UPDATES

ട്രെന്‍ഡിങ്ങ്

കർട്ടാർപൂർ കോറിഡോർ: ഇന്ത്യ-പാക് ഉദ്യോഗസ്ഥ ചർച്ച സൃഷ്ടിപരമായിരുന്നെന്ന് പാകിസ്താൻ

സ്വപ്നം സഫലീകരിക്കാൻ ഇന്ത്യ പ്രതിബദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതി ചെയ്യുന്ന രണ്ട് സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന ‘കര്‍ട്ടാർപൂർ കോറിഡോറി’ന്റെ രൂപകൽപ്പന സംബന്ധിച്ച് ഇന്ന് നടന്ന ഉദ്യോഗസ്ഥതല ചർച്ച സൃഷ്ടിപരമായിരുന്നെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായ സാഹചര്യം നിലനിൽക്കെയാണ് ഈ ചർച്ച നടന്നതെന്നത് ശ്രദ്ധേയമാണ്. അട്ടാരി-വാഘ അതിർത്തിയിൽ വെച്ച് നടന്ന ചർച്ച തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് പൂർത്തിയാക്കിയതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ ഗുർദാസ്പൂരിൽ സ്ഥിതി ചെയ്യുന്ന ദേരാ ബാബ നാനാക്ക് ക്ഷേത്രവും പാകിസ്താനിലെ കർട്ടാർപൂരിൽ സ്ഥിതി ചെയ്യുന്ന ഗുർദ്വാര ദർബാർ സാഹിബ് ക്ഷേത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയാണ് ഇരുരാജ്യങ്ങളും സൃഷ്ടിക്കാൻ പോകുന്നത്. കർട്ടാർപൂരിലെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്താണ് സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് ജനിച്ചതെന്നാണ് വിശ്വാസം. പാകിസ്താനിലെ മുസ്ലിങ്ങൾക്കിടയിലും ഗുരു നാനാക്കിനെ ആരാധിക്കുന്നവരുണ്ട്.

അട്ടാരി-വാഘ അതിർത്തിയിലെ ഇന്ത്യൻ ഭാഗത്തു വെച്ചായിരുന്നു ചർച്ച. പാക് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവു കൂടിയായ ഡോ. മൊഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു പാകിസ്താൻ സംഘം എത്തിയത്. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ്‍സിഎൽ ദാസ് ഇന്ത്യൻ സംഘത്തെ നയിച്ചു.

ദിനംപ്രതി അയ്യായിരം വിശ്വാസികൾക്ക് ഈ കോറിഡോർ വഴി സഞ്ചരിക്കാനുള്ള സൗകര്യം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ തന്നെയുണ്ടാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വപ്നം സഫലീകരിക്കാൻ ഇന്ത്യ പ്രതിബദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങളുടെ വികാരങ്ങളെ തങ്ങൾ മാനിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി നാല് കുലോമീറ്റർ പാകിസ്താന്റെ ഭാഗത്തും രണ്ട് കിലോമീറ്റർ ഇന്ത്യയുടെ ഭാഗത്തും വരുന്ന ഒരു പാത നിർമിക്കപ്പെടും. പാകിസ്താനിലെ രവി നദിക്കു കുറുകെ ഒരു പാലവും വരും. പാസ്പോർട്ടോ വിസയോ ഇല്ലാതെ തന്നെ ഇന്ത്യൻ വിശ്വാസികൾക്ക് പാകിസ്താനിലെ ഈ ക്ഷേത്രത്തിലേക്ക് പോകാനാകും. പാകിസ്താനിലെ വിശ്വാസികൾക്ക് തിരിച്ചും സഞ്ചരിക്കാം. ഈ കോറിഡോർ നിർമിക്കാൻ ബേനസീർ ഭൂട്ടോയും അടൽ ബിഹാരി വാജ്പോയിയുമാണ് ആദ്യമായി മുൻകൈയെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍