരേന്ദ്രമോദി സത്യസന്ധനല്ല എന്നു വരെ രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാല്‍ അമിത് ഷായുടെ മകനെതിരേ കോടികളുടെ ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടും മിണ്ടാത്ത വ്യക്തിയാണ് അദ്ദേഹം. തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി പുഞ്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണ്. മോദിക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവില്ല. രാഹുല്‍ കത്തിക്കയറി.

എന്നാല്‍ പെട്ടെന്നായിരുന്നു ആ നടപടി. തന്റെ പ്രസംഗത്തിന് ശേഷം മോദിയുടെ സമീപത്തേക്ക് നടന്ന രാഹുല്‍ അദേഹത്തെ ആശ്ലേഷിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. രാഹുലിന്റെ ഈ നടപടി മുന്നെ എഴുതിയ തിരക്കഥ പ്രകാരമുള്ളതായിരുന്നോ? അതോ പെട്ടെന്നുള്ള തോന്നലില്‍ സംഭവിച്ചതോ?

ഇതൊരു പെട്ടെന്നുള്ള നടപടി ആയിരുന്നു എന്നാണ് കോണ്‍ഗ്രസ്സിന്റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ റണ്‍ദീപ് സുര്‍ജെവാല പറഞ്ഞത്. പ്രധാനമന്ത്രിയെ പോലെ തങ്ങളും ആശ്ചര്യത്തോടെയാണ് രാഹുലിന്റെ പ്രവൃത്തിയെ കണ്ടത് എന്നു കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നു.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച അതി നാടകീയമായ ഇടപെടലിലൂടെ തന്റേതാക്കി മാറ്റിയിരിക്കുകയാണ് രാഹുല്‍. മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ തീരുമാനിച്ച ഈ പ്രവൃത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രാഷ്ട്രീയ നാടക കളരിയിലെ ഗംഭീര അങ്കങ്ങളില്‍ ഒന്നായി എണ്ണപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു രാഹുല്‍ കൊടുത്ത സന്ദേശമാണ് ഈ ആശ്ലേഷം എന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വ്യാഖ്യാനിച്ചാല്‍ അത് അതിശയോക്തി ആണ് എന്നു സ്ഥാപിക്കാനാവും രാജ്യം കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ടക്കൊല സിക്ക് കൂട്ടക്കൊലയാണ് എന്നു തുടര്‍ന്ന് പ്രസംഗിച്ച രാജ് നാഥ് സിംഗ് പറഞ്ഞത്. എന്തുതന്നെയായാലും hugnothate ഹാഷ് ടാഗുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇറങ്ങിക്കഴിഞ്ഞു.

ഒരു കാര്യം ഉറപ്പിക്കാം, 2019ലേക്കുള്ള രാഹുല്‍ ബ്രാന്‍ഡിന്റെ ഉദ്ഘാടനമാണ് നമ്മള്‍ കണ്ടത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍