UPDATES

ട്രെന്‍ഡിങ്ങ്

കൈക്കൂലി കാര്യത്തിലും ഇന്ത്യ തന്നെ മുമ്പില്‍; മോദി എല്ലാം ശരിയാക്കുമെന്നും ജനത്തിന് പ്രതീക്ഷ

ഏഷ്യ-പസഫിക് മേഖലയിലല്‍ 69 ശതമാനം കൈക്കൂലി നിരക്കുമായി ഇന്ത്യ മുന്നില്‍

അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ഘോരഘോര പ്രസംഗങ്ങള്‍ നടക്കുമ്പോഴും ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ അഴിമതി രാജ്യമായി ഇന്ത്യ തുടരുന്നു. ഇന്ത്യയിലെ പൊതുസേവനങ്ങള്‍ പ്രാപ്യമാക്കുന്നതിന് പത്തില്‍ ഏഴ് പൗരന്മാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നതായി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ 16 രാജ്യങ്ങളില്‍ നിന്നും 22,000 ആളുകള്‍ക്കിടയിലാണ് അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ സര്‍വെ നടത്തിയത്. 69 ശതമാനം കൈക്കൂലി നിരക്കുള്ള ഇന്ത്യയാണ് മേഖലയില്‍ ഏറ്റവും മുന്നില്‍.

പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജപ്പാനിലെ കൈക്കൂലി നിരക്ക് 0.5 ശതമാനം മാത്രമാണ്. പൊതജനാരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ പ്രാപ്യമാക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ തവണയും ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ഇന്ത്യയില്‍ പൊതുവിദ്യാഭ്യാസ, ആരോഗ്യരംഗത്തെ കൈക്കൂലി നിരക്ക് യഥാക്രമം 58-ഉം 59-ഉം ശതമാനമാണ്. പോലീസ്, തിരിച്ചറിയല്‍ രേഖകള്‍, പശ്ചാത്തല സൗകര്യങ്ങള്‍ എന്നീ സേവനങ്ങള്‍ പ്രാപ്യമാക്കുന്നതിനും ഇന്ത്യയില്‍ കൈക്കൂലി നിരക്ക് വളരെ കൂടുതലാണ്.

റിപ്പോര്‍ട്ട് പ്രകാരം കൈക്കൂലിയുടെ കാര്യത്തില്‍ വിയറ്റ്‌നാം, തായ്‌ലന്റ്, പാകിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യ. ഏഷ്യ-പസഫിക് മേഖലയിലെ കൈക്കൂലിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം വിയറ്റ്‌നാമിനാണ്. 65 ശതമാനമാണ് അവിടുത്തെ കൈക്കൂലി നിരക്ക്. 41 ശതമാനം കൈക്കൂലി നിരക്കോടെ തായ്‌ലന്റ് മൂന്നാം സ്ഥാനത്തും 40 ശതമാനത്തോടെ പാകിസ്ഥാന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍, അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്ന പ്രതീക്ഷയാണ് ജനങ്ങള്‍ ഇപ്പോഴും വച്ചുപുലര്‍ത്തുന്നത്. അഴിമതി തടയുന്നതില്‍ സര്‍ക്കാര്‍ വിജയം കാണുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 51 ശതമാനം ആളുകളും വിശ്വസിക്കുന്നു. അഴിമതി തുടച്ചുനീക്കും എന്ന അവകാശവാദവുമായി അധികാരത്തില്‍ എത്തിയ നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ആശ്വാസമാണ്.

ഇന്ത്യയില്‍ മാത്രമല്ല ഈ ജനവികാരമുള്ളത്. തങ്ങളുടെ സര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കുമെന്ന് തായ്‌ലന്റ് ജനതയുടെ 72 ശതമാനവും വിശ്വസിക്കുന്നു. എന്നാല്‍ അഴിമതിക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനാവുമെന്ന് 45 ശതമാനം പാകിസ്ഥാനികളെ വിശ്വസിക്കുന്നുള്ളു.

അഴിമതിയുടെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ദരിദ്ര ജനവിഭാഗങ്ങളാണെന്നും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ കൈക്കൂലിയുടെ 73 ശതമാനം ഭാരവും താങ്ങുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളാണ്. തങ്ങളുടെ സാധ്യതകള്‍ പരിമിതമായതോ അല്ലെങ്കില്‍ കൈക്കൂലി ഒഴിവാക്കുന്നതിന് വേണ്ട സ്വാധീനം ഇല്ലാത്തതോ ആണ് ഇതിന് കാരണം. ചുരുക്കത്തില്‍ ഏഷ്യ-പസഫിക് രാജ്യങ്ങളുടെ അഴിമതിയുടെ കാര്യത്തില്‍ സാമ്പത്തിക വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള അനുപാതരാഹിത്യം പ്രകടമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍