UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയുടെ ആയുധ ഇറക്കുമതി വൻതോതിൽ ഇടിഞ്ഞു; ഒന്നാംസ്ഥാനത്ത് ഇനി സൗദി

ആയുധ ഇറക്കുമതിയിൽ ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്നത് റഷ്യയെയാണെന്നു കാണാം.

ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരെന്ന വിശേഷണം ഇനി ഇന്ത്യക്കില്ല. എട്ടു വർഷത്തിലധികമായി ഇന്ത്യ നേട്ടമായി ആഘോഷിച്ചിരുന്ന ഈ വിശേഷണം ഇനി സൗദി അറേബ്യക്കാണ് ലഭിക്കുക. ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആയുധ ഇറക്കുമതിക്കാരുടെ പട്ടികയിൽ ഇന്ത്യ ദശകങ്ങളായി ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ വരാറുണ്ടായിരുന്നു. കഴിഞ്ഞ എട്ടു വർഷമായി ഒന്നാംസ്ഥാനം നിലനിർത്തുകയും ചെയ്തു.

സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) ആണ് ഇക്കാര്യം വിശദമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ട്രെൻഡ്സ് ഇൻ ഇന്റർനാഷണൽ ആംസ് ട്രാൻസ്ഫേഴ്സ്-2018’ എന്ന തലക്കെട്ടിലുള്ള പഠനം, 2014-2018 കാലയളവിൽ ആഗോളതലത്തിൽ നടന്ന ഇറക്കുമതികളുടെ 9.5 ശതമാനം ഇന്ത്യയുടേതായിരുന്നു. 2013-2017 കാലയളവിൽ 13 ശതമാനവും സ്വന്തമാക്കിയിരുന്നത് ഇന്ത്യയായിരുന്നു.

ആയുധ ഇറക്കുമതിയിൽ ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്നത് റഷ്യയെയാണെന്നു കാണാം. 2014-18 കാലയളവിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 58 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. യുഎസ്എസ്ആർ നിലവിലുള്ള കാലത്തേയുള്ളതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധവ്യാപാര ബന്ധം. ഇസ്രായേൽ. യുഎസ് എന്നിവയാണ് ആയുധങ്ങൾക്കായി ഇന്ത്യ ആശ്രയിക്കുന്ന മറ്റു രണ്ട് രാജ്യങ്ങൾ.

പഠനവിധേയമാക്കിയ കാലയളവിലാണ് ഇന്ത്യ റഷ്യയിൽ നിന്നും Mi-17-V5 ഹെലികോപ്റ്ററുകൾ വാങ്ങിയത്. റഷ്യയിൽ നിന്നു തന്നെ സമുദ്രനിരീക്ഷണ വിമാനങ്ങളും ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. യുഎസ്സിൽ നിന്ന് ബോയിങ് പി8-1 വിമാനങ്ങളും ഇന്ത്യ വാങ്ങുകയുണ്ടായി. ആളില്ലാ വിമാനങ്ങളും റഡാറുകളും ഇസ്രായേലിൽ നിന്നാണ് ഇന്ത്യ വാങ്ങിയത്.

ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നു എന്നതിന് സ്വന്തമായി ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നു എന്നർത്ഥമില്ല. ആയുധങ്ങൾ വാങ്ങുന്നത് കുറഞ്ഞതു മാത്രമാണ് കാരണം. അതെസമയം വൻ സാമ്പത്തിക ശക്തിയായി വളർന്നു കഴിഞ്ഞ ഇന്ത്യയുടെ അയൽരാജ്യമായ ചൈന ആയുധ കയറ്റുമതിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കി തുടങ്ങിയിട്ടുണ്ട്. യുകെ, ഇസ്രായേൽ, യുഎസ്, റഷ്യ എന്നിവർക്കു പിന്നാലെ ഏറ്റവും കൂടുതൽ ആയുധക്കയറ്റുമതി ചെയ്യുന്നവരിൽ അഞ്ചാംസ്ഥാനത്ത് ചൈന എത്തിയിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ ഉപഭോക്താക്കൾ. 2018 മാർച്ചിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പത്ത് ആയുധ വിതരണക്കാരിൽ ആറാം സ്ഥാനത്താണ് ചൈന നിൽക്കുന്നത്. ഒന്നാമത് യുഎസ്സും രണ്ടാമത് റഷ്യയിലും മൂന്നാമത് യുകെയും നാലാമത് ഫ്രാൻസും അഞ്ചാമത് ജർമനിയും വരുന്നു. ഇന്ത്യയിൽ നിന്ന് ആയുധക്കയറ്റുമതി കാര്യമായി ഇല്ല.

ഇറക്കുമതിയുടെ കാര്യത്തിലും ചൈന മുന്നിലുണ്ട്. 2014-18 കാലയളവിൽ ആഗോള ഇറക്കുമതികളുടെ 4.2 ശതമാനവും ചൈനയിലേക്കായിരുന്നു.

യുഎഇ, ഓസ്ട്രേലിയ, അൾജീരിയ, തുർക്കി, ഇറാഖ്, പാകിസ്താൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഏറ്റവുമധികം ആയുധ ഇറക്കുമതി നടത്തുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍