UPDATES

ട്രെന്‍ഡിങ്ങ്

തന്നെ നിശബ്ദനാക്കാന്‍ സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു- ഹര്‍ഷ് മന്ദിര്‍

വിദേശ ഫണ്ടിംഗിന്റെ പേര് പറഞ്ഞ് രാജ്യത്തെ ആയിരക്കണക്കിന് എന്‍ജിഒകള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം നോട്ടീസ് അയച്ചത്. ആദായനികുതി, ചിലവ് രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ എഫ്‌സിആര്‍എ നിയമപ്രകാരമുള്ള ലൈസനന്‍സുകള്‍ റദ്ദാക്കുമെന്ന് ഭീഷണിയും സര്‍ക്കാര്‍ മുഴക്കിയിരുന്നു

തന്റെ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന് ആദായ നികുതി വകുപ്പ് നല്‍കിയിരിക്കുന്ന നോട്ടീസ് തന്റെ വായ്മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സന്നദ്ധപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദിര്‍ ആരോപിച്ചു. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന സ്ഥിരം കലാപരിപാടിയാണ് ഇത്തരം ഭീഷണികളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടവുകളെ കുറിച്ച് ‘പൂര്‍ണമായ പരിശോധന’ വേണമെന്നും സപ്തംബര്‍ 25നകം നോട്ടീസിന് മറുപടി നല്‍കണമെന്നുമാണ് സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി അടവിനെ കുറിച്ച് എന്തെങ്കിലും രേഖകളുണ്ടെങ്കിലും അതും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ആദായ നികുതി അടയ്ക്കുന്നതില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും കൃത്യ സമയത്ത് തന്നെ നികുതികള്‍ അടയ്ക്കാറുണ്ടെന്നും ഇപ്പോഴത്തെ നോട്ടീസ് തന്നെ നിശബ്ദനാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നും ഹര്‍ഷ് മന്ദിര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പൂര്‍ണമായ അന്വേഷണം നടത്തണമെന്നാണ് നോട്ടീസ് പറയുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേഷ് ശര്‍മ്മ നടത്തിയ പരസ്യ ഭീഷണിയെ തുടര്‍ന്നാണ് നോട്ടീസ് എന്നതും ശ്രദ്ധേയമാണ്. പെഹ്ലു ഖാന്റെ കൊലപാതകികള്‍ക്കെതിരായ കേസ് അവസാനിപ്പുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മന്ദിറിന്റെ എന്‍ജിഒ ഫണ്ടിംഗിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് രാകേഷ് ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.

ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് ആ പ്രദേശങ്ങളിലേക്ക് കര്‍വാന്‍-ഇ-മൊഹബത്ത് എന്ന പേരില്‍ സമാധാനയാത്ര നടത്തിയതിന്റെ പേരില്‍ മന്ദിര്‍ അടുത്ത കാലത്ത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആല്‍വാറില്‍ പശുസംരക്ഷകര്‍ തല്ലിക്കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെ വീട്ടിലാണ് ജാഥ അവസാനിച്ചത്. ഇതാണ് ആര്‍എസ്എസിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ചതെന്നാണ് മന്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

കര്‍വാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചില നടപടികള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ദര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ അടച്ചുപൂട്ടിയാലും തങ്ങള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴാങ് ഡ്രെസെ, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്‍സി സക്‌സേന എന്നിവരോടൊപ്പം ചേര്‍ന്ന് 2000 ലാണ് ഹര്‍ഷ് മന്ദര്‍ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ആരംഭിച്ചത്. എന്നാല്‍ പതിവ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ് നോട്ടീസെന്നും കമ്പ്യൂട്ടര്‍ അളവുകോലുകള്‍ക്ക് അനുസരിച്ചാണ് ഇത് പുറപ്പെടുവിക്കാറുള്ളതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. സാധാരണഗതിയില്‍ ഒരു വര്‍ഷം സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ വിശദപരിശോധനയ്ക്ക് വിധേയമാക്കാറുള്ളു.

രാജ്യത്തെ എന്‍ജിഒകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വേട്ടയുടെ ഭാഗമാണ് നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശ ഫണ്ടിംഗിന്റെ പേര് പറഞ്ഞ് രാജ്യത്തെ ആയിരക്കണക്കിന് എന്‍ജിഒകള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം നോട്ടീസ് അയച്ചത്. ആദായനികുതി, ചിലവ് രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ എഫ്‌സിആര്‍എ നിയമപ്രകാരമുള്ള ലൈസനന്‍സുകള്‍ റദ്ദാക്കുമെന്ന് ഭീഷണിയും സര്‍ക്കാര്‍ മുഴക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍