UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ-പാക് സുരക്ഷ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തി

അബദ്ധത്തില്‍ നിയന്ത്രരേഖ കടക്കുന്ന പ്രായം ചെന്നവരെയും കുട്ടികളെയും കാലതാമസമില്ലാതെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കാനുള്ള മനുഷ്യത്വപരമായ ഒരു നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടുവച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ പക്ഷം തയ്യാറായിട്ടല്ല

കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ പാകിസ്ഥാന്‍ ജയിലില്‍ എത്തി കണ്ടതിന്റെ പിറ്റെ ദിവസം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ബാങ്കോക്കിലെ നിഷ്പക്ഷവേദിയില്‍ കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാന്റെ സുരക്ഷ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ നസീര്‍ ഖാന്‍ ജാന്‍ജുവയും തായിലന്റ് തലസ്ഥാനത്തെ നിഷ്പക്ഷവേദിയില്‍ വച്ച് ഡിസംബര്‍ 26ന് കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാകിസ്ഥാന്‍ അപമാനിച്ചുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. താലിമാല ഉള്‍പ്പെടെ ഊരി മാറ്റിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നത്. എന്നാല്‍, ജാദവിന്റെ അമ്മയുടെയും ഭാര്യയുടെയും പാകിസ്ഥാന്‍ സന്ദര്‍ശനവുമായി കൂടിക്കാഴ്ചയ്ക്ക് ബന്ധമില്ലായിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇരുവരും തമ്മില്‍ നിഷ്പക്ഷവേദിയില്‍ നടത്തിയ കൂടിക്കാഴ്ച നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നതാണ്. ഒരു മാസം മുമ്പ് തന്നെ ഇത്തരം ഒരു കൂടിക്കാഴ്ചയെ സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു.

കൂടിക്കാഴ്ചയെ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നു. പാകിസ്ഥാന്റെ സുരക്ഷ ഉപദേഷ്ടാവ് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ആയതിനാല്‍ പാകിസ്ഥാന്‍ സേനയുടെ റാവല്‍പിണ്ഡി ആസ്ഥാനത്തും വിവരം ധരിപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഔദ്ധ്യോഗികമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. കൂടിക്കാഴ്ചയെ തുടര്‍ന്ന് ജാന്‍ജുവ വ്യാഴാഴ്ച പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്റെ ദേശീയ സുരക്ഷ, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍, ഭീകരവാദം എന്നിവ ചര്‍ച്ചയായെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു.

്അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താതെ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് തന്റെ എക്കാലത്തെയും നിലപാടെന്നും ഷെരീഫ് വ്യക്തമാക്കിയതായാണ് അറിയുന്നത്. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇന്ത്യ-പാക് ബന്ധങ്ങളെ കുറിച്ച് ചില മൂര്‍ച്ഛയേറിയ അഭിപ്രായങ്ങള്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ബാങ്കോക് കൂടിക്കാഴ്ച നടന്നതെന്നും ശ്രദ്ധേയമാണ്. തെക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളുടെ സുസ്ഥിരത വളരെ ലോലമായ സന്തുലനത്തിലാണെന്നും ആണവ യുദ്ധ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും ഡിസംബര്‍ 18ന് ഇസ്ലാമബാദില്‍ നടന്ന ഒരു ദേശീയ സുരക്ഷ സെമിനാറില്‍ ജാന്‍ജുവ അഭിപ്രായപ്പെട്ടു. തെക്കന്‍ ഏഷ്യയുടെ സന്തുലനം നിലനിറുത്തുന്നതിന് പ്രത്യേക ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളുടെയും സുരക്ഷ ഉപദേഷ്ടാക്കള്‍ സ്വതന്ത്രവേദിയില്‍ കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായല്ല. ഇരുരാജ്യങ്ങളുടെയും സുരക്ഷ ഉപദേഷ്ടാക്കളും വിദശകാര്യ സെക്രട്ടറിമാരും 2015ല്‍ ബാങ്കോക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആ വര്‍ഷം ഡിസംബര്‍ 25ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മാധ്യമ ശ്രദ്ധിയില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ട് രണ്ട് ഉദ്യോഗസ്ഥര്‍ക്കും സ്വസ്ഥമായി ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കും എന്നതാണ് നിഷ്പക്ഷവേദിയുടെ ഗുണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ച ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകള്‍ രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു എന്നാണ് സൂചനകള്‍. കാശ്മീരില്‍ നിയന്ത്രണരേഖ കട് പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ നുഴഞ്ഞുകയറുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു എന്നാണ് വിവരം. ഈ വര്‍ഷം നിയന്ത്രണരേഖയില്‍ മാത്രം 820 വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങളാണ് നടന്നത്. അതിര്‍ത്തി രക്ഷാസേനകള്‍ നിയന്ത്രണരേഖ കടന്ന നടത്തിയ ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2017ല്‍ മാത്രം നിയന്ത്രണരേഖയില്‍ 31 ഇന്ത്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

അബദ്ധത്തില്‍ നിയന്ത്രരേഖ കടക്കുന്ന പ്രായം ചെന്നവരെയും കുട്ടികളെയും കാലതാമസമില്ലാതെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കാനുള്ള മനുഷ്യത്വപരമായ ഒരു നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടുവച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ പക്ഷം തയ്യാറായിട്ടല്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദ് പോലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തുവന്ന് സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും ലഷ്‌കര്‍-ഇ-തോയിബ തലവന്‍ സക്കിയൂര്‍ റഹ്മാന്‍ ലഘ്‌വ് ജാമ്യത്തില്‍ തുടരുന്നതും ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ച വിഷയങ്ങളില്‍ ഉള്‍പെടുന്നു. കാശ്മീരിലെ അസ്വസ്ഥതകളും പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ ഗ്രാമവാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും ജാന്‍ജുവയും ഉന്നയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍