UPDATES

രണ്ടാം മോദി സർക്കാർ 100 ദിവസത്തിനുള്ളിൽ 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യും; തൊഴില്‍ നിയമങ്ങൾ മാറ്റും: നീതി ആയോഗ്

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഉപയോഗിച്ച് ‘ഭൂമി ബാങ്കുകൾ’ സൃഷ്ടിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.

രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ നൂറ് ദിവസങ്ങളിൽ വൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കളമൊരുങ്ങുമെന്ന് റിപ്പോർട്ടുകൾ. വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സർക്കാർ സാമ്പത്തിക വ്യവസ്ഥയിൽ കൊണ്ടുവരിക. ഇതിന്റെ ഭാഗമായി 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യുമെന്ന് നീതി ആയോഗിന്റെ വൈസ് ചെയര്‍മാൻ രാജീവ് കുമാർ വ്യക്തമാക്കി.

തൊഴിൽ നിയമങ്ങളിൽ വൻതോതിലുള്ള മാറ്റങ്ങൾ ഈ കാലയളവിൽ നടക്കുമെന്ന് രാജീവ് കുമാർ സൂചിപ്പിച്ചു. കൂടുതൽ “അവർക്ക് (വിദേശനിക്ഷേപകർക്ക്) സന്തോഷത്തിനുള്ള വകുപ്പുണ്ട്. നിരവധി പരിഷ്കാരങ്ങൾ വരുമെന്ന് ഞാൻ ഉറപ്പു തരുന്നു. ഞങ്ങൾ കാര്യങ്ങൾ വേഗത്തിലാക്കാൻ ഒരുമ്പെടുകയാണ്,” രാജീവ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ നേരിട്ട് വരുന്ന ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയർമാൻ.

രാജ്യത്തെ തൊഴില്‍നിയമങ്ങൾ സങ്കീർണവും പഴക്കമുള്ളതുമാണെന്ന് രാജീവ് കുമാർ ചൂണ്ടിക്കാട്ടി. ജൂലൈയിലെ ആദ്യ പാർലമെന്റ് സെഷനിൽ തന്നെ ഈ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമാകും. പുതിയ ബില്ല് ലോകസഭയിൽ അവതരിപ്പിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

44 കേന്ദ്ര തൊഴിൽ നിയമങ്ങളെ നാലു വിഭാഗങ്ങളാക്കി മാറ്റും. വേതനം, വ്യാവസായികബന്ധം, സാമൂഹ്യസുരക്ഷയും ക്ഷേമവും, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളും എന്നിങ്ങനെയാണ് വിഭാഗീകരിക്കുക. തൊഴില്‍ സംബന്ധമായ തർക്കങ്ങളിൽ കമ്പനികൾ സങ്കീർണമായ പ്രശ്നങ്ങളിൽ ചെന്നു പെടുന്നത് ഒഴിവാക്കുക എന്നതാണ് ഈ പരിഷ്കാരത്തിന്റെ ഉദ്ദേശ്യമെന്ന് രാജീവ് കുമാർ വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഉപയോഗിച്ച് ‘ഭൂമി ബാങ്കുകൾ’ സൃഷ്ടിക്കാനും സർക്കാരിന് പദ്ധതിയുണ്ട്. വിദേശനിക്ഷേപകർക്ക് ആവശ്യമായ ഭൂമി കണ്ടെത്താൻ ഇതുവഴി സാധിക്കും. കൂടാതെ, ഇത്തരം ഭൂമികൾ വിട്ടു നൽകുന്നതിൽ തർക്കങ്ങൾക്കും സാധ്യതയില്ല. മുൻകാലങ്ങളിൽ കർഷകരുടെ ഭൂമി ഏറ്റെടുത്തു നൽകുന്നതും മറ്റും വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതൊഴിവാക്കാനാകും ഇത്തരത്തിൽ ലാൻഡ് ബാങ്ക് നിർമിക്കുന്നത്.

എയർ ഇന്ത്യയിൽ വിദേശനിക്ഷേപത്തിന് ഇപ്പോൾ വെച്ചിട്ടുള്ള പരിധിയും നീക്കം ചെയ്യപ്പെടും. 46ഓളം പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യും. നഷ്ടത്തിൽ ഓടുന്ന സ്ഥാപനങ്ങൾക്കാണ് ഈ നടപടികൾ നേരിടേണ്ടി വരിക.

ആസൂത്രണ കമ്മീഷൻ എന്ന, 65 വർഷത്തോളം പഴക്കമുള്ള സ്ഥാപനം ഉടച്ചുവാർത്ത് സൃഷ്ടിച്ചതാണ് നീതി ആയോഗ്. ഈ സ്ഥാപനമാണ് രാജ്യത്തിന്റെ പദ്ധതിയാസൂത്രണങ്ങളിൽ നിർണായകമായ നയപരമായ തീരുമാനങ്ങളെടുക്കുന്നത്. കോൺഗ്രസ്സ് നിർമിച്ച ആസൂത്രണ കമ്മീഷൻ സോവിയറ്റ് ശൈലിയിലുള്ളതാണെന്നായിരുന്നു മോദി സർക്കാരിന്റെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍