UPDATES

ട്രെന്‍ഡിങ്ങ്

‘കാര്‍ത്തിയെ കാണാനും അയാളെ സഹായിക്കാനും പറഞ്ഞു’, ചിദംബരത്തെ കുടുക്കിയത് മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

ഇന്ദ്രാണി മുഖര്‍ജിയെ കേസില്‍ മാ്പ്പ് സാക്ഷിയാക്കിയിരുന്നു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17-ന് ഐഎന്‍എക്‌സ് മീഡിയ ഉടമയായ ഇന്ദ്രാണി മുഖര്‍ജി നല്‍കിയ മൊഴിയാണ് മുന്‍ അഭ്യന്തര, ധനമന്ത്രി പി. ചിദംബരത്തെ കുടുക്കാന്‍ സര്‍ക്കാറും അന്വേഷണ സംഘവും ഉപയോഗിച്ചത്.

ഇന്ദ്രാണി മുഖര്‍ജിയും പിറ്റര്‍ മുഖര്‍ജിയും ആരംഭിച്ച ഐഎന്‍എക്‌സ് മീഡിയയില്‍ മൗറീഷ്യസ് ആസ്ഥാനമായ കമ്പനികള്‍ വിവാദ നിക്ഷേപം നടത്തിയെന്ന പരാതി ഉയര്‍ന്നിരുന്നു. 4.63 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി മറികടന്നായിരുന്നു 305 കോടി രൂപയുടെ നിക്ഷേപം ഐഎന്‍എക്‌സ് മീഡിയ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടു എന്നാണ് ഇന്ദ്രാണി മുഖര്‍ജി പറയുന്നത്.

ധനമന്ത്രിയുടെ ഓഫീസില്‍ 2006-ലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കിടയിലാണ് ചിദംബരം തന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കാണാനും അദ്ദേഹത്തിന് ബിസിനസ്സില്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതെന്നാണ് ഇന്ദ്രാണി മുഖര്‍ജി അവകാശപ്പെട്ടത്.

പിന്നീട് ഡല്‍ഹിയിലെ ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് കാർത്തി ചിദംബരത്തെ കണ്ടത്. അവിടെ വെച്ചാണ് അദ്ദേഹം പത്ത് ലക്ഷം ഡോളര്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്നും ഇന്ദ്രാണി മുഖര്‍ജി സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ അവകാശപ്പെട്ടു. ഇതേതുടര്‍ന്നാണ് കാര്‍ത്തി ചിദംബരത്തിന്റെ കമ്പനികളുടെ പേരില്‍ പണം നല്‍കിയതെന്നാണ് ഇവരുടെ അവകാശ വാദം.

കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കംപ്യൂട്ടറില്‍നിന്നാണ് ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. കേസില്‍ കഴിഞ്ഞവര്‍ഷം കാര്‍ത്തി ചിദംബരം അറസ്റ്റിലായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം കോടതി ഇന്ദ്രാണി മുഖര്‍ജിയെ മാപ്പു സാക്ഷിയാക്കുകയായിരുന്നു.

മകളെ കൊലപെടുത്തിയ കേസില്‍ ഇപ്പോള്‍ മുംബൈയിലെ ബൈകുള്ള ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി. മകള്‍ ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഐഎന്‍എക്‌സ് മീഡിയയുടെ സഹ സ്ഥാപകനുമായ പീറ്റര്‍ മുഖര്‍ജിയും ജയിലിലാണ്. ഇന്ദ്രാണിക്ക് നേരത്തെയുണ്ടായിരുന്ന ബന്ധത്തിലുള്ള കുട്ടിയായിരുന്നു ബോറ.

രണ്ട് ദിവസം മുമ്പാണ് മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസില്‍ ഇതുവരെ പി. ചിദംബരത്തിനെതിരെ കുറ്റപത്രം നല്‍കിയിരുന്നില്ല. വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റീസ് സുനില്‍ ഗൗര്‍, കേസിലെ മുഖ്യ സുത്രധാരന്‍ എന്നാണ് പി. ചിദംബരത്തെ വിശേഷിപ്പിച്ചത്.

Also Read: ഇന്ദ്രാണി മുഖര്‍ജിയും റിലയന്‍സും അഴിഞ്ഞു വീഴുന്ന കോര്‍പറേറ്റ് മുഖംമൂടിയും

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള INX Media Pvt Ltd എന്ന സ്ഥാപനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡി (FIPB)ന്റെ അനുമതി ലഭിക്കുന്നതില്‍ കുറ്റകരമായ രീതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നതുമായി ബന്ധപ്പെട്ട് 2017 മെയില്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലടക്കം 14 ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിരുന്നു.

ഈ കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ അനുസരിച്ച് കാര്‍ത്തി ചിദംബരത്തിനും അദ്ദേഹത്തിന്റെ Chess Management Services (P) Ltd എന്ന കമ്പനിക്കും എതിരെയുള്ള കുറ്റങ്ങള്‍ ഇവയാണ്.

1. വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ INX Media, കാര്‍ത്തി ചിദംബരവുമായി 2007-ല്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി. FIPB-യ്ക്ക് 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് മാത്രമേ അനുമതി നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ എങ്കിലും INX 305 കോടി രൂപ വിദേശ നിക്ഷേപത്തിലൂടെ സ്വീകരിക്കുകയായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരം തന്റെ പിതാവാണ് എന്ന പിന്‍ബലത്തിലാണ് കാര്‍ത്തി ഇതില്‍ ഇടപെട്ടതെന്ന് സി.ബി.ഐ ആരോപിക്കുന്നു.

2. INX എന്ന കമ്പനിയോട് FIPB-യുടെ അനുമതി ലഭിക്കുന്നതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കാര്‍ത്തി നിര്‍ദേശിച്ചു എന്ന് സി.ബി.ഐ ആരോപിക്കുന്നു. ഇതിനായി FIPB-യിലെ ചില ഉദ്യോഗസ്ഥരേയും ധനകാര്യ വകുപ്പിനേയും കാര്‍ത്തി സ്വാധീനിക്കുകയും തുടര്‍ന്ന് കമ്പനി പുതിയ അപേക്ഷ നല്‍കി അതിനകം തന്നെ കമ്പനിയില്‍ എത്തിക്കഴിഞ്ഞിരുന്ന 305 കോടി രൂപയുടെ നിക്ഷേപത്തിന് FIPB പുതിയ അനുമതി വാങ്ങിയെടുക്കുകയും ചെയ്തു.

Azhimukham Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

3. കാര്‍ത്തി ചിദംബരം മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ 10 ലക്ഷം രൂപ INX-ല്‍ നിന്ന് കൈപ്പറ്റിയെന്ന് സി.ബി.ഐ ആരോപിക്കുന്നു. ചിദംബരത്തിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള Advantage Strategic Consulting എന്ന കമ്പനി വഴിയാണ് ഇതെന്നാണ് സി.ബി.ഐ പറയുന്നത്. ചിദംബരത്തിന് ഇക്കാര്യത്തിലുള്ള പങ്ക് മറച്ചു വയ്ക്കുന്നതിനാണ് ഈ നടപടിയെന്നും സി.ബി.ഐ പറയുന്നു.

4. ചിദംബരത്തിന് നേരിട്ടോ അല്ലാതെയോ ബിസിനസ് താത്പര്യങ്ങളുള്ള കമ്പനികളുടെ പേരില്‍ മൂന്നര കോടി രൂപ INX Media നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു.

Also Read: ഇടതനായി തുടങ്ങി, കോര്‍പ്പറേറ്റുകളുടെയും അതിശക്ത ഭരണകൂടത്തിന്റെയും വക്താവായി, ഒടുവില്‍ അറസ്റ്റിലായ പളനിയപ്പന്‍ ചിദംബരത്തിന്റെ ജീവിതമിങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍