UPDATES

വിപണി/സാമ്പത്തികം

സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയും: രഘുറാം രാജൻ

താന്‍ രാഷ്ട്രീയക്കാരന്‍ അല്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്ര ധനമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ അഭ്യൂഹങ്ങള്‍ മാത്രമാണ്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഒറ്റക്കക്ഷി ഭരണമായിരിക്കും നല്ലതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ അത് വളർച്ചയെ പ്രതികൂലമായ ബാധിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ പ്രതികരണം. പ്രാദേശിക പാർട്ടികളെ ഉൾപ്പെടെ കൂട്ടിച്ചേർത്ത് ബിജെപി സർക്കാറിനെതിരെ പ്രതിപക്ഷം വിശാല മുന്നണിസാധ്യമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി പുരോഗമിക്കുന്നതിനിയാണ് ഒറ്റക്കക്ഷി ഭരണത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാടെന്നതും ശ്രദ്ധേയമാണ്.

അതേസമയം, തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉയർന്ന റിപ്പോർട്ടുകളെ നിഷേധിക്കാനും അദ്ദേഹം തയ്യാറായി. താന്‍ രാഷ്ട്രീയക്കാരന്‍ അല്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്ര ധനമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായും താൻ സംവദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

നരേന്ദ്രമോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങൾക്കെതിരേ നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന രഘുറാം രാജൻ പക്ഷേ അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ പറയുന്നു. എന്നാൽ രാജ്യത്ത് അടിയന്തിരമായി പരിഹരിക്കേണ്ടത് കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം നിലവില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്നും അടിയന്തിരമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും വ്യക്തമാക്കുന്നു.

സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണമെന്ന് വിശേഷിപ്പിച്ച് മോദി സർക്കാർ നടപ്പാക്കിയ ചരക്കു സേവന നികുതി മികച്ച തീരുമാനമായിരുന്നു. എന്നാൽ 500, 1000 നോട്ടുകൾ അപ്രതീക്ഷിതമായി നിരോധിച്ച നടപടി സാമ്പത്തിക രംഗത്തിന് തിരിച്ചടിയായെന്നം അദ്ദേഹം പറയുന്നു. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ ഇടപെടൽ ആരോപിച്ച് ഊര്‍ജിത് പട്ടേൽ ഗവർണർ സ്ഥാനം രാജി വച്ച സംഭവം ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണം. രാജ്യപുരോഗതിക്ക് വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനും ഉൽപാദനക്ഷമമാക്കുന്നതിനും ഞങ്ങൾ ഉചിതമായ മാർഗ്ഗരേഖകൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ പരിഷ്കാരങ്ങൾ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഇടപെടലുകളാൾ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍