UPDATES

കാശ്മീര്‍: ഇന്ന് ജനീവയില്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

കാശ്മീരികളുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ അവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്നും മിഷേല്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍. യോഗത്തില്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പങ്കെടുക്കുന്നുണ്ട്. കാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍‌ നടക്കുന്നുണ്ടെന്ന പാക് ആരോപണം നിലനില്‍ക്കെയാണ് യുഎന്‍ യോഗം നടക്കുന്നത്. കാശ്മീരി നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചും, ജനജീവിതത്തിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ഇന്ത്യക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

വിദേശകാര്യമന്ത്രാലയത്തിലെ ഒരു സെക്രട്ടറിയും പാക് ഹൈക്കമ്മീഷണറായിരുന്ന അജയ് ബിസാരിയയുമാണ് ഇന്ത്യന്‍ ഭാഗം വാദിക്കാന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുക. മന്ത്രമാരെയാരെയും പങ്കെടുപ്പിക്കാതിരിക്കുന്നത് മനപ്പൂര്‍വ്വമാണ്. ഇന്ത്യ ഈ യോഗത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന സന്ദേശം പകരാന്‍ ഇതുവഴി സാധിക്കും. കാശ്മീര്‍ പ്രശ്നം രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ പരിഹരിക്കാവുന്ന ഒന്നാണെന്നും അതൊരു അന്തര്‍‌ദ്ദേശീയ പ്രശ്നമാക്കേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

കാശ്മീരില്‍ ഇപ്പോള്‍ നിലനില്‍‍ക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് മനുഷ്യാവകാശ വിഷയങ്ങളിലെ യുഎന്‍ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ച്‌ലെറ്റ് ഇന്നലെ യോഗം തുടങ്ങിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണരേഖയുടെ ഇരുവശത്തും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ട് തനിക്ക് തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നടപടികളിലും കടുത്ത ആശങ്കയുണ്ടെന്നും, സമാധാനപരമായി യോഗം ചേരാനും ആശയവിനിമയം നടത്താനും കാശ്മീരികള്‍ക്കുള്ള അവകാശങ്ങള്‍ തടയപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറയുകയുണ്ടായി.

കാശ്മീരികളുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ അവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്നും മിഷേല്‍ പറഞ്ഞു. ഈ പ്രസ്താവന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്യുകയുണ്ടായി. യുഎന്‍ ഈ പ്രശ്നത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മിഷേലിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് നടക്കുന്ന യോഗത്തിനു ശേഷം ഇന്ത്യ പുറത്തിറക്കുന്ന പ്രസ്താവനയില്‍ പ്രതികരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍