UPDATES

ജോധ്പൂരിൽ നിന്നും കറാച്ചിയിലേക്കുള്ള താർ ലിങ്ക് എക്സ്പ്രസ്സും റദ്ദാക്കി; ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് 45 പേർ

45 പേരാണ് ഇത്തവണ പാകിസ്താനിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും കറാച്ചിയിലേക്കുള്ള താർ ലിങ്ക് എക്സ്പ്രസ് ട്രെയിൻ റദ്ദാക്കി. പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഗതാഗത ബന്ധങ്ങൾ നീക്കം ചെയ്തു കൊണ്ടിരിക്കുന്നതിൽ ഏറ്റവും ഒടുവിലത്തേതാണിത്.

രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് ഈ ട്രെയിൻ യാത്ര തുടങ്ങാറുള്ളത്. പാക് അതിർത്തിയിലെ ഇന്ത്യൻ പ്രദേശമായ മുനബാവോ വരെയാണ് ഈ ലിങ്ക് ട്രെയിൻ യാത്ര ചെയ്യുക. ഇവിടെ നിന്ന് യാത്രക്കാർ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പാകിസ്താൻ തങ്ങളുടെ അതിർത്തിക്കകത്ത് തയ്യാറാക്കി നിർത്തുന്ന ട്രെയിനിൽ കയറും. ഇതിന്റെ പേര് താർ എക്സ്പ്രസ് എന്നാണ്. ഇവിടെ നിന്നും യാത്ര തുടങ്ങുന്ന ട്രെയിൻ പാകിസ്താനിലെ കറാച്ചിയിൽ യാത്ര അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. ഈ ട്രെയിൻ ഇന്ന് (വെള്ളിയാഴ്ച) പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാൽ ട്രെയിൻ പുറപ്പെടില്ലെന്ന ഔദ്യോഗിക അറിയിപ്പ് ഇന്ത്യൻ റെയിൽവേ വക്താവ് നൽകി.

45 പേരാണ് ഇത്തവണ പാകിസ്താനിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ഓഗസ്റ്റ് ഒമ്പതിനു തന്നെ പാകിസ്താൻ തങ്ങളുടെ ഭാഗത്തു നിന്നുള്ള ട്രെയിന്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവസാന യാത്രയ്ക്ക് പാകിസ്താൻ അനുമതി നൽകുകയും ചെയ്തു. പാകിസ്താനിൽ നിന്ന് 165 പേരാണ് ഇന്ത്യയിലേക്ക് അവസാനത്തെ വണ്ടിയിൽ വന്നത്. താർ എക്സ്പ്രസ്സിനെ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രഖ്യാപനം വന്നിരുന്നില്ല.

സംഝോധ എക്സ്പ്രസ് ട്രെയിന്‍ നിർത്തലാക്കുന്നതായി ആദ്യം പ്രഖ്യാപിച്ചതും പാകിസ്താനായിരുന്നു. വാജ്പേയി തുടങ്ങിയതാണ് ഈ ഡൽഹി-ലാഹോർ തീവണ്ടി. ബസ് സർവ്വീസ് നിർത്തുകയാണെന്ന വിവരം പാകിസ്താൻ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ (PTDC) ഡൽഹി ട്രാൻ‌സ്പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ അറിയിക്കുകയായിരുന്നു. ഡൽഹി ഗേറ്റിനടുത്തുള്ള അംബേദ്കർ സ്റ്റേഡിയം ടെർമിനലിൽ നിന്നാണ് ഈ ബസ്സ് സ്ഥിരമായി പുറപ്പെട്ടിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഡിടിസിയുടെ ബസ്സ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുറപ്പെട്ടിരുന്നത്. ഇവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ തിരിച്ചെത്തും. പിടിഡ‍ിസി ബസ്സുകൾ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ പാകിസ്താനിൽ നിന്നും പുറപ്പെടും. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നും തിരിക്കും.

അതെസമയം കശ്മീർ വിഷയം യുഎൻ രക്ഷാ സമിതി ഇന്ന് ചർച്ചയ്ക്കെടുത്തിട്ടുണ്ട്. നാല് പതിറ്റാണ്ടിനു ശേഷമാണ് ഈ വിഷയം യുഎന്നിൽ ചർച്ചയ്ക്കെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യണമെന്ന ചൈനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ രഹസ്യ ചർച്ച നടത്തണമെന്നാണ് യുഎൻ രക്ഷാ സമിതിയോട് ചൈനയുടെ ആവശ്യപ്പെട്ടിരുന്നത്. കാശ്മീർ വിഷയം ചർച്ച ചെയ്യാൻ രക്ഷാസമിതി അടിയന്തിര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങൾക്കും പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് കത്തയയ്ക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നുമായിരുന്നു കത്തിലെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് പാകിസ്താൻ നൽകിയ കത്ത് പരാമർശിച്ച് ചൈനയുടെ രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍