UPDATES

എന്‍ഡി ടിവിയുടെ വിഷമവൃത്തം; ഇന്ത്യന്‍ മാധ്യമ മാന്യതയുടെയും

ഒരു സ്ഥാപനം സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടാണ്. അതിലും പ്രയാസമാണ് അത് നടത്തിക്കൊണ്ടുപോകാന്‍.

അമ്മയുടെ മടിത്തട്ട് എന്നായിരുന്നു അതിന്റെ വിളിപ്പേര്. ആ സ്ഥാപനം രാജ്ദീപ് സര്‍ദേശായി, ബര്‍ക്ക ദത്ത്, അര്‍ണാബ് ഗോസ്വാമി എന്നിവരെ ഒരേ സമയത്തും പിന്നീട് ഭൂപേന്ദ്ര ചൗബെയെയും അവതരിപ്പിച്ചു. ഛായാഗ്രാഹകര്‍, വിഡിയോ എഡിറ്റര്‍മാര്‍, ഔട്ട്‌ഡോര്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയര്‍മാര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി ആ ചാനല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത്തെ നിലയില്‍ എത്താന്‍ സാധ്യതയില്ലാത്ത ഏകദേശം 200 ജീവനക്കാര്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. പാരച്ച്യൂട്ടില്ലാതെ ജറ്റില്‍ നിന്നും ചാടാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ജലത്തിന്റെ മുകളില്‍ തുഴഞ്ഞു നില്‍ക്കുന്നതിനായി ആ കപ്പല്‍ ഭാരം കുറയ്ക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത ലേഖകര്‍ ഉള്‍പ്പെടെ ഏഴുപത് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്നത്തെ പോലെ തന്നെ ആ സമയത്തും ആ കപ്പല്‍ തുഴഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ലെ ആഗോളമാന്ദ്യം ഇന്ത്യയെ ബാധിക്കുന്നതിന് തൊട്ടുമുമ്പ്, പുതുതായി തുടങ്ങിയ ഒരു വാര്‍ത്ത ചാനലില്‍  ഒരു സഹപ്രവര്‍ത്തകന് ഒരു പദവി വാഗ്ദാനം ലഭിച്ചു. ‘അമ്മക്കപ്പലിന് പകരം വെക്കാന്‍ മറ്റൊന്നില്ല, ‘എന്ന് ആ വ്യക്തി മറുപടി നല്‍കി. ആക്രോശവും കൂക്കിവിളിയും അര്‍ദ്ധ സത്യങ്ങളെ വാര്‍ത്ത എന്ന നിലയില്‍ പ്രചരിപ്പിക്കലും പ്രൈം-ടൈം ടെലിവിഷന്റെ ചട്ടമായി മാറിയപ്പോഴും എന്‍ഡിടിവി തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ചര്‍ച്ചകള്‍ ഉണ്ടാവുമെങ്കിലും ഒച്ചപ്പാടുകളിലേക്ക് അവ ഒരിക്കലും ഉയര്‍ന്നില്ല. കേള്‍ക്കുന്നതിനായി നിങ്ങള്‍ ആക്രോശിക്കേണ്ട കാര്യമില്ല എന്നതായിരുന്നു എന്‍ഡിടിവിയുടെ വിശ്വാസം. ‘കൊക്കെയ്ന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ‘ഒരു പുതിയ പ്രവണത രൂപം കൊള്ളുന്ന സമയത്ത് ‘അത് ഇഴഞ്ഞുനീങ്ങുന്നതാണ്’ എന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പാകിസ്ഥാനെ പ്രഹരിക്കുകയോ, ചൈനയെ കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ പറയുകയോ, സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പ്രകീര്‍ത്തിച്ച് പാടുകയോ ചെയ്യാത്തതൊന്നും വാര്‍ത്ത ഡെസ്‌കുകള്‍ കടന്നുപോകില്ല എന്നതിനാലാണ് അതിനെ ‘കൊക്കെയ്ന്‍ മാധ്യമപ്രവര്‍ത്തനം’ എന്ന്   വിശേഷിപ്പിക്കുന്നത്. എന്‍ഡിടിവിക്ക് വേഗത കുറവാണ് എന്നത് സത്യമാണ്. പക്ഷെ, അവര്‍ക്ക് അപൂര്‍വമായി മാത്രമേ തെറ്റുകള്‍ സംഭവിച്ചുള്ളു. മറ്റുള്ളവര്‍ ടിവി സ്‌ക്രീനുകള്‍ ‘ബ്രേക്ക്’ ചെയ്യുകയോ ‘ആഗോള എക്‌സ്‌ക്ലൂസീവ്’ അല്ലെങ്കില്‍ ‘സൂപ്പര്‍ എക്‌സ്‌ക്ലൂസീവ്’ അവതരിപ്പിക്കുകയോ ചെയ്തപ്പോള്‍, എന്‍ഡിടിവിയില്‍ ‘ഇപ്പോള്‍ കിട്ടിയത്’ എന്ന വിശേഷണത്തോടെ മാത്രം വാര്‍ത്തകള്‍ അവതരിപ്പിച്ചു. മറ്റുള്ളവര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന് മാത്രമായി ‘ബ്രേക്കിംഗ് ന്യൂസിന്’ ചുറ്റും കടിപിടി കൂടിയപ്പോള്‍, എന്‍ഡിടിവി ആ പ്രയോഗത്തിന്റെ പവിത്രത നിലനിറുത്തി. മറ്റ് ചാനലുകളിലെ അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഊഹാപോഹങ്ങളെ വാര്‍ത്തകള്‍ എന്ന നിലയില്‍ കൊട്ടിഘോഷിച്ചപ്പോള്‍, ‘ഇപ്പോഴും സ്ഥിരീകരണമില്ല’ എന്ന് പറയാന്‍ എന്‍ഡിടിവിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.

അപ്പോള്‍, എന്‍ഡിടിവിയുടെ വാര്‍ത്തമുറി എങ്ങനെയായിരുന്നു?

ലോകത്തിലെമ്പാടുമുള്ള വാര്‍ത്തമുറികള്‍ ഏറ്റവും ശത്രുതയുള്ള സ്ഥലങ്ങളില്‍ ഒന്നാണ്. എന്‍ഡിടിവിയിലും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, മാന്യതയുടെ ഒരു അടിയൊഴുക്ക് അവിടെ നിലനിന്നിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്കായി തിരയുമ്പോഴും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോഴും, ഡെസ്‌ക് ആ വാര്‍ത്ത ഇഴപിരിക്കുകയും സംസ്‌കരിച്ചെടുക്കുമ്പോഴും പ്രതീക്ഷിക്കപ്പെടുന്ന മാന്യതയുടെയും സഹാനുഭൂതിയുടെയും ഒരു മിശ്രിതമാണത്. ഒരു കര്‍ഷകന്റെ ആത്ഹത്യയെ കുറിച്ചും ഒരു പ്രസിദ്ധന്റെ വിവാഹത്തെ കുറിച്ചുമുള്ള രണ്ട് വാര്‍ത്തകള്‍ക്ക് അംഗീകാരം കൊടുക്കുമ്പോള്‍ ഏതാണ് കൂടുതല്‍ പരിഗണിക്കപ്പെടുന്നത് എന്നതിനെ സംബന്ധിച്ച ഒരു മിശ്രണമാണത്. ഓഫീസ് ബോയികളായി ചേരുകയും എന്നാല്‍ മാധ്യമ പ്രവര്‍ത്തകരാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് സ്ഥാപനം പരിശീലനം നല്‍കിയത് കൊണ്ട് മാത്രം മാധ്യമപ്രവര്‍ത്തകരായി മാറിയവരെ വളരെ അപൂര്‍വമായി മാത്രമേ ഇന്ത്യയിലെങ്കിലും കണ്ടെത്താനാവൂ. സ്ഥാപനം അവരില്‍ നിക്ഷേപം നടത്തുകയും അത് തിരികെ നല്‍കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്‍ഡിടിവിയില്‍ അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. അവരൊക്കെ മിടുക്കരായിരുന്നു എന്ന് ഉറപ്പിച്ച് പറയാനും സാധിക്കും.

മറ്റൊരു തലത്തില്‍, എന്‍ഡിടിവി സംഘടിപ്പിച്ച ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഋജുവായ ഒരു മാന്യത നിലനിന്നിരുന്നു. ഡോ. റോയിയും അക്കാലത്ത് ഉത്തര്‍ പ്രദേശില്‍ വളരെ ശക്തനായിരുന്ന രാഷ്ട്രീയ നേതാവും പങ്കെടുത്ത ചര്‍ച്ചയിലെ ഒരു സംഭവം ഓര്‍ത്തെടുത്തുകൊണ്ട് ആ മാന്യതയെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കാം. ഈ രാഷ്ട്രീയക്കാരനും ബോളിവുഡിലെ പ്രമുഖര്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും തമ്മില്‍ ഇടപാടുകളും അശ്ലീലങ്ങളും ചര്‍ച്ച ചെയ്യുന്ന ക്രിമിനല്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന ഒരു സിഡി അക്കാലത്ത് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയക്കാരന്റെ പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി കൃത്യമായി അതിന്റെ പ്രചാരണം തടഞ്ഞു. ഒരു പ്രൈം ടൈം ഷോയില്‍ വച്ച്, ‘സര്‍, ജഡ്ജിമാരും സ്ത്രീകളുമായുള്ള അങ്ങയുടെ സംഭാഷണങ്ങള്‍ക്ക് അപ്പുറം എന്തൊക്കെയാണ് ആ സിഡിയില്‍ ഉള്ളത്? ‘ഡോ. റോയിയുടെ ശ്രമത്തില്‍ ആ സിഡിയില്‍ ഉള്ള മറ്റുകാര്യങ്ങളെ കുറിച്ചും ആ രാഷ്ട്രീയക്കാരന്‍ വിശദീകരിക്കാന്‍ തുടങ്ങി! അതിന്റെ പ്രചാരണം തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുകയും പരമോന്നത കോടതി അനുകൂല ഉത്തരവിറക്കുകയും ചെയ്ത ശേഷം അതേ രാഷ്ട്രീയക്കാരന്‍ തന്നെ എല്ലാം വെളിപ്പെടുത്തുന്നു. ‘രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു’ അല്ലെങ്കില്‍ ‘നിങ്ങള്‍ ഒരു ഭീരുവാണ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.

റാഡിയ ടേപ്പുകള്‍

റാഡിയ ടേപ്പുകളെ കുറിച്ച് പരാമര്‍ശിക്കാതെ എന്‍ഡിടിവിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയും പൂര്‍ത്തിയാവില്ല. ഒരു രാഷ്ട്രീയക്കാരന് മന്ത്രിപദവി ഉറപ്പാക്കുന്നതിനെ കുറിച്ച് എന്‍ഡിടിവിയുടെ അന്നത്തെ ഗ്രൂപ്പ് എഡിറ്ററായിരുന്ന ബര്‍ക്ക ദത്ത് ടാറ്റാ ഗ്രൂപ്പിന്റെ ഒരു ഇടനിലക്കാരനുമായി സംസാരിക്കുന്നതായി കണ്ടു. തീര്‍ച്ചയായും ഒരു കുത്സിത ഇടപാട്. ഈ ഇടനിലക്കാരനുമായുള്ള അടുപ്പത്തില്‍ നിന്നും ബര്‍ക്കയ്ക്ക് നേട്ടങ്ങള്‍ ഉണ്ടായോ? ഭാവനയെക്കാള്‍ വിചിത്രമാണെങ്കിലും സത്യം ഒരിക്കലും പുറത്തുവന്നേക്കില്ല. സ്വയം ന്യായീകരിക്കുന്നതിന് ഒരു പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ ബര്‍ക്കയോട് ആവശ്യപ്പെടുന്നതാണ് നമ്മള്‍ കണ്ടത്. ഈ നിമിഷം വരെ ക്രിമിനല്‍ കേസുകളൊന്നും ചാര്‍ജ്ജ് ചെയ്യ്തില്ല. ഇടനില നടത്തുക അല്ലെങ്കില്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നത് 1988ലെ അഴിമതി വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. മാധ്യമ പ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് അല്ലാതെ അതിനെ തിരുത്തുന്നതിനോ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനോ വേണ്ടിയല്ല ചില കോര്‍പ്പറേറ്റ് താല്‍പര്യ സംഘങ്ങള്‍ റാഡിയ ടേപ്പുകള്‍ പുറത്തുവിട്ടത്. എന്തായിരുന്നിരിക്കാം അതിന്റെ ആവശ്യം? ‘വാര്‍ത്ത വ്യാപാരികള്‍’ ‘പ്രസ്റ്റിറ്റിയൂട്ട് ‘തുടങ്ങിയ വാക്കുകള്‍ ആരെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ? ആ വാക്കുകളൊക്കെ ഇപ്പോള്‍ അരുക്കാക്കപ്പെട്ടിരിക്കുന്നു. പക്ഷെ ആ സമയത്ത് 2014ലെ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരികയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള പുകമറ സൃഷ്ടിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകരുടെ അതിലംഘനങ്ങള്‍ എന്ന ആരോപണത്തെ കേന്ദ്രവേദിയാക്കുകയായിരുന്നു.

അങ്ങനെയാണെങ്കില്‍ എന്‍ഡിടിവി കാഴ്ചയ്ക്ക് എങ്ങനെയിരിക്കും?

എല്ലാ മനുഷ്യരെയും പോലെ ഈ സംഘടനയ്ക്കും ചില കറുത്ത പാടുകളുണ്ട്. മാധ്യമപ്രവര്‍ത്തനം പ്രതീക്ഷിക്കുന്നത് പോലെയുള്ള പക്ഷപാതരാഹിത്യ പരീക്ഷ എല്ലായ്പ്പോഴും അത് വിജയിച്ചിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. ഒരു കാരണത്തിന്റെ അല്ലെങ്കില്‍ മറ്റൊന്നിന്റെ പേരില്‍ പല സത്യസന്ധമായ വാര്‍ത്തകളും കുത്തിവെക്കപ്പെട്ടു. കുഴിച്ചുമൂടപ്പെട്ട ചില വാര്‍ത്തകളും ഉണ്ടായിരുന്നു. അതിരാവിലെയോ അല്ലെങ്കിലോ അര്‍ദ്ധരാത്രിയിലോ മാത്രം ചില വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടു. അതിന് മുന്‍ഗണനകളും ചായിവുകളും പക്ഷപാതങ്ങളുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എന്നാല്‍, ഒരുപക്ഷെ അതൊരിക്കലും ചെയ്യാതിരുന്ന ഒരു കാര്യം മറുപക്ഷത്തെ പൂര്‍ണമായും നിശബ്ദമാക്കിയിരുന്നില്ല എന്നതാണ്. ഇന്ന് മിക്ക ‘ദേശീയ വാര്‍ത്ത ശൃംഖലകളില്‍ ‘നിന്നും വ്യത്യസ്തമായി വ്യത്യസ്ത കാഴ്ചപ്പാടുകള്‍ക്ക് മനസില്ലാമനസോടെയെങ്കിലും ഇടം നല്‍കി. മറ്റുള്ളവരില്‍ നിന്നും അത് സ്വയം വ്യത്യസ്തമായതും അങ്ങനെയാണ്.

എന്‍ഡിടിവിയില്‍ ജോലി ചെയ്തിരുന്നവരെ സംബന്ധിച്ചിടത്തോളം അത് ഒരേസമയം ലളിതവും അതേസമയം സങ്കീര്‍ണവുമായിരുന്നു. എന്താണ് വാര്‍ത്ത ഉണ്ടാക്കുന്നതെന്നും ഉണ്ടാക്കാതിരിക്കുന്നതെന്നും ഉള്ളത് കല്ലില്‍ കൊത്തിയ സ്വഭാവത്തോടെ ഉള്ളതായിരുന്നു എന്നതിനാലാണ് അത് ലളിതമാകുന്നത്. എന്നാല്‍ പക്ഷപാതത്തിന്റെ ഒരു അടിയൊഴുക്ക് അതിനുണ്ടായിരുന്നു. അതിന്റെ അടിസ്ഥാന വ്യക്തിത്വങ്ങള്‍ക്ക് ഉണ്ടായിരുന്ന പോലെയുള്ള പക്ഷപാതിത്വം, അത് പറയപ്പെടാത്ത ഒരു കണ്ണാടി മേല്‍ക്കൂരയായി പ്രവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ, എന്‍ഡിടിവിയില്‍ രണ്ട് തരത്തിലുള്ള ജീവനക്കാരുണ്ടായിരുന്നു. ‘മഹാന്മാരായി’ ജനിച്ച ഒരു കൂട്ടരും അങ്ങനെ ആകാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടരും. ആദ്യത്തെ കൂട്ടര്‍ എപ്പോഴും പ്രതീക്ഷയ്ക്കും മുന്നിലായിരിക്കും. രണ്ടാത്തെ കൂട്ടര്‍ പ്രതീക്ഷയ്ക്ക് ഒരു പടി പിന്നിലും. യോഗ്യത കണക്കിലെടുക്കപ്പെട്ടു പക്ഷെ അത് യോഗ്യതയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. വാര്‍ത്താമുറിയെ മുന്നോട്ട് നയിച്ചിരുന്നത് ഈ ചെറു ചെപ്പടിവിദ്യയായിരുന്നു. നിയന്ത്രണസ്ഥാനങ്ങളില്‍ എത്തിയ ചിലരെങ്കിലും അവിടെ എത്താന്‍ അര്‍ഹരായിരുന്നില്ല എന്നത് ഒരു രഹസ്യമേ അല്ലായിരുന്നു എന്നതാണ് എന്‍ഡിടിവിയുടെ ഏറ്റവും വലിയ പാളിച്ചയും. ആളുകളെയും ജീവനക്കാരെയും അത് പെട്ടെന്നും എക്കാലത്തേക്കും കള്ളികളിലും ചതുരങ്ങളിലുമാക്കി.

ഇന്ന് അമ്മക്കപ്പല്‍ വിഷമവൃത്തത്തിലാവുമ്പോള്‍ ഒരു കാര്യം കൂടുതല്‍ വ്യക്തമാകുന്നു. ഒരു സ്ഥാപനം സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടാണ്. അതിലും പ്രയാസമാണ് അത് നടത്തിക്കൊണ്ടുപോകാന്‍. ഇതിഹാസമായ രാമായണത്തില്‍ എങ്ങനെയാണ് ആളുകള്‍ മരിക്കുതെന്ന് ഒരിക്കല്‍ ലക്ഷ്മണനോട് ചോദിക്കുന്നുണ്ട്? ആളുകള്‍ അഭേദ്യരാണ്, പക്ഷെ, അവരുടെ പ്രവൃത്തിമൂലമാണ് അവര്‍ മരിക്കുന്നത് എന്നായിരുന്നു ലക്ഷ്മണന്റെ മറുപടി.

അമ്മക്കപ്പലിന്റെ ഇന്നത്തെ സാഹചര്യത്തില്‍, ലളിതമെന്ന് തോന്നാവുന്ന ഈ ഉത്തരത്തിന് കൂടുതല്‍ മൂല്യം വന്നുചേരുന്നു.

നിങ്ങളെ നിശബ്ദരാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഒരു സര്‍ക്കാര്‍ പറയുകയാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍