UPDATES

ട്രെന്‍ഡിങ്ങ്

‘ഇന്ത്യക്ക് തൊഴിലില്ലായ്മ ഡാറ്റ ഒളിച്ചുപിടിക്കാനാകും; പക്ഷെ സത്യത്തെ മറയ്ക്കാനാകില്ല’

മനുഷ്യവിഭവശേഷിയാണ് ഇന്ത്യയുടെ വളർച്ചയുടെ തൂണുകളെന്ന പ്രഖ്യാപനത്തോടെയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. യുവാക്കളെ ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു.

തൊഴിലില്ലായ്മ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ഇന്ത്യൻ സർക്കാർ മറച്ചുപിടിക്കുന്നതു സംബന്ധിച്ച ന്യൂയോർക്ക് ടൈംസിൽ വിശദമായ റിപ്പോർട്ട്. സാമ്പത്തിക ശാസ്ത്രജ്ഞനായ കൗശിക് ബസുവാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇന്ത്യയിൽ ഒരു വൻ തൊഴിലില്ലായ്മ പ്രതിസന്ധി രൂപപ്പെട്ടിടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലേഖനം തുടങ്ങുന്നത്. ‘സാമ്പത്തികമായി പിന്നാക്കം’ നിൽക്കുന്നവർക്ക് സംവരണം നൽകാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ 10% സാമ്പത്തിക സംവരണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലേഖനം വിശദീകരിക്കുന്നുണ്ട്. ഈ സംവരണത്തിനുള്ള മാനദണ്ഡങ്ങൾ പ്രകാരം ഇന്ത്യയുടെ 95 ശതമാനം പേരും സംവരണം ലഭിക്കുന്നവരായി മാറുമെന്ന, സാമൂഹ്യശാസ്ത്രകാരി സോനാൾദെ ദേശായിയുടെ കണ്ടെത്തലും കൗശിക് ബസു പങ്കുവെക്കുന്നു.

ഏതാണ്ട് എല്ലാവർക്കും ലഭിക്കുന്ന സംവരണം എന്ന കേൾക്കുമ്പോൾ അതിന്റെ ഗൗരവം പിടികിട്ടണമെന്നില്ലെന്ന് ബസു ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രഹരശേഷി അറിയാൻ ഒരു ഉദാഹരണവും ലേഖകൻ നൽകുന്നുണ്ട്. യുഎസ്സിൽ 10 ശതമാനം സംവരണം ഏർപ്പാടാക്കുകയും അതിൽ പണക്കാരായ 5 ശതമാനം പേരും ആഫ്രിക്കൻ അമേരിക്കക്കാരും അപേക്ഷിക്കേണ്ടതില്ലെന്നും മാനദണ്ഡം വെച്ചാൽ എങ്ങനെയിരിക്കും? ഏതാണ്ട് ഇതാണ് ഇന്ത്യയിൽ നടന്നിരിക്കുന്നത്.

മനുഷ്യവിഭവശേഷിയാണ് ഇന്ത്യയുടെ വളർച്ചയുടെ തൂണുകളെന്ന പ്രഖ്യാപനത്തോടെയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. യുവാക്കളെ ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു. 2013-14 കാലത്ത് പുറത്തുവിട്ട തൊഴിൽ ലഭ്യത സംബന്ധിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 4.9 ശതമാനമായിരുന്നു. ദേശീയ സാമ്പിൾ സര്‍വ്വേ ഓഫീസ് നടത്തിയ പുതിയ സർവ്വേകൾ (2017-18) പ്രകാരമുള്ള ഡാറ്റയിൽ ഇത് 6.1 ശതമാനമായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇത് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വിവരങ്ങളാണ് ഇന്ത്യ മൂടിവെക്കാൻ ശ്രമിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

രണ്ട് ദശകത്തോളമായി മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വന്നിരുന്നതാണ് തൊഴിൽ ലഭ്യത സംബന്ധിച്ച റിപ്പോർട്ടുകൾ. 2016 വരെ ഇത് തുടർന്നു പോന്നു. ഇതിനു ശേഷം കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിലെ രണ്ട് അംഗങ്ങൾ രാജി വെച്ചു.

കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ പക്കൽ നിന്നുള്ള വിവരങ്ങൾ ലഭ്യമല്ലാതായതോടെ മറ്റു സോഴ്സുകൾ തേടിപ്പോകേണ്ട അവസ്ഥയിലാണ് ശാസ്ത്രജ്ഞർ. വർഷാവർഷം തൊഴിലില്ലായ്മ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയെന്ന സർക്കാർ തീരുമാനം ഏറെ പ്രകീർത്തിക്കപ്പെട്ട നടപടിയായിരുന്നു. നോബൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ആൻഗസ് ഡീറ്റൺ പോലും ഇതെക്കുറിച്ച് നല്ലത് പറയുകയുണ്ടായി. ഇപ്പോൾ വിശകലനങ്ങൾക്ക് ശാസ്ത്രജ്ഞരും സ്ഥാപനങ്ങളും ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളാണെന്ന് ബസു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഏറെ ആദരിക്കപ്പെടുന്ന അത്തരമൊരു സ്ഥാപനമാണ് സെന്റർ ഫോർ മോണിറ്ററിങ് ദി ഇന്ത്യൻ എക്കണോമി. ഈ സ്ഥാപനം നടത്തിയ ഡാറ്റാ ശേഖരണത്തിലും വിശകലനങ്ങളിലും നിന്ന് മനസ്സിലാക്കാനായത് 2018 ഡിസംബർ മാസത്തോടെ ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 7.38 ശതമാനം കണ്ട് വർധിച്ചെന്നാണ്. അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നത് ഇന്ത്യയുടെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 16 ശതമാനം കണ്ട് ഉയർന്നുവെന്നാണ്. സേവന മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വെറും 16 ശതമാനമാണ്. 2011ൽ ഉന്നത ഉദ്യോഗസ്ഥരിൽ 13 ശതമാനം പേർ സ്ത്രീകളായിരുന്നു. ഇത് 2015ഓടെ 7 ശതമാനമായി ചുരുങ്ങി.

ചെറുകിട-ഇടത്തരം കച്ചവടക്കാരെ അവഗണിച്ച് വൻ കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്ന് ലേഖനം പറയുന്നു.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍