UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക ഉദ്യോഗസ്ഥയെ പുറത്താക്കാനുള്ള നീക്കവുമായി നാവിക സേന

സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷാബി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥയെ മാനസിക രോഗിയാക്കി പുറത്താക്കാന്‍ നീക്കം. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക ഉദ്യോഗസ്ഥയായ ഷാബി ഇപ്പോള്‍ തന്റെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള അവസാന പോരാട്ടത്തിലാണ്. 30-കാരിയായ ഷാബി ഏഴുവര്‍ഷം മുമ്പാണ് നാവികസേനയിലെ മറൈന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ലഭിക്കുന്നത്. അന്ന് പുരുഷനായിരുന്ന ഷാബിയുടെ പേര് എം.കെ.ഗിരിയെന്നായിരുന്നു.

സ്ത്രീയായി ജീവിക്കണമെന്ന തന്റെ ഏറെ കാലത്തെ ആഗ്രഹത്തെ തുടര്‍ന്ന് ഗിരി നേവിയിലെത്തിയതിന് ശേഷം നേവി ഡോക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം അതിന് സമ്മതിക്കാതത്തിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 22 ദിവസത്തെ അവധിയെടുത്ത് രഹസ്യമായി ഷാബി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. തിരിച്ച് ജോലിയില്‍ പ്രവേശിച്ചെങ്കിലും മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു. അവിടെവച്ച് താന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം ഗിരിക്ക് വെളിപ്പെടുത്തേണ്ടിവന്നു.

നേവി ആശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡിലായിരുന്നു ഇതിനോടകം ഷാബിയായ ഗിരിയെ പ്രവേശിപ്പിച്ചത്. ഷാബിക്ക് 24 മണിക്കൂറും കാവലിന് പുരുഷന്മാരായ സൈനിക ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. തുടര്‍ന്ന് ആറുമാസത്തോളം ഷാബി മാനസികരോഗ വാര്‍ഡിലായിരുന്നു. മാനസിക നില തകരാറിലാണെന്നും നേവിയില്‍ ജോലിചെയ്യാന്‍ ഷാബി പര്യാപ്തയല്ലെന്നും വരുത്തി തീര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു.

ജയിലിനു സമാനമായിരുന്നു ഇവിടത്തെ അന്തരീക്ഷത്തിലും ഷാബി തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നിന്നു. ഒടുവില്‍ ഓഗസ്റ്റ് 12-ന് ഷാബിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. നാവിക സേന പ്രതിരോധ മന്ത്രാലയത്തിന് ഷാബിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ഡിവിഷണല്‍ ഓഫിസറോട് കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചത്.

തന്റെ ജോലി സംബന്ധിച്ച് കമാന്‍ഡിങ് ഓഫിസറോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഷാബിക്ക് അനുവാദം ലഭിച്ചില്ല. തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചെതെന്നാണ് ഷാബിയുടെ ആരോപണം. ഇന്ത്യന്‍ നേവിയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ്‌ജെന്‍ഡറായ ഒരാളെ സേനയിലെടുക്കാനാവില്ലെന്നാണ് ഷാബിയ്ക്ക് ലഭിക്കുന്ന വിശദീകരണം.

മാധ്യമങ്ങളോട് സംസാരിച്ചാല്‍ നേവിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമുണ്ടെന്നും സ്ത്രീകള്‍ക്ക് പ്രതിരോധ വിഭാഗത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടെന്നും ഷാബി വ്യക്തമാക്കുന്നു. തന്റെ ജോലി നിലനിര്‍ത്താന്‍ സുപ്രീം കോടതിയില്‍ പോകാനൊരുങ്ങുകയാണ് ഷാബി. എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ സൈന്യത്തിലെ ആദ്യത്തെ ട്രാന്‍ജെന്‍ഡറായ ഷാബി തന്റെ കഥ വെളിപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍