UPDATES

പ്രവാസം

ഖരാഫി കമ്പനി വിടേണ്ടിവന്ന തൊഴിലാളികൾക്ക് 56,000 രൂപ നഷ്ടപരിഹാരം

കുവൈത്തിന്റെ മാനവവിഭവ അധികാരികൾക്ക് 1600 പരാതികളാണ് ലഭിച്ചിരുന്നത്.

സാമ്പത്തികത്തകർച്ചയെ തുടർന്ന് പൂട്ടേണ്ടി വന്ന ഖരാഫി നാഷണൽ കമ്പനി വിട്ട ഇന്ത്യൻ തൊഴിലാളികൾക്ക് 250 കുവൈത്തി ദിനാർ വീതം നഷ്ടപരിഹാരം ലഭിക്കും. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 56,000 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുക. ഏകദേശം എഴുന്നൂറ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ അറിയിച്ചു.

കമ്പനി പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട തൊഴിലാളികളിലധികം പേരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. ഏതാണ്ട് 3600 ഇന്ത്യാക്കാർ ഇതെത്തുടർന്ന് പതിനെട്ട് മാസത്തോളം കുവൈത്തിൽ കുടുങ്ങുകയുണ്ടായി. 2017ലായിരുന്നു ഇത്. വിഷയം വാർത്തയായതോടെ വിദേശകാര്യമന്ത്രാലയം സഹമന്ത്രിയെ അയച്ചാണ് പ്രശ്നപരിഹാരം കണ്ടത്. ഭക്ഷണവും വെള്ളവും പോലും കിട്ടാതെ വലയുകയായിരുന്നു തൊഴിലാളികൾ.

ശമ്പളം കിട്ടിയില്ലെന്ന പരാതി നൽകിയതിനു ശേഷം രാജ്യം വിട്ട 710 ഇന്ത്യൻ തൊഴിലാളികൾക്കാണ് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ പണം ലഭിക്കുന്നതിന് കൊറിയർ വഴി പവർ ഓഫ് അറ്റോര്‍ണി നൽകുന്ന കത്തയയ്ക്കുകയാണ് വേണ്ടത്. സ്വയം അറ്റസ്റ്റ് ചെയ്ത പാസ്പോർട്ടിന്റെ മുൻ പേജും അവസാനപേജുകളും കൂടെ വെക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങളുള്ള പാസ്ബുക്കിന്റെ ആദ്യത്തെ പേജും സ്വയം അറ്റസ്റ്റ് ചെയ്ത് വെക്കണം. ഇതിൽ പണമയയ്ക്കാൻ വേണ്ട എല്ലാ വിവരങ്ങളും ആവശ്യമാണ്. ആളുടെ പേരും ഉണ്ടായിരിക്കണം.

ഇമെയിൽ, ഫാക്സ് എന്നിവ സ്വീകാര്യമല്ല. പവർ ഓഫ് അറ്റോർണി ഇന്ത്യൻ എംബസ്സി വെബ്സൈറ്റിൽ കിട്ടും. ഇതിലെ ഇംഗ്ലീഷ് ഭാഗങ്ങളാണ് പൂരിപ്പിക്കേണ്ടത്.

കുവൈത്തിന്റെ മാനവവിഭവ അധികാരികൾക്ക് 1600 പരാതികളാണ് ലഭിച്ചിരുന്നത്. ഇവ പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇന്ത്യൻ എംബസ്സിയാണ് എല്ലാവരുടെയും യാത്രാച്ചെലവുകൾ വഹിച്ചത്.

ഇതേ കാലയളവിൽ കമ്പനി വിട്ട മറ്റുള്ളവർക്കും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് പേര്, സിവിൽ ഐഡി നമ്പർ, പ്രോജക്ട് നമ്പർ, കുവൈത്ത് വിട്ട ഡേറ്റ് എന്നീ വിവരങ്ങൾ വെച്ച് അപേക്ഷ നൽകാവുന്നതാണ്.

കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയായ ഖരാഫി നാഷണൽ കൺസ്ട്രക്ഷനിൽ ചില ഉടമസ്ഥതാ തർക്കങ്ങൾ വന്നതോടെയാണ് ഭാഗികമായ അടച്ചിടലിന് വഴിയൊരുങ്ങിയത്. ഇതോടെ കമ്പനിയിലെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍